ആലപ്പുഴ : ജില്ലയിൽ 25000 ഹെക്ടറിൽ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ കളക്ട്...
ആലപ്പുഴ: ജില്ലയിൽ 25000 ഹെക്ടറിൽ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ. പ്രേംകുമാറാണ് ഇക്കാര്യം അറിയിച്ചത്. 2017-18 ലെ പുഞ്ചകൃഷിക്കായി തയാറാക്കിയ കാർഷിക കലണ്ടർ പ്രകാരം 4,500 ഹെക്ടർ കായൽ നിലങ്ങളിൽ ഒക്ടോബർ 15നും കുട്ടനാട്ടിൽ 14,500 ഹെക്ടറിൽ നവംബർ ഒന്നിനും 1,700 ഹെക്ടർ കരിനിലങ്ങളിൽ 15നും അപ്പർ കുട്ടനാട്ടിലെ 4,300 ഹെക്ടറിൽ ഡിസംബർ ഒന്നിനും വിത ആരംഭിക്കും. 2500 മെട്രിക് ടൺ നെൽവിത്ത് സർക്കാർ എജൻസികളായ കെ.എസ്.എസ്.ഡി.എ., എൻ.എസ്.സി. എന്നിവ മുഖേന തയാറാക്കിയിട്ടുണ്ട്. പാടശേഖരാടിസ്ഥാനത്തിൽ കൃഷിഭവൻ വഴി വിത്ത് കർഷകർക്ക് ലഭ്യമാക്കും. ഊർജ്ജിത നെൽകൃഷി വികസന പദ്ധതി പ്രകാരം കർഷകർക്ക് ഹെക്ടറിന് 1500 രൂപയും 75 ശതമാനം സബ്സിഡി നിരക്കിൽ നീറ്റുകക്കയും ഹെക്ടറിന് 1000 രൂപ നിരക്കിൽ ഉൽപ്പാദക ബോണസും സൗജന്യ നിരക്കിൽ വൈദ്യുതിയും നൽകും. രാസവളങ്ങൾ ഡി.ബി.റ്റി സോഫ്റ്റ്വെയറിലൂടെ അംഗീകൃത ഡീലർമാർ മുഖേന കർഷകർക്ക് നേരിട്ട് നൽകും. ഓരുജല ഭീഷണി നേരിടുന്ന പ്രദേശങ്ങിൽ ഓരുമുട്ടുകൾ സ്ഥാപിക്കുന്നതിനുളള നടപടികൾ ചെറുകിട ജലസേചന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അന്ധകാരനഴിയിലെ ഓരുമുട്ടു നിർമാണം പൂർത്തീകരിച്ചു. മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ പ്രദേശങ്ങളിലെ പുഞ്ച കൃഷി നേരിടുന്ന ജലസേചന സംവിധാനത്തിലെ അപാകതകളും പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് കൃഷി, കനാൽ, ജലസേചന വകുപ്പുകളും കാർഷിക എൻജിനീയറിങ് വിഭാഗവും ചർച്ച ചെയ്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കുട്ടനാട്ടിൽ നിലം ഒരുക്കൽ പൂർണ്ണമായും കൊയ്ത്ത് 95 ശതമാനവും യന്ത്രവൽകൃതമായതിനാൽ പ്രൈവറ്റ് ഓപ്പറേറ്റർമാരേയും നിയോഗിക്കും. വിത, നടീൽ, കളപറിക്കൽ എന്നിവയും യന്ത്രവൽക്കുന്നതിന് നടപടി സ്വീകരിക്കും. കെയ്ക്കോയിലുള്ള പ്രവർത്തനക്ഷമമായ കൊയ്ത്ത് യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കുന്ന പാടശേഖരങ്ങൾക്ക് കൈമാറുന്നതു സംബന്ധിച്ച് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. കൊയ്തെടുക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിന്റെ വില മൂന്നു ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുന്നതിന് സർക്കാർ നേരിട്ട് ബാങ്കുകളുമായി ധാരണയായിട്ടുണ്ട്. ബാങ്കുകളില്ലാത്ത പ്രദേശങ്ങളിലെ തുക വിതരണത്തിന് പാഡി ഓഫീസറും സിവിൽ സപ്ലൈസ് വകുപ്പുദ്യോഗസ്ഥരും ചേർന്ന് നടപടിയെടുക്കും. പ്രകൃതിക്ഷോഭം മൂലം വിള നശിക്കുന്നവർക്ക് ഹെക്ടറിന് 35,000 രൂപ നിരക്കിൽ ധനസഹായവും ഇൻഷ്വുറൻസ് പരിരക്ഷയും ഉറപ്പുവരുത്തും. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ എൻ. സുകുമാര പിള്ള, ഡോ. കെ.ജി. പത്മകുമാർ, പാടശേഖര സമിതി ഭാരവാഹികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ പങ്കെടുത്തു.
COMMENTS