ആലപ്പുഴ : ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ ചേർത്തല താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്ത് സേവനസ്പർശത്തിൽ ലഭിച്ച 453 പരാതികളിൽ 7...
ആലപ്പുഴ: ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ ചേർത്തല താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്ത് സേവനസ്പർശത്തിൽ ലഭിച്ച 453 പരാതികളിൽ 78 എണ്ണം തീർപ്പാക്കി. ബാക്കി പരാതികൾ അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർക്ക് കളക്ടർ കൈമാറി. ചേർത്തല എസ്.എൻ.എം.ജി.എച്ച് എസ്.എസ.് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് ആരംഭിച്ച അദാലത്തിൽ നേരത്തേ ലഭിച്ച പരാതികൾക്കു പുറമേ പുതിയ പരാതികൾക്കും ജില്ലാ കളക്ടർ തീർപ്പുണ്ടാക്കി. അഞ്ചു വർഷം മുൻപ് തിരുപ്പതിയിൽ നിന്നുള്ള ട്രെയിനിൽ യാത്രക്കിടയിൽ കാണാതായ മുപ്പത്തിയഞ്ചുകാരനായ മകനെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന പരാതിയുമായി അമ്മ ചേർത്തല മുനിസിപ്പാലിറ്റി 13-ാം വാർഡ് ഇടനാട്ട് വീട്ടിലെ ചന്ദ്രിക അദാലത്തിലെത്തി. അമ്മയും മകനും കൂടിയുള്ള യാത്രയിൽ സേലത്ത് വച്ചാണ് കാണാതായത്. സേലം പോലീസ് സ്റ്റേഷനിലും എറണാകുളം റെയിൽവെ പോലീസിനും പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അമ്മയുടെ പരാതി. അന്വേഷണം സംബന്ധിച്ച ഒരു വിവരവും പോലീസ് അറിയിച്ചിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം അടിയന്തരമായി നടത്തി റിപ്പോർട്ടു നൽകണമെന്ന് ചേർത്തല ഡിവൈ.എസ്.പി. യ്ക്ക് കളക്ടർ നിർദ്ദേശം നൽകി. സിവിൽസ്റ്റേഷനിലെ ലിഫ്റ്റ് കേടയതിനാൽ മൂന്നാം നിലയിലെ സ്റ്റേറ്റ് ടാക്സ് ഓഫീസിലെത്താൻ ബുദ്ധിമുട്ടുന്നതായി ഭിന്നശേഷിക്കാരനായ ജീവനക്കാരൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. ലിഫ്റ്റ് കേടായ ദിവസം തന്നെ വിവരം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി തഹസിൽദാർ കളക്റ്ററെ അറിയിച്ചു. ലിഫ്റ്റിന്റെ കേടുപാടുകൾ തീർത്ത് എത്രയും പെട്ടെന്ന് പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. മന്ത്രി പി. തിലോത്തമന്റെ എം.എൽ.എ. ഫണ്ടിൽ നിന്നും മുഹമ്മ പള്ളിക്കുന്ന് സിക്സസ് ക്ലബ്ബിന് വോളിബോൾ കോർട്ടിൽ ഫ്ളഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 1.50 ലക്ഷം രൂപ ഒന്നര വർഷം കഴിഞ്ഞിട്ടും വിനിയോഗിച്ചിട്ടില്ലെന്ന് ക്ലബ്ബ് സെക്രട്ടറി വിജീഷ് കുമാർ പരാതി നൽകി. ഫയലിൽ നടപടി വേഗത്തിൽ സ്വീകരിക്കാൻ എ.ഡി.സി. ജനറലിലെ കളക്ടർ ചുമതലപ്പെടുത്തി. ചേർത്തല നഗരത്തിൽ ട്രാഫിക് നിയമം കർശനമായി പാലിക്കാൻ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുള്ള പൊതുപരാതിയും അദാലത്തിൽ ലഭിച്ചു. ട്രാൻസ്പോർട്ട് സ്റ്റാൻഡിനു സമീപം തണ്ണീർമുക്കം റോഡിന് ഇരുവശത്തും അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതുമൂലം അപടങ്ങൾ പതിവാകുന്നതായി വേളോർവട്ടം ശശികുമാർ നൽകിയ പരാതി നേരിട്ടന്വേഷിക്കാൻ ഡിവൈ.എസ്.പിയ്ക്ക് കളക്ടർ നിർദ്ദേശം നൽകി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 156, പഞ്ചായത്ത /മുനിസിപ്പാലിറ്റി 161, കെ.എസ്.ഇ.ബി - 4, കെ.എസ്.ആർ.ടി.സി-2, ആർ.ടി.ഒ 3, സപ്ലൈഓഫീസ്-16, ബാങ്ക് വായ്പ 17, ഭൂമിയിനം മാറ്റുന്നതിന് 12, തൊഴിൽ-17 എന്നിങ്ങനെ അപേക്ഷകൾ ലഭിച്ചു. മറ്റ് ഓഫീസുകളുമായി ബന്ധപ്പെട്ടതായിരുന്നു 42 അപേക്ഷകൾ. ശാരീരിക അവശതയുള്ള അപേക്ഷകരിൽനിന്ന് ജില്ലാ കളക്ടർ വേദിക്കു വെളിയിലെത്തി നേരിട്ട് അപേക്ഷ സ്വീകരിച്ച് വിവരങ്ങൾ ആരാഞ്ഞു. ചേർത്തല താലൂക്ക് ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി അപേക്ഷ പൂരിപ്പിച്ചു നൽകുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. പി.എം. മുഹമ്മദ് ഷെരീഫ്, റ്റി.വി. ജോൺ, ആർ. ഉഷ, തങ്കച്ചൻ തോട്ടങ്കര എന്നിവർ നേതൃത്വം നൽകി. സബ്ബ് കളക്ടർ വി.ആർ.കെ. തേജ മൈലവരപ്പു, എ.ഡി.എം. ഐ അബ്ദുൾ സലാം, പുഞ്ച സ്പെഷ്യൽ ഓഫീസർ മോൻസി അലക്സാണ്ടർ, ഡെപ്യൂട്ടി കളക്ടർമാരായ പി.എസ്. സ്വർണ്ണമ്മ, വി.എം. വേണുഗോപാൽ, തഹസിൽദാർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു
COMMENTS