കലാമണ്ഡലം ശ്രീദേവി മോഹനൻെറ ശിഷ്യരായ 101 നൃത്തവിദ്യാർത്ഥികൾ ചേർന്ന് മോഹിനിയാട്ട നൃത്തോപാസന "മോഹിനിനൃത്യതി" ആറന്മുള പാർത്ഥസാരഥി...
കലാമണ്ഡലം ശ്രീദേവി മോഹനൻെറ ശിഷ്യരായ 101 നൃത്തവിദ്യാർത്ഥികൾ ചേർന്ന് മോഹിനിയാട്ട നൃത്തോപാസന "മോഹിനിനൃത്യതി" ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വെച്ച് പന്ത്രണ്ട് കളഭമഴ ഉത്സവത്തോട് അനുബന്ധിച്ചു അവതരിപ്പിച്ചു.പമ്പയുടെ തീരത്തു ക്ഷേത്രപരിസരത്ത് നടന്ന കലാവിരുന്ന് കാണാൻ അനേകം ആളുകൾ എത്തിയിരുന്നു.
പരമ്പരാഗത ശിവപാർവതി സ്തുതിയോടെയാണ് കലാമണ്ഡലം ശൈലിയിലുള്ള നൃത്തം തുടങ്ങിയത് . പരേതനായ കാവാലം നാരായണപ്പണിക്കരുടെ നാടോടി ഗാനമായ "കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ " എന്ന ഗാനം സദസ്സിനെ കോരിത്തരിപ്പിച്ചു.
ചിലങ്ക നൃത്തസംഗീത വിദ്യാലയത്തിൽ ഗുരു കലാമണ്ഡലം ശ്രീദേവി മോഹനൻെറ ശിക്ഷണത്തിൽ ഏഴു വർഷം പഠിച്ച വിദ്യാർത്ഥികളാണ് നൃത്തം അവതരിപ്പിച്ചത് .മോഹിനിയാട്ടം നാല് ഇനങ്ങളിൽ ചൊൽക്കെട്ട്, അജിതാഹരേജയ, കറുകറെ കാർമുകിൽ, തില്ലാന എന്നീ ഇനങ്ങളിലായിരുന്നു അടവുകൾക്കും നൃത്തത്തിനും പ്രാധാന്യം നൽകിയുള്ള മോഹിനിയാട്ടം അരങ്ങിലെത്തിയത്. ശിവപാർവതി സ്തുതികളിൽ ഗാനവും വന്ദനചടങ്ങോടെ ചൊൽക്കെട്ടും നടന്നു.
പിന്നണിയിൽ നട്ടുവാങ്കം കലാമണ്ഡലം ശ്രീദേവി മോഹനനും വോക്കൽ നീലംപേരൂർ സുരേഷ്കുമാറും മൃദംഗം അരവിന്ദ് എസ് മോഹനനും ഇടയ്ക്ക കെ.ആർ. മോഹനകുമാറും വീണ സൗന്ദർരാജും പുല്ലാങ്കുഴൽ വിനോദ് ചന്ദ്രമേനോനും നിർവഹിച്ചു.
COMMENTS