ഈ ചെക്ക് ഒരു ഉത്തരമാണ്. ഞാൻ പോലീസുകാരിയായി ജോലി ചെയ്യുന്ന കാലം.1995 ൽ വയനാട്ടിലെ തിരുനെല്ലി അപ്പപാറ ചാരായ ഷാപ്പിനെതിരെ പ്രദേശ വാസികളുട...
ഈ ചെക്ക് ഒരു ഉത്തരമാണ്.
ഞാൻ പോലീസുകാരിയായി ജോലി ചെയ്യുന്ന കാലം.1995 ൽ വയനാട്ടിലെ തിരുനെല്ലി അപ്പപാറ ചാരായ ഷാപ്പിനെതിരെ പ്രദേശ വാസികളുടെ ആഴ്ചകൾ നീണ്ടു നിന്ന സമരം. സമരക്കാരെ അറസ്റ്റു ചെയ്യണമെന്ന സമരക്കാരുടെ ആവശ്യ പ്രകാരം മേലുദ്യോഗസ്ഥരുടെ നിയമാനുസൃതമായ ഉത്തരവിൻ പ്രകാരം ഞാനുൾപ്പെടെയുള്ള പോലീസുകാർ സമരക്കാരെ അറസ്റ്റു ചെയ്യുന്നു.
അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടാൻ പോലീസ് തയ്യാറായെങ്കിലും കോടതിയിൽ ഹാജരാക്കണമെന്ന സമരക്കാരുടെ ആവശ്യം പോലീസ് അംഗീകരിക്കുന്നു.
ജില്ലാ പോലീസ് സൂപ്രണ്ട് മുതലുള്ള മേലുദ്യോഗസ്ഥരുടെ അറിവോടും ഉത്തരവോടും നടന്ന നിയമ നടപടിക്കൊടുവിൽ ഭാര്യയും ഭർത്താവും പോലീസുകാരായതിനാൽ മാത്രം ഇരയായ് തീർന്ന ഒരു കദന കഥയുടെ പര്യവസാനം '
അറസ്റ്റു ചെയ്ത 120 അംഗങ്ങളിൽ 14 പേർ മൈനർമാരായിരുന്നു. 7 ആണും 7 പെണ്ണും. മേജറായ എല്ലാവർക്കും മാനന്തവാടി കോടതി ജാമ്യം അനുവദിച്ചു '.ശേഷിച്ച 14 കുട്ടികളെ കല്പറ്റ C J M കോടതിയിൽ ഹാജരാക്കാൻ JFCM കോടതി നിർദ്ദേശിച്ചു.2 ദിവസത്തെ തുടർച്ചയായ duty യിൽ മനം മടുത്ത പോലീസുകാർ ആ 14 കുട്ടികളുടെ ചുമതല ഭാര്യാഭർത്താക്കന്മാരായ ഞങ്ങളുടെ [ എന്റെയും, ഭർത്താവ് മോഹൻദാസിന്റേയും ] തലയിൽ കെട്ടിയേല്പിച്ച് സ്ഥലം വിട്ടു. പിറ്റേന്ന് കുട്ടികളെ അനധികൃതമായി അറസ്റ്റു ചെയ്തു പീഡിപ്പിച്ചു തുടങ്ങിയ നിറം പിടിപ്പിച്ച മാധ്യമ കഥകളിൽ വകുപ്പുതല അന്വേഷണ ഫലമായി ഞങ്ങൾ സസ്പെന്റു ചെയ്യപ്പെട്ടു.
എന്നേയും കുടുംബത്തേയും അവഹേളിച്ച് നിറം പിടിപ്പിച്ച കഥകൾ വന്നു. വീട്ടിലും നാട്ടിലും സഹപ്രവർത്തകർക്കിടയിലും ഞങ്ങൾ ഒറ്റപ്പെട്ടു. പരിഹാസ പാത്രങ്ങളായി.കാലം മുറിവുകൾ ഉണക്കി .ഞങ്ങൾ സമ്മതരായി.
അന്ന് 1995 ൽ എന്നെയും കുടുംബത്തേയും അവഹേളിച്ച ആ പത്രത്തിനെതിരെ ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.നീണ്ട 22 വർഷത്തെ നിയമ പോരാട്ടം. അവസാനം പത്രം എന്റെ മുന്നിൽ മുട്ടുമടക്കി .എന്നെയും കുടുംബത്തേയും അവഹേളിച്ചതിന് പത്രം നഷ്ടപരിഹാരം നല്കണമെന്ന് കേരളത്തിന്റെ പരമോന്നത നീതിപീഠവും വിധിച്ചു. അപ്പീൽ പോയിട്ടും കാര്യമില്ലെന്ന് ബോധ്യമായ പത്രം എനിക്ക് നഷ്ടപരിഹാരം നല്കി.
ഞാനും കുടുംബവും അനുഭവിച്ച ഞങ്ങളെ പരിഹസിച്ച നാട്ടുകാർക്കും വീട്ടുകാർക്കും സഹപ്രവർത്തകർക്കുമുള്ള ഉത്തരമാണ് ഈ ചെക്ക്.
എഴുതിയത് : ശ്രീമതി വിനയ, കേരള പോലീസ് സർവീസ്
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS