⬤ അശോക് കർത്താ ജൈവകൃഷി ഒരു കൃഷിരീതിയേയല്ല. വ്യാവസായിക കൃഷിയുടെ (Agri business) വേറൊരു ബ്രാൻഡാണു. അതിലെന്താണു ഇത്ര ജൈവമുള്ളത്? രാസവളമ...
⬤ അശോക് കർത്താ
ജൈവകൃഷി ഒരു കൃഷിരീതിയേയല്ല. വ്യാവസായിക കൃഷിയുടെ (Agri business) വേറൊരു ബ്രാൻഡാണു. അതിലെന്താണു ഇത്ര ജൈവമുള്ളത്? രാസവളമിട്ടാലും, കീടനാശിനി തളിച്ചാലും ചെടിയുടെ വളർച്ച‘ജൈവം’തന്നെയല്ലെ? ജൈവമായല്ലാതെ ഒരു ചെടിക്കും വളരാനാവില്ല. എന്നിട്ടും ഇന്നു പ്രചരിപ്പിക്കുന്ന ബ്രാൻഡഡ് കൃഷിക്ക് ‘ജൈവം’ എന്നു ഊന്നൽ നൽകുന്ന ഒരു പറ്റിക്കൽ പരിപാടിയാണു.
പ്രാദേശിക കാർഷിക കലണ്ടറുകൾക്കനുസരിച്ചു ചുറ്റുപാടിൽ ലഭ്യമായ സസ്യപരിരക്ഷാ മാർഗ്ഗങ്ങളിലൂടെ നടന്നിരുന്ന കൃഷിരീതി നമുക്കുണ്ടായിരുന്നു. അശാസ്ത്രീയമാണെന്നും ആവശ്യത്തിനു അന്നമുൽപ്പാദിപ്പിക്കാൻ അതുവഴി കഴിയില്ലെന്നും വാദിച്ച് ഡോ.സ്വാമിനാഥനെപ്പോലുള്ളവർ അതിന്റെ ശവമടക്കി. രാസവളവും, കീടനാശിനിയും, നിയന്ത്രിതവിത്തീടിലുമൊക്കെയായി സയന്റിഫിക് എന്നു പറഞ്ഞ് അവർ അവതരിപ്പിച്ച കൃഷിരീതിയാണു ഇപ്പോൾ ജൈവം കൊണ്ട് നിഷേധിക്കുന്നത്. സയൻസിനു അധികം ആയുസില്ലല്ലോ. 50കൊല്ലം കൊണ്ട് ആ ‘ബഡാ സയൻസ്’ പോയി!
സയന്റിസ്റ്റുകൾ അവതരിപ്പിച്ചത് അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ രാസവള-വിത്തു-കീടനാശിനി അജണ്ടയായിരുന്നു. ആരോഗ്യരംഗത്തു സംഭവിച്ചപോലെ തന്നെ പെട്രോളിയം-കെമിക്കൽ ഇൻഡസ്ട്രിയുടെ വികാസത്തിനായി കൃഷിയേയും കൂട്ടിച്ചേർത്തു. ആദ്യകാലത്തു കുറേഫലം കണ്ടെങ്കിലും പിന്നെയതു അസ്തമിക്കാൻ തുടങ്ങി. കാലം മുന്നോട്ടുപോകെ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതും മണ്ണു ഊഷരമാകുന്നതും തിരിച്ചറിഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ. അതോടെ സയന്റിസ്റ്റുകൾ പ്ലേറ്റ് തിരിച്ചുവച്ചു.
ഈയൊരു പശ്ചാത്തലത്തിലാണു ജൈവമെന്ന ബ്രാൻഡു മാർക്കറ്റ് കീഴടക്കാനെത്തുന്നത്. അതു പുതിയൊരു വ്യവസായമാണു. ജൈവവളം, ജൈവകീടനാശിനി തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടതങ്ങനെയാണു. മാർക്കറ്റുചെയ്യാൻ ടെക്കികളും, സിനിമാനടന്മാരുമൊക്കെ രംഗത്തിറങ്ങിയതോടെ അതിനു സെലിബ്രിറ്റി സ്റ്റാറ്റസും കിട്ടി. കച്ചവടം കൊഴുത്തു. ജനം പതിവുപോലെ ഊ...ഞ്ഞാലാടി.
വലിയൊരു പാടശേഖരത്തിന്റെ നടുക്കു നാലോ, പത്തോ ഏക്കർ ജൈവകൃഷി നടത്തിയാൽ കിട്ടുന്നവിളവ് ജൈവമാണെന്നു എന്താണുറപ്പു? മറ്റുപാടങ്ങളിൽ വളമിടുമ്പോൾ ഒരു മഴകഴിഞ്ഞാൽ അതിലൊരംശം ജൈവപാടത്തുമെത്തില്ലെ? കീടനാശിനി തളിച്ചാൽ കാറ്റ് അവയെ ജൈവസസ്യങ്ങളിൽ എത്തിക്കില്ലെ? പിന്നെന്തോന്നു ജൈവകൃഷി?
അടിസ്ഥാനപരമായി ഇതൊരു തട്ടിപ്പാണു. അതുകൊണ്ടാണ് സെലിബ്രിറ്റികളൊക്കെ ചാടിവീഴുന്നത്. ലാഭം കിട്ടാൻ എന്താണു പുതിയവഴി എന്നതാണു അവരുടെ ലാക്ക്. വളവും കീടനാശിനിയും ശാസ്ത്രീയകൃഷിയുടെ മറ്റ് പാരാഫെർണേലിയാകളും ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായി എന്തുണ്ടാകണം? പ്രോഡക്റ്റിന്റെ വിലകുറയണം. എന്നാൽ ജൈവോൽപ്പന്നങ്ങൾക്കു കൂടുതൽ വിലയീടാക്കുന്നതുകാണാം. കൃഷിച്ചെലവ് കുറഞ്ഞിട്ടും കൂടുതൽ വിലയീടാക്കുകയാണെങ്കിൽ അതിലൊരു തട്ടിപ്പുണ്ട്. അത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ആശ്രയദോഷമുണ്ടാകും. പറ്റിച്ച് ലാഭമുണ്ടാക്കുക എന്ന ജൈവവ്യവസായിയുടെ മനസിന്റെ ഒരംശം നമ്മളിലേക്കും പ്രവേശിക്കും. ശാസ്ത്രിയകൃഷിയിൽ കീടനാശിനിയാണു കേറുന്നതെങ്കിൽ നമുക്കത് തിരിച്ചറിയാം. സയന്റിഫിക്ക് ടെസ്റ്റുകളൊക്കെയുണ്ട്. എന്നാൽ മനസ് അതിസൂക്ഷ്മമാണു. പെട്ടെന്നൊന്നും അറിയില്ല. അതാണു ജൈവന്മാരുടെ മിടുക്ക്! ജൈവോൽപ്പന്നങ്ങളെ ആശ്രയിച്ച് ശരീരമായിത്തീരുന്ന ‘പറ്റിക്കൽ’ വലിയവിപത്താകും. രോഗങ്ങൾ ഇനിയും കൂടും.
മുൻപ് ചെയ്തിരുന്ന സാധാരണാകൃഷിയല്ല ജൈവന്മാർ പ്രമോട്ട്ചെയ്യുന്നതെന്നു തിരിച്ചറിയണം. അങ്ങനെയുള്ള കൃഷിക്കു ഇന്നു ഒരു സാദ്ധ്യതയുമില്ല. മനുഷ്യൻ മാറി. കൃഷി ഒരു സ്വഭാവമോ സംസ്കാരമോ അല്ല ഭൂരിപക്ഷത്തിനും. വീണ്ടും അങ്ങനെ മാറുന്ന ഒരു കാലത്തു കൃഷിചെയ്യാൻ തുടങ്ങുമ്പോഴാണു അതു ജൈവമാവുക. അപ്പോൾ എല്ലാ കൃഷിയിടങ്ങളും ഒരുപോലെയിരിക്കും. കൃഷിരീതികളും ഒന്നായിരിക്കും. ഉല്പന്നങ്ങൾ പ്രകൃതിയുടെ സത്ഫലങ്ങളായിത്തീരുകയും ചെയ്യും. ആ കാലം വന്നെത്താനായി പ്രാർത്ഥിച്ചാൽ നമുക്കു ശേഷമുള്ള തലമുറയെങ്കിലും രക്ഷപ്പെടും.
COMMENTS