$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeപങ്കെടുക്കുന്ന ഓരോ കുട്ടിക്കും നീതി ലഭിക്കാൻ സ്‌കൂൾ കലോത്സവനടത്തിപ്പിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യം

ലേഖകൻ : കെ.ആർ. മോഹൻകുമാർ.  2017 മാർച്ച് 4ന് വിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ച അഭിപ്രായങ്ങൾ കലാസ്നേഹികളുമായി പങ്കുവയ്ക്കുന്നു  ജനമനസ്സു...


ലേഖകൻ : കെ.ആർ. മോഹൻകുമാർ. 

2017 മാർച്ച് 4ന് വിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ച അഭിപ്രായങ്ങൾ കലാസ്നേഹികളുമായി പങ്കുവയ്ക്കുന്നു 

ജനമനസ്സുകളിൽ അമൃതസമാനമായ ആനന്ദം പ്രദാനം ചെയ്യുന്ന കലകൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട കടമ ധാർമ്മികബോധമുള്ള ഏതൊരു കലാകാരൻെറയും , കലാസ്വാദകൻെറയുമാണ്. എന്നാൽ ഈ 'കലാമേള' ഇന്ന് ശരിക്കും  ഒരു ആധിപത്യത്തിനായുള്ള പടവെട്ടലായ കലാ"മാമാങ്ക"മായി അധഃപതിച്ചിരിക്കുന്നു.ഇതോടെ എല്ലാവർക്കും തുല്യനീതി എന്നത് നഷ്ടമായി.അതിനാൽ ഇപ്പോൾ നടത്തിവരുന്ന കലോത്സവസമ്പ്രദായത്തിന് കാലോചിതമായി സമൂലമായ അഴിച്ചുപണി അനിവാര്യമാണ്.അപചയകാര്യങ്ങളെ ശരിയാംവണ്ണംവിലയിരുത്താതെ വിധികർത്താക്കളെയും ,ഗുരുക്കന്മാരെയും ,രക്ഷിതാക്കളെയും ,സംഘാടകരെയും പഴി പറഞ്ഞിട്ട് കാര്യമില്ല.കുട്ടികളിൽ കടുത്ത മാനസികസമ്മർദ്ദവും , മനുഷ്യാവകാശ - ബാലാവകാശ ,  ധ്വംസനവുമാണ്  ഇന്നത്തെ കലാമേളകളിൽ നടമാടുന്നത്. അതായത് അപചയങ്ങൾക്ക് കാരണമായ കാര്യങ്ങളെക്കുറിച്ചു ആർക്കും വ്യക്തമായി അറിയില്ല എന്നതിനാലാണ് തുടക്കം മുതൽ ഈ വർഷം വരെ നടന്ന "കലാമേളകൾ" "കലാപമേളകൾ" ആകാൻ കാരണം.എന്ത് കൊണ്ട് ഇനി കലാമേളകൾക്ക് മാറ്റം വരുത്തണം അല്ലെങ്കിൽ കുറഞ്ഞപക്ഷം കലാമേളകൾ എന്തിനായിരിക്കണം എന്ന് ഈ വൈകിയ വേളയിലെങ്കിലും എല്ലാവരും വിചിന്തിനത്തിന് തയ്യാറാകണം.

നീതിയുടെ പ്രതിരൂപമായി മാറേണ്ട കലാമേളകൾ ഇന്ന് അനീതിയുടെ പ്രതിരൂപമായി മാറിയിരിക്കുന്നു.സത്യസന്ധരായ വിധികർത്താക്കളുടെയും ,സംഘാടകരുടേയും ലഭ്യത ഇനി ഒരിക്കലും അവകാശപ്പെടാൻ സാധിക്കില്ല എന്നാണ് ഇന്നത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.കലയുടെ പരിമിതികളെയും , ചിട്ടകളെയും ,ഏതൊക്കെ കാര്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാം , ചെയ്യരുത് എന്നീ കാര്യങ്ങളെ കുറിച്ചു സംഘാടകർക്കും - സംഘാടനത്തെക്കുറിച്ച്‌ കലാകാരന്മാർക്കും കൃത്യമായ അറിവ് ഇല്ലാത്തതാണ് യഥാർത്ഥകാരണം.സത്യസന്ധരായ വിധികർത്താക്കളെക്കിട്ടാതെ സത്യസന്ധരായ സംഘാടകരും ,സത്യസന്ധരായ സംഘാടകരില്ലാതെ വിധികർത്താക്കളും ,നീതി ലഭിക്കാതെ കുട്ടികളും ഓരോ വേദികളും വലയുകയാണ്.ഇതിനൊരു ശാശ്വതപരിഹാരം ഇന്നത്തെ നിലയിൽ സാധ്യമല്ല എന്ന് നിസംശയം പറയാം.കാരണം ,കലകളെല്ലാം നിശ്ചിതമായ മാനദണ്ഡങ്ങളിലധിഷ്ഠിതമായാണ് നിലകൊള്ളുന്നത്.എന്നിരുന്നാലും ,അത് ഇപ്പോൾ കേൾക്കുന്ന - കാണുന്നവരുടെ അറിവിൻ്റെയും , അപ്പോഴത്തേ മാനസിക നിലയേയും ആസ്പദമാക്കിയാണ് ഓരോരുത്തർക്കും അനുഭവവേദ്യമാകുന്നത്.ഇതേ അവതരണം ഇതേ ജഡ്ജ് കുറച്ചു സമയത്തിന് ശേഷം കേൾക്കുകയോ - കാണുകയോ ചെയ്യുമ്പോൾ മറ്റൊരു രീതിയിൽ മാത്രമായിരിക്കും അനുഭവവേദ്യമാകുന്നത്.അതായത് പരീക്ഷ എഴുതിയ പേപ്പർ നോക്കി മാർക്കിടുന്ന രീതി പോലെ അത്ര എളുപ്പത്തിലും , നീതിയുക്തമായും നടത്താൻ സാധിക്കില്ല.ഈ സാങ്കേതികപ്രശ്നം കലോത്സവങ്ങളുടെ ആദ്യകാലം മുതൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചു വരുന്നു .ഇന്നുവരെയും നടന്ന ഒരു കലോത്സവവേദിയും ഇതിൽ നിന്നും മുക്തമല്ല.ഈ മൂല്യച്യുതിക്ക് അനവധി കാരണങ്ങളുണ്ട്.

"കലാവേദി" കലാപവേദി"യാകുന്ന ഈ പ്രതിസന്ധി തരണം ചെയ്യാൻ എല്ലാവരുടെയും സത്യസന്ധവും ,വിശാലമനസ്കതയോടെയുമുള്ള പിന്തുണ ആവശ്യമാണ്. കലകളുടെ കേദാരമായ കേരളത്തിന് അഭിമാനവും അതേ സമയം അപമാനകാരവുമായ അവസ്ഥയിൽ എത്തി നിൽക്കുന്നു ഇന്നത്തെ എല്ലാ കലോത്സവങ്ങളും , പ്രത്യേകിച്ചും സ്‌കൂൾകലോത്സവം.എല്ലാ കാര്യത്തിലും സംഭവിക്കുന്നത് പോലെ മൂല്യച്യുതി ഈ രംഗത്തും അവാച്യമായ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന് നേരിട്ടും ,മാധ്യമങ്ങളിലൂടെയും നമ്മൾ അനുഭവിച്ചറിയുന്നു.

കലോത്സവമാന്വവൽ പരിഷ്കരിക്കുന്നതിന് ഇത്രയും കാലത്തുള്ള അനുഭവപരിചയത്തിൽ തോന്നിയ ചില അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു.സാധിക്കുമെങ്കിൽ ഇത് കൂടി പരിഗണിച്ചേ മാന്വവൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. ഇക്കാര്യങ്ങൾ ശരിയാണെന്ന് തോന്നുന്നുവെങ്കിൽ ഒരു വിദഗ്ദ്ധസമിതിയെ കാര്യങ്ങൾ വിശകലനം ചെയ്യാൻ ഏല്പിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ കാര്യങ്ങൾ ശരിയാം വണ്ണം പര്യവസാനിക്കില്ല എന്നത് തീർച്ചയാണ്.കാരണം ഒരു മികച്ച കലാകാരന് തൻ്റെ കലയിൽ അവഗാഹം ഉണ്ടായിരിക്കും എന്നാൽ ഒരു മികച്ച സംഘാടകൻെറ അനുഭവപരിചയം കാണില്ല.അത് പോലെ ഒരു മികച്ച സംഘാടകന് എല്ലാ കലകളുടെയും മർമ്മം അറിഞ്ഞു പ്രവർത്തിക്കാനും കഴിയില്ല.അഭ്യുദയകാംക്ഷികൾ ധാരാളമുണ്ടെങ്കിലും ആർക്കും കാര്യക്ഷമമായ ഒരു പദ്ധതി നിർദ്ദേശിക്കാനാവുന്നില്ല.താഴെപ്പറയുന്ന കാര്യങ്ങൾ  ഒരു കലാസ്‌നേഹിയുടെ അഭിപ്രായങ്ങൾ മാത്രമാണ്.

വൈവിധ്യമാർന്ന കലകളിൽ ഏതൊന്നിലും അവഗാഹം ഉണ്ടാവാൻ ഉദാത്തനായ ഒരു ഗുരുവിൻെറ കീഴിലുള്ള അഭ്യസനവും ,ഒരു ആയുഷ്കാലം നീളുന്ന തപസ്യയും ആവശ്യമാണ്.കലകളുടെ ശാസ്ത്ര സത്യങ്ങൾ  അറിയുന്ന എത്ര ഗുരുക്കന്മാർ ഓരോ രംഗത്തും ഇന്ന് നമുക്കുണ്ട്.അഥവാ ഉണ്ടെങ്കിൽ എത്രപേർ സ്വജനപക്ഷപാതികൾ അല്ലാത്തവരായി ഉണ്ടായിരിക്കും?അതുകൂടാതെ ഒരേ മാനദണ്ഡങ്ങൾ വളച്ചൊടിച്ച് സാമർത്ഥ്യമുള്ളവർക്ക് എങ്ങിനേയും വിധി പറയാം.എന്നതിനാൽ ഒരുകാലത്തും കലകളിൽ സത്യസന്ധമായ വിധിനിർണ്ണയം സാധ്യമല്ല.  

എല്ലാരംഗത്തെ വിധികര്‍ത്താക്കള്‍ക്കും അവരുടെ കലാരംഗത്തെയും മറ്റുകലാരംഗത്തെയും ശരാശരി അദ്ധ്യാപരെയും, വിദ്യാര്‍ത്ഥികളെയും നേരിട്ടും നവമാധ്യമങ്ങള്‍ മുഖേനയും നന്നായി അറിയാം. അറിയാത്തവര്‍ക്ക് മല്‍സരാര്‍ത്ഥിയെ വിധികര്‍ത്താക്കളെ പരിചയപ്പെടുത്താന്‍ കാലില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും, പ്രത്യേക നിറത്തിലുള്ള അരപ്പട്ട കെട്ടിയും, മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും അടയാളങ്ങള്‍ നല്‍കി വേദികളില്‍ ലൈവായി പരിചയപ്പെടുത്തുന്ന പുതിയ പുതിയ ആശയങ്ങള്‍ ഓരോ വേദികളിലും ചിലര്‍ പരീക്ഷിച്ചുവരുന്നു. ഇത് ഒന്നുപോലും പാളിപ്പോകാറില്ല എന്നത് ശ്രദ്ധേയവുമാണ്.

സ്കൂള്‍, സബ്ജില്ലാ, റവന്യൂജില്ല, സംസ്ഥാനതലങ്ങളില്‍ നടക്കുന്ന വിധിനിര്‍ണ്ണയം സ്കൂള്‍തലത്തില്‍തന്നെ പാളിപ്പോകുന്നു എന്നതാണ് സത്യം. സ്വജനപക്ഷപാതികളായ, യാതൊരു കലാബോധവും ഇല്ലാത്ത ചില സ്കൂള്‍ അധികൃതരാണ് ഇവിടെ വില്ലന്മാരാകുന്നത്. അവര്‍ക്ക് മിക്കവര്‍ക്കും വ്യക്തിഗത ഇനങ്ങളേക്കാള്‍ സംഘഇനങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. അതെന്തെന്നാല്‍, പലപ്പോഴും ഗ്രൂപ്പ് ഇനങ്ങള്‍ പഠിപ്പിക്കുന്നതിന് സ്കൂള്‍ അധികൃതരാണ് നേതൃത്വംകൊടുക്കുന്നത്, വ്യക്തിഗത ഇനങ്ങള്‍ രക്ഷിതാക്കളും. നല്ലൊരുശതമാനം സ്കൂളുകളും ഓരോ കുട്ടിയോടും കണക്കില്ലാതെ പണം പിരിച്ചാണ് ഗ്രൂപ്പ് ഇനങ്ങള്‍ പഠിപ്പിച്ച് അവതരിപ്പിക്കുന്നത്. ഇങ്ങിനെ വ്യക്തിഗത ഇനങ്ങളില്‍ അവസരം നിഷേധിക്കപ്പെട്ട് സ്കൂള്‍ അധികൃതരെ പ്പേടിച്ച് താല്‍പര്യമില്ലാത്ത ഇനങ്ങളില്‍ പ്പോലും പങ്കെടുക്കേണ്ടി വരുന്ന പാവം കുട്ടികളുടെ ഗതികേട് പറഞ്ഞറിയിക്കാവുന്നതല്ല.

വിവിധതലങ്ങില്‍ നടക്കുന്ന വിധിനിര്‍ണ്ണയം മിക്കവാറും ചില ജഡ്ജസ്-സംഘാടക ലോബികളില്‍ നിക്ഷിപ്തമായിരിക്കും. എന്തെന്നാല്‍ തൊട്ടടുത്ത റവന്യൂജില്ലകളിലും, സംസ്ഥാനതലത്തിലും ജഡ്ജസായി വരുന്നവര്‍ക്കിടയില്‍ ദൃഢമായ കൂട്ടുകെട്ടുണ്ട്. ഇതാണ് അവരുടെ വിജയം. ഇതില്‍ മുന്‍പില്‍ നില്‍ക്കുന്നവരില്‍, "സി.ഡി" പക്കമേളമായതു മുതല്‍ രൂപം കൊണ്ട ചില സി.ഡി ഗുരുക്കന്മാരുമുണ്ട് . ഇവരില്‍ പലര്‍ക്കും പ്രതിനിധീകരിക്കുന്ന കലാരംഗവുമായി യാതൊരു മുന്‍പരിചയവും ഇല്ല എന്നതാണ് സത്യം. പലപ്പോഴും ഇവരുടെ 'ലൈസന്‍സില്ലാത്ത വാക്സാമര്‍ത്ഥ്യത്തിന്മുന്‍പില്‍ സ്വാത്വികരായ കലാകാരന്മാര്‍ക്ക് പിടിച്ച്നില്‍ക്കാനാവില്ല. ആയതിനാല്‍ പ്രതിഭാധനന്മാരായ ഗുരുക്കന്മാര്‍ക്ക് പലപ്പോഴും കലോല്‍സവരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടിവരുന്നു. ഇത് സി.ഡി ഗുരുക്കന്മാര്‍ക്ക് എന്തും ചെയ്യാനുള്ള ശക്തി നേടാന്‍ സഹായിച്ചു. മിക്കവാറും പക്കമേളം ലൈവായതിനാല്‍ യൂണിവേഴ്സിറ്റി കലോല്‍സവവേദികളില്‍ സി.ഡി ഗുരുക്കന്മാരുടെ വിളയാട്ടം കാര്യമായി നടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇവിടെ പലപ്പോഴും സംഘാടകരാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഏറ്റവും കുടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന നൃത്ത ഇനങ്ങളിലാണ് സി.ഡി ഗുരുക്കന്മാര്‍ കൂടുതലുള്ളത്. സി.ഡി ഗുരുക്കന്മാര്‍ രണ്ടും, മൂന്നും ജില്ലകള്‍ക്കപ്പുറം കടന്നും അല്ലാതെയും, "കലാമണ്ഡലം" പോലെ പേരുള്ള സ്ഥാപനങ്ങളില്‍ നിന്ന് "പഠിച്ചിറങ്ങിയവര്‍" എന്ന് മേനി പറഞ്ഞ് 'ജഡ്ജും, മുഖ്യജഡ്ജു'മാരുമായും പരിലസിക്കുന്നു. പലപ്പോഴും ഇവര്‍ പഠിപ്പിക്കുന്നത് മുന്‍വര്‍ഷങ്ങളിലെ കലാമേളകളുടെ വീഡിയോ സി.ഡി നോക്കിയുമാണ്. ഇക്കൂട്ടര്‍ക്ക് ഒരു നൃത്ത ഇനം പോലും സ്റ്റേജിലവതരിപ്പിക്കാന്‍ പ്രാപ്തിയില്ല എന്നതാണ് വസ്തുത. ചില പ്രഗത്ഭ കലാകാരന്മാരുടെ അപരന്മാരും ജഡ്ജായി വിരാജിക്കുന്നു എന്നത് ഈ രംഗത്തെ അനീതിയുടെയും മുല്യച്യുതിയുടെയും ഉത്തമ ഉദാഹരണമായിക്കരുതാം.

കലോല്‍സവവേദികളില്‍ കേരളത്തിനു വെളിയില്‍ നിന്ന് ചിലര്‍ വിധികര്‍ത്താക്കളായി വരുന്നുണ്ട്, അവര്‍ക്കും പല മുഖ്യധാരാ ഗുരുക്കന്മാര്‍ക്കുമിടയില്‍ ഗാഢമായ ബന്ധമാണുള്ളത്. താഴെത്തട്ടിലെ കലോല്‍സവങ്ങളില്‍ ജഡ്ജസായി വരുന്നവരില്‍ ചിലര്‍ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ, പോലെയു ള്ള സ്ഥലങ്ങളിലെ സര്‍വ്വകലാശാലകളില്‍ നിന്ന് വിദൂരകലാപഠനകോഴ്സില്‍ പണമടച്ച് അഡ്മിഷനെടുക്കുന്നു. അങ്ങിനെ ചേര്‍ന്ന രേഖയോ, ചില സ്ഥാപനങ്ങള്‍ നടത്തുന്ന മൂന്നോ, ഏഴോ, പത്തോ ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്തതിന്‍റെ സാക്ഷ്യപത്രമോ, ഏതെങ്കിലും ഒരു ഗുരുവിന്‍റെ സര്‍ട്ടിഫിക്കേറ്റോ കാണിച്ചാണ് തടിതപ്പുന്നത്. പലപ്പോഴും ഇതൊന്നും അവശ്യമായി വരാറില്ല എന്നതാണ് ഖേദകരം. ചില സംഘാടകര്‍ക്ക് ഇങ്ങനെയുള്ള ജഡ്ജുമാരോടാണ് താല്‍പര്യം. കാരണം അധികം പണം നല്‍കാതെ തന്നെ എന്നാ വിഷയവും കൈകാര്യം ചെയ്യുന്ന "സകലകലാവല്ലഭനായ" വിധി കര്‍ത്താവിനെ കിട്ടുന്നു. അതുകൊണ്ട് രണ്ടുകാര്യങ്ങളുണ്ട്. ഒന്ന്, തനിക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാം, ഒന്നാംസ്ഥാനത്തെത്തിക്കാം അല്ലെങ്കില്‍ ഒന്നാം സ്ഥാനം പങ്കിടാം. രണ്ടാമത് ആയതു കൊണ്ടുണ്ടാകുന്ന തര്‍ക്കപരിഹാരത്തിനായി ലഭിക്കുന്ന അപ്പീലുകളുടെ സാമ്പത്തീകലാഭം. എന്തെന്നാല്‍ ഈ തുക എന്ത് ചെയ്യുന്നു എന്ന് ആര്‍ക്കും അറിയില്ല. അപ്പീല്‍ തുക വര്‍ദ്ധിപ്പിച്ചത് കൊണ്ട് പരാതി കുറഞ്ഞതായി ചിലര്‍ സമര്‍ത്ഥിക്കുന്നത് കളവാണ്. എന്നാല്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കുന്ന "അര്‍ഹരായവരുടെ എണ്ണം" വളരെയധികം കുറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയവുമാണ്.

പലപ്പോഴും ഓരോ തലത്തിലുമുള്ള കലോല്‍സവം കഴിയുമ്പോള്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും എല്ലാവരും മറക്കുകയും അടുത്ത തലങ്ങളിലെ മല്‍സരങ്ങള്‍ക്കായി ദിവസം വളരെ അടുത്തു വന്നതില്‍ അതില്‍ ക്കയറിക്കൂടാനുള്ള ബദ്ധപ്പാടിലുമായിരിക്കും. ഇങ്ങിനെ അപ്പീലുകളില്‍ നീതി ലഭിക്കാത്തവര്‍ പരമോന്നത നീതിപീഠം പോലെയുള്ള അടുത്ത പിടിവള്ളി തേടിപ്പോകുന്നു. ഭാഗ്യമുള്ള കുട്ടിക്ക് നീതി ലഭിക്കുന്നു, അടുത്ത തല മല്‍സരങ്ങള്‍ക്കായി അവസരം ലഭിക്കുന്നവര്‍ സംതൃപ്തരാകുന്നു, ഭാഗ്യം തുണച്ചില്ലെങ്കില്‍ ആ ഇനത്തില്‍ക്കൂടി കുറച്ച് പണം കൂടി കളയാം എന്നു മാത്രം. അങ്ങിനെ "ആകലാപരിപാടി" അടുത്ത തലത്തിലേക്ക് കടക്കുന്നു. ഇത് ചിലപ്പോള്‍ സ്കൂള്‍ മുതല്‍ സംസ്ഥാനതലം വരെ തന്‍റെ മകള്‍ക്കോ, മകനോ വേണ്ടി രക്ഷിതാക്കള്‍ക്ക് നേരിടേണ്ടിവരാറുണ്ട്.ഇപ്പോഴത്തെ രീതിയനുസരിച്ച് കലാമേളകള്‍ സ്കൂള്‍തലം കൊണ്ട് നിര്‍ത്താവുന്നതാണ്. ഒന്നാം സ്ഥാനക്കാര്‍ ഇല്ലാത്തതിനാല്‍ എ ഗ്രേഡ് കൊടുക്കപ്പെടുന്ന അതേ കുട്ടി അതേ എഗ്രേഡ് സ്ഥിരീകരിക്കാനായിമാത്രം, ഒരാവശ്യവുമില്ലാതെ (വരുന്ന 2 തലങ്ങള്‍ കടന്നുകൂടാനായാല്‍) സംസ്ഥാനത്തിന് വടക്കേയറ്റത്തോ, തെക്കേയറ്റത്തോ സംഘടിപ്പിക്കുന്ന മേളകളില്‍പോയി  യാതനഅനുഭവിച്ച് സ്കൂളിനും, ജില്ലയ്ക്കും പോയിന്‍റു നേടാന്‍ വേണ്ടി മാത്രം എന്ന പോലെ വേദിയില്‍ കലാവതരണം നടത്തി തിരിച്ചുവരുന്നു. ഭാഗ്യമുണ്ടെങ്കില്‍ കിട്ടിയ'എ'ഗ്രേഡ് 'ബി'യോ, 'സി'യിലേക്കോ തരംതാഴ്ത്തപ്പെടലിന് വിധേയരായി, മാനസികമായി പീഡിപ്പിക്കപ്പെട്ടാനും സാധിക്കും. പലപ്പോഴും ഈ കലാമേളകള്‍ ശരിക്കും പ്രയോജനപ്പെടുത്തി കീശ വീര്‍പ്പിക്കുന്ന ചിലര്‍ക്ക് ഒരിക്കലും നേരിട്ട് ചീത്തകേള്‍ക്കേണ്ടിവരുന്നില്ല. ശരിക്കും, വിധികര്‍ത്താക്കളോടൊപ്പം മറ്റുള്ള സംഘാടകരേയും നോട്ടപ്പുള്ളികള്‍ ആക്കേണ്ടതാണ്. അത് ഒരിക്കലും നടക്കാനിടയില്ല. ഈ കലാമേളകള്‍ക്ക് ഇങ്ങിനെ പറഞ്ഞാല്‍ത്തീരാത്ത അത്രയുംബൃഹത്തായ ഗ്രന്ഥരചനയ്ക്കുള്ള കഥകളുണ്ട് പറയാന്‍.

ഇപ്പോഴുള്ള സ്കൂള്‍കലോല്‍സവം നീതിപൂര്‍വ്വവും, സൗഹാര്‍ദ്ദപരവും ആകുന്നതിന് അവതരണം സ്കൂള്‍തലം മാത്രമാക്കി അവസാനിപ്പിക്കുക. കാരണം സ്പോര്‍ട്സ്പോലെ ഓടിയോ, ചാടിയോ മുന്നിലെത്തി വിജയം കൈവരിക്കാന്‍ സാധിക്കുന്നതല്ല നമ്മുടെകലകള്‍. അതിനുപകരം സബ്ജില്ല, റവന്യൂജില്ലാതല മല്‍സരങ്ങള്‍ക്കായി ചിലവാകുമായിരുന്ന തുക, അര്‍ഹരായ കുട്ടികള്‍ക്ക് കലകള്‍ പഠിക്കുന്നതിന് സ്കോളര്‍ഷിപ്പായി നല്‍കി കൂടുതല്‍ പ്രതിഭകളുടെ കലാഭിരുചി പ്രോല്‍സാഹിപ്പിക്കുകയും, ഗ്രേസ്മാര്‍ക്ക് നല്‍കുകയും ചെയ്യുന്നതല്ലേ അഭികാമ്യം? ഈ മേള കുട്ടികള്‍ക്കായുള്ളതാണെങ്കില്‍ സംസ്ഥാനതലങ്ങളില്‍ പരീക്ഷ നടത്തുന്നതു പോലെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഓരോ സ്കൂളിലും വച്ച് തന്നെ അവതരണം നടത്തി, സര്‍ക്കാര്‍ സാങ്കേതികസ്ഥാപനങ്ങളേക്കൊണ്ട് അതിന്‍റെ (ഒരേ നിലവാരമുള്ള) വീഡിയോറക്കോര്‍ഡ്ചെയ്ത്, ജില്ലാതലത്തില്‍ സത്യസന്ധരായജഡ്ജസിനെക്കാണിച്ച് ഗ്രേഡ്മാര്‍ക്കിടുക. ഇതു തന്നെ ഒന്നിച്ചിരുന്ന് കാണിക്കാതെ സീക്രട്ട്കോഡ് നല്‍കി വ്യത്യസ്തമായമോനിട്ടറില്‍ക്കാണിച്ച് മാര്‍ക്കും, ഗ്രേഡും രേഖപ്പെടുത്തി നല്‍കുക. ഇതുതന്നെ സത്യസ്ന്ധമാക്കി നടത്താന്‍ ചില വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കൂടി ആവശ്യമാണ്.

സ്കൂള്‍പാഠ്യപദ്ധതി നടപ്പാക്കുന്നതു പോലെ കലാമേളകള്‍ക്ക് ഒരു സുതാര്യമായ പദ്ധതി അനുപേക്ഷണിയമാണ്. കൂടാതെ ഇനിയെങ്കിലും ഈ കലാമേളയില്‍ നിശ്ചയമായും നമ്മുടെ കലകളുടെയെല്ലാം അടിസ്ഥാനമായ, ഗോത്ര, നാടന്‍, ആയോധന കലകള്‍ കൂടി ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടാക്കണം. ഓരോ ജില്ലയിലും എല്ലാ കലാവിഷയങ്ങളിലും വിധികര്‍ത്താക്കളുടെ രണ്ട് ജഡ്ജിംഗ് പാനല്‍വീതം സംഘടിപ്പിക്കുക. ഈ പാനലിന് കഴിയുമെങ്കില്‍ രണ്ട്വര്‍ഷത്തില്‍ക്കുറയാത്ത പ്രാധിനിധ്യംകൂടി നല്‍കിയാല്‍ ഓരോ വര്‍ഷവും സംഘാടനത്തിന് കാലതാമസം ഉണ്ടാവുന്നത് ഒഴിവാക്കാം.

ആദ്യം തന്നെ കലോല്‍സവ മാന്വലിലെ കാലഹരണപ്പെട്ട മാനദണ്ഡങ്ങള്‍ക്ക്  കാലോചിതമായ രീതിയില്‍ മാറ്റംവരുത്തുക. ഇതിനായി എല്ലാ കലോല്‍സവഇനങ്ങളിലെയും മികച്ച കലാകാരന്മാരെ ഉള്‍പ്പെടുത്തി ഒരു കോര്‍കമ്മറ്റിയും, ഒരു സബ്കമ്മറ്റിയും രൂപീകരിച്ചിട്ട് വേണം ഈ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍. എന്നിട്ട് 9, 10, 11, 12ലും പഠിക്കുന്നവര്‍ക്കും 4 മുതല്‍ 8 തരത്തില്‍ പഠിക്കുന്നവര്‍ക്കും സ്കൂള്‍തലത്തില്‍ വെവ്വേറെ കലോല്‍സവമായി ഈ കലാമേള നടത്തുന്നത് നന്നായിരിക്കും. ആവശ്യമെങ്കില്‍ 4 മുതല്‍ 8 തരത്തില്‍ പഠിക്കുന്നവര്‍ക്ക് റവന്യൂ ജില്ലാതലത്തില്‍ (സബ്ജില്ല വേണ്ട) വിധിനിര്‍ണ്ണയം ഇല്ലാതെ ബാലകലോല്‍സവവും നടത്താവുന്നതുമാണ്.

എല്ലാ മല്‍സരഇനങ്ങള്‍ക്കും പ്രഗത്ഭരുടെ രണ്ട് ജഡ്ജിംഗ് പാനല്‍വീതം 14 ജില്ലകളിലും തിരഞ്ഞെടുത്ത് സ്കൂള്‍തലത്തില്‍ നടക്കുന്ന കലാവതരണം വീഡിയോചെയ്ത് കേന്ദ്രീകൃതമായി മൂല്യനിര്‍ണ്ണയം നടത്തി വിധി നിര്‍ണ്ണയിക്കുന്നത് (ഗ്രേഡ് നല്‍കല്‍) കാര്യങ്ങള്‍ സുതാര്യമാക്കും. ഇതില്‍ ലഭിക്കുന്ന ഗ്രേഡ്, സ്കൂള്‍തലത്തില്‍ കലാമല്‍സരത്തില്‍ പങ്കെടുത്ത അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ഗ്രേസ്മാര്‍ക്കായി നല്‍കുന്നത് നീതിപൂര്‍വ്വകമാകും. 10ലും, 11ലും, 12ലും സ്കൂള്‍തലത്തില്‍ എല്ലാവിഭാഗങ്ങളിലും നടക്കുന്ന വ്യക്തിഗത മല്‍സരത്തില്‍ "എ ഗ്രേഡ് ലഭിക്കുന്ന കുട്ടികളില്‍ നിന്ന് മാത്രം" ഏകജാലക സംവിധാനത്തിലൂടെ റവന്യൂജില്ലാ തലങ്ങളില്‍ നിന്ന് മൂന്ന്‌ കുട്ടികളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ (വിധിനിര്‍ണ്ണയം ഇല്ലാതെ) കലാമേള മാത്രമായി നടത്തണം. ഒരേ വിഷയത്തില്‍ 14 റവന്യൂ ജില്ലകളില്‍ നിന്ന് 14 കുട്ടികളെ വീതം, ഒന്നേിച്ച് ഒരേ വേദിയില്‍ ഒരേ ഇനം തന്നെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുക. അങ്ങിനെ ഒരു വിഷയത്തില്‍ മൂന്ന് ഇനങ്ങള്‍ അവതരിപ്പിക്കാന്‍ റവന്യൂജില്ലകളില്‍ നിന്നുള്ള വ്യക്തിഗതഇനങ്ങളില്‍ മൂന്ന് കുട്ടികള്‍ക്കും, സംഘഇനങ്ങളില്‍ മൂന്ന്സംഘങ്ങള്‍ക്കും അവസരം നല്‍കുക.  ഇങ്ങിനെ ചെയ്യുമ്പോള്‍ 14 റവന്യൂജില്ലകളില്‍നിന്ന് ഒരുവര്‍ഷം മൂന്ന് കുട്ടികള്‍ വീതം വ്യക്തിഗത ഇനങ്ങളില്‍മാത്രം ആകെ 42 കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംഘഇനങ്ങളില്‍ അതിലെ അംഗങ്ങളുടെ എണ്ണത്തെആസ്പദമാക്കി മറ്റു കുട്ടികള്‍ക്കും അവസരം ലഭിക്കും. ഇവരുടെ കലാമികവിന്‍റെ മൂല്യനിര്‍ണ്ണയം സ്കൂള്‍തല മല്‍സരങ്ങളില്‍ നടന്നതിനാല്‍ സംസ്ഥാനതലത്തില്‍ ഇത് ഉല്‍സവംപോലെ നടത്തപ്പെടുന്ന കലാപരിപാടികള്‍ കണ്ട് 'വിലയിരുത്തുന്നത്' പ്രേക്ഷകരാണ്. 'വിധിനിര്‍ണ്ണയം' വേണ്ടി വരുന്നില്ലയെന്നതാണ് ശ്രദ്ധേയം.

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി സാധ്യമായ എല്ലാ മല്‍സരഇനങ്ങള്‍ക്കും സര്‍ക്കാര്‍ നേരിട്ട് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ - കുറഞ്ഞത് 50 വര്‍ഷത്തിനു മേല്‍ പ്രചാരത്തിലുള്ള ഇനങ്ങള്‍ മാത്രം - വീഡിയോ തയ്യാറാക്കി നല്‍കുക. പരമാവധി വിഷയങ്ങളില്‍ ട്രഡീഷണല്‍ ഇനങ്ങള്‍മാത്രമേ അവതരിപ്പിക്കാന്‍ അനുവദിക്കാവൂ. ഓരോവിഷയത്തിലും മൂന്ന് ഇനങ്ങള്‍ ട്രഡീഷണലായി കോറിയോഗ്രാഫ് ചെയ്തവയുടെ വീഡിയോ നേരിട്ടോ, യൂറ്റ്യൂബ് പോലെയുള്ള മാധ്യമങ്ങള്‍ മുഖേനയോ പഠിക്കുന്നതിനായി നല്‍കുക. അവയുടെ ഓഡിയോ സി.ഡികള്‍ മാത്രം പക്കമേളമായി ഉപയോഗിക്കുക. മല്‍സരവും അമിത ചിലവുകളും ഒഴിവാകുമെന്നതിനാല്‍ പങ്കെടുക്കുന്നവര്‍ കുറയില്ല. ഇനങ്ങള്‍ മൂന്നും പങ്കെടുക്കാനുള്ള കുട്ടികള്‍ നല്ലൊരു ഗുരുനാഥന്‍മുഖേന പഠിക്കുക. പ്രകടനസമയം ലോട്ടിട്ട് കിട്ടുന്ന ഇനം തന്നെ കുട്ടികള്‍ അവതരിപ്പിക്കുക. ഓരോ സിംഗിള്‍ അല്ലെങ്കില്‍ ഗ്രൂപ്പ്ഇനങ്ങളിലും ഒരുകുട്ടി കുറഞ്ഞത് മൂന്ന് എറ്റൈം പഠിക്കുകയും പ്രകടനസമയത്ത് ലോട്ടിട്ട് കിട്ടുന്ന ഇനം തന്നെ അവതരിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുക. ഇങ്ങിനെ ചെയ്താല്‍ ചിലര്‍ പുതിയതായി ആശയങ്ങള്‍ അവതരിപ്പിച്ചു എന്ന് കാണിച്ച് എല്ലാവരുടെയും കണ്ണില്‍പ്പൊടിയിടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാവും. ഇതിലൂടെ വലിയൊരു അഴിമതിയുടെ മേഖല ഒഴിവാക്കാനും സാധിക്കും. ഇപ്പോഴുള്ള സാധ്യമായ എല്ലാ സിംഗിള്‍ ഇനങ്ങളിലും ഗ്രുപ്പ് എറ്റൈംകൂടി അവതരിപ്പിക്കണം. ഈ ലേഖനം നീണ്ടുപോകുമെന്നതിനാല്‍ ചില ഗ്രൂപ്പ് ഇനങ്ങള്‍, നാടകം, രചനാമല്‍സരങ്ങള്‍, വെസ്റ്റേണ്‍ ഇനങ്ങള്‍പോലെയുള്ള ചിലയിനങ്ങള്‍ക്കും അവയുടെ സാങ്കേതികത ആസ്പദമാക്കി മാര്‍ഗ്ഗനിര്‍ദ്ദേശം പറയുവാനുള്ളത് ഒഴിവാക്കുന്നു.

ഒരുകുട്ടിയെ ഒരുവര്‍ഷം രണ്ടില്‍കൂടുതല്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. അതും നൃത്തം, സംഗീതം, രചന എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ ഇനങ്ങളിലായിരിക്കണം. ആവശ്യമെങ്കില്‍ ഒരു ഗ്രൂപ്പിനത്തിലും ഒരുകുട്ടിയെ പങ്കെടുപ്പിക്കാം. പഠിക്കാനുള്ള ഇനങ്ങളുടെ വീഡിയോ തയ്യാറാക്കാന്‍ സത്യസന്ധ്യരായ പ്രഗല്‍ഭകലാകാരന്മാരെ മാത്രം ഏല്‍പ്പിക്കുക. (ആവശ്യമെങ്കില്‍ ഈ ഇനങ്ങള്‍ ഓരോ വര്‍ഷവും പുന:ക്രമീകരിക്കപ്പെടണം). ഇതുപോലെ എല്ലാ കലാരൂപങ്ങള്‍ക്കും അവയുടെ സാങ്കേതികത മനസിലാക്കി പദ്ധതി തയ്യാര്‍ ചെയ്യണം. ഗ്രൂപ്പിനങ്ങള്‍ പോലും ഈ രീതിയില്‍ നടത്താന്‍ സാധിക്കും.

ഇപ്പോള്‍ പലരും പഠനത്തിനും, അപ്പീലിനും വളരെയധികം പണം ചിലവാക്കുന്നു എന്നതാണ് സത്യം. അപ്പീല്‍ അനുവദിച്ചില്ലെങ്കില്‍ ഈ പണവും തിരികെലഭിക്കാറില്ല. എന്നിട്ടും അപ്പീലുകള്‍കുറയു ന്നില്ല എന്നതാണ് വസ്തുത. തീര്‍ച്ചയായും മല്‍സരഇനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ആധികാരികത ആവശ്യമാണ്. സ്വന്തമായ അസ്ഥിത്വമില്ലാത്ത ഇപ്പോഴുള്ള ചില ഇനങ്ങള്‍ ഒഴിവാക്കുകയോ വേറൊരുകാറ്റഗറിയിലേക്ക് മാറ്റുകയോ ചെയ്യണം. ഇവയ്ക്ക് നിശ്ചിതസമ്പ്രദായങ്ങളോ, മാനദണ്ഡങ്ങളോ ഇല്ലാത്തതിനാല്‍ തന്മയത്വവും, സ്വതന്ത്രമായ നിലപാടുകളും മാത്രമാണ് ഇവയുടെ അടിസ്ഥാനം എന്നതാണ് ഈ അഭിപ്രായത്തിന് കാരണമായത്.

ഇന്ന് ഏതെങ്കിലും ഒരു കലയില്‍ കഴിവില്ലാത്ത കുട്ടികള്‍ വിരളമാണ്. മേല്‍പ്പറഞ്ഞ രീതിയില്‍ സംഘടിപ്പിക്കുന്ന കലാമേളകളിലൂടെ 4 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവര്‍ഷങ്ങള്‍കൊണ്ട് സ്കൂളിലെ ഒട്ടുമിക്കകുട്ടികള്‍ക്കും തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള കലാവൈഭവം പ്രകടിപ്പിക്കുന്നതിന് അവരുടെ വിദ്യാലയംതന്നെ വേദിയാകും. സ്കൂള്‍പാഠ്യസമയം പരിമിതമായതിനാല്‍ കലാപഠനത്തിനായി പരമാവധി ഈ സമയം അപഹരിക്കാതിരിക്കുന്നതാണ് അഭികാമ്യം. അതിനുപകരം അവര്‍ അഭ്യസിച്ചകലകള്‍ തിരഞ്ഞെടുത്തദിവസം സ്കൂളില്‍ത്തെന്ന അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടാക്കണം. കഴിയുമെങ്കില്‍ അവര്‍ക്ക് (അതേ സ്കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച) പ്രോല്‍സാഹനസമ്മാനം നല്‍കി അനുമോദിക്കുന്നത് നന്നായിരിക്കും.

അതുപോലെ കലാമേളകളുടെ ഉല്‍ഘാടനത്തിന് മുന്നോടിയായി നടത്തി വരുന്ന ഘോഷയാത്ര എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് ഓരോ സംഘത്തെ ഉള്‍പ്പെടുത്തി ഒരു സ്റ്റേഡിയത്തില്‍വച്ച് (മാര്‍ച്ച്പാസ്റ്റ് പോലെ) മാത്രം നടത്തുക. പൊതുവീഥികളില്‍ സംഘടിപ്പിച്ച് കുട്ടികളെ പൊരിവെയിലില്‍നടത്തി പീഡിപ്പിക്കുന്നതും, വഴിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നതുമായ പ്രവണത തീര്‍ച്ചയായും ഒഴിവാക്കേണ്ടതുമാണ്.

ടൂറിസ്റ്റുകള്‍ കൂടുതലായി വരുന്ന സമയം കൂടി ആയതിനാല്‍ ജനുവരി മാസം ആദ്യവാരത്തില്‍ എല്ലാ വര്‍ഷവും മധ്യകേരളത്തിലെഒരുസ്ഥിരംവേദിയില്‍ സംസ്ഥാനതലത്തില്‍ ഒരുമഹോല്‍സവമായി ഈ മേള നടത്തിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും മികച്ച കലാസംഗമമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ നമുക്ക്സാധിക്കും. ഇതുവഴി നമുക്ക് എന്നെന്നും അഭിമാനകരമായിത്തീരും വിധം ഒരു മികച്ച ടൂറിസം മേഖല കൂടി ആവിര്‍ഭവിക്കും എന്ന് നിസംശയം പറയാം. മേല്‍പ്പറഞ്ഞ രീതിയില്‍ നടത്താവുന്ന മാറ്റങ്ങളേക്കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാനുണ്ട്.

സ്കൂള്‍ കലോല്‍സവം, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളായി പ്രത്യേകം നടത്താതെ ഒന്നായി മാത്രം നടത്തുക. കലാമേളയെ യാതൊരു കാരണവശാലും ഇങ്ങിനെ വിഭജിക്കരുത്. ഇവ മൂന്നും തന്മയത്വത്തോടെ ഏകോപിപ്പിച്ചുവേണം കലോല്‍സവം നടത്താന്‍.

ജൂണ്‍ മാസത്തില്‍ തന്നെ സ്കൂള്‍ തലത്തിലുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കണം. അതിന് സ്കൂളുകളിലെ ക്ലാസ് രജിസ്റ്ററില്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ കുട്ടിയ്ക്ക് താല്‍പര്യമുള്ള മൂന്ന് കലകള്‍ (രണ്ട് വ്യക്തിഗതവും ഒരു സംഘഇനവും) രേഖപ്പെടുത്തണം. അതില്‍ നിന്ന്‌ സ്കൂള്‍തലത്തിലുള്ള മല്‍സരങ്ങള്‍ക്ക് കുട്ടികളെ തിരഞ്ഞെടുക്കണം. താല്‍പര്യമുണ്ടെങ്കില്‍ ഓരോ വര്‍ഷവും കുട്ടികള്‍ക്ക് മല്‍സര ഇനങ്ങള്‍ മാറ്റാന്‍ അവകാശവും ഉണ്ടായിരിക്കണം. എന്നാല്‍ ഒരു കുട്ടിക്ക് ഒരേ ഇനത്തില്‍ത്തന്നെ സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ ഒരു പ്രാവശ്യം മാത്രം അവസരം നല്‍കാനാവുന്ന വിധവും, എന്നാല്‍ അടുത്തവര്‍ഷം മറ്റൊരിനം തിരഞ്ഞെടുക്കാന്‍ അനുവദിക്കാവുന്ന രീതിയിലും മാന്വല്‍ നിജപ്പെടുത്തണം. അതായത് ഇത്തരത്തില്‍ കലോല്‍സവസമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ കഴിവുള്ളവര്‍ക്ക് 9, 10, 11, 12 പാഠ്യവര്‍ഷങ്ങളിലായി മൂന്ന് ഇനങ്ങളില്‍ പങ്കെടുത്ത് (സംസ്ഥാനതലത്തില്‍) കഴിവ്തെളിയിക്കാവുന്നതാണ്.  വേണമെങ്കില്‍ മറ്റിനങ്ങളില്‍ 4 മുതല്‍ 8 വരെയുള്ള പാഠ്യവര്‍ഷങ്ങളില്‍ റവന്യൂജില്ലാതലങ്ങളില്‍ നടത്തപ്പെടുന്ന കലാമേളകളില്‍ പങ്കെടുത്ത് കഴിവ് തെളിയിക്കാവുന്നതുമാണ്.


പുതിയരീതിയില്‍ നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി ബോദ്ധ്യമുള്ള അനുഭവപരിചയമുള്ള ഒരാളെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സ്ഥിരമായി ചുമതലപ്പെടുത്തുക. കലോല്‍സവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതികളോ സംശയങ്ങളോ ഉണ്ടായാല്‍ അത് നീതിയുക്തമായി പരിഹരിക്കുന്നതിന് അദ്ദേഹത്തിന്‍റെ കീഴില്‍ 14 അംഗങ്ങളുള്ള ഒരു വിദഗ്ദ്ധസമിതിയെക്കൂടി സജ്ജമാക്കുക. ഇതിലെ ഒരംഗത്തിന് അവര്‍ പ്രധിനിധീകരിക്കപ്പെടുന്ന റവന്യൂജില്ലകളുടെ മേല്‍നോട്ടച്ചുമതലകൂടിനല്‍കുക. ഇവരെ സഹായിക്കുന്നതിനായി ഓരോ ഇനത്തിലും സംസ്ഥാനതലത്തില്‍ പ്രഗല്‍ഭരായ ഹയര്‍അപ്പീല്‍കമ്മറ്റിയെയും സജ്ജമാക്കണം. ഇത്തരം കലോല്‍സവസമ്പ്രദായത്തെക്കുറിച്ച് എല്ലാ സ്കൂളുകളിലും, വെബ്സൈറ്റിലും മെയ്മാസംതന്നെ പൂര്‍ണ്ണമായനിര്‍ദ്ദേശങ്ങള്‍ നല്‍കണം. പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് മാത്രമായി ഒരു പുതിയ വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത് പഴയവെബ്സൈറ്റില്‍ ലിങ്ക്ചെയ്യണം. ഐ. റ്റി മിഷനെയും, നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളെയും ആശയപ്രചരണത്തിനായി ഉപയോഗപ്പെടുത്തുക. വിക്റ്റേഴ്സ് ചാനലില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഓരോ മല്‍സരഇനത്തെക്കുറിച്ചുമുള്ള അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പരിപാടി അവതരിപ്പിക്കുന്നത് നന്നായിരിക്കും. കൂടാതെ എല്ലാ സ്കൂളുകളിലും മെയ്, ജൂണ്‍ മാസങ്ങളില്‍ കലോല്‍സവവുമായി ബന്ധപ്പെട്ട ആശയപ്രചരണവും, ചര്‍ച്ചകളും സംഘടിപ്പിക്കുക. പുതിയരീതിയിലുള്ള കലോല്‍സവം ജൂലൈമാസം 10 മുതല്‍ ആഗസ്റ്റ്മാസം 10 വരെ സ്കൂള്‍ തലങ്ങളില്‍ വിദ്യാഭ്യാസവകുപ്പ് മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയ ദിവസങ്ങളില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുക. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തി ഡിസംബറില്‍ ഫലം പ്രസിദ്ധീകരിക്കുക. ഇതില്‍ നിന്ന് ഏകജാലകസംവിധാനം മുഖേന തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കുക.

നൃത്ത ഇനങ്ങളില്‍ 14 റവന്യൂജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ കലാവതരണം നടത്തേണ്ട രീതി

എല്ലാവരും ഒരേ ഇനം ഒരേ വേദിയില്‍ അവതരിപ്പിക്കുക

സിംഗിൾ നൃത്തം
ശാസ്ത്രീയ സംഗീതം 

ആലാപന ഇനങ്ങളില്‍ 14 റവന്യൂജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ കലാവതരണം നടത്തേണ്ട രീതി

(അക്ഷരശ്ലോകം, കാവ്യകേളി, ശാസ്ത്രീയസംഗീതം തുടങ്ങിയവ)
അക്ഷരശ്ലോകം

രചന ഇനങ്ങളില്‍ 14 റവന്യൂജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ കലാവതരണം നടത്തേണ്ട രീതി

രചനകള്‍ തല്‍സമയം സ്ക്രീനില്‍ കാണിക്കുക
ചിത്രരചന ഇനങ്ങൾ
കഥാരചന ഇനങ്ങൾ

സംഘ ഇനങ്ങളില്‍ 14 റവന്യൂജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ കലാവതരണം നടത്തേണ്ട രീതി

തിരുവാതിരകളി, മാര്‍ഗ്ഗംകളി, ഒപ്പന, ദഫ്മുട്ട്, പൂരക്കളി വഞ്ചിപ്പാട്ട്, തുടങ്ങിയ സംഘഇനങ്ങള്‍ ഒരേ സമയം ഒരേ വേദിയിലും ബാന്‍ഡ്മേളം പോലെയുള്ളവ ഗ്രൗണ്ടിലും നടത്താവുന്നതാണ് ( ഇവയെല്ലാം അവതരിപ്പിക്കുന്നതിന് അവയുടെയെല്ലാം സാങ്കേതിക വശങ്ങള്‍ക്കനുസരിച്ച് ഓരോന്നിനും നിര്‍ദ്ദേശങ്ങള്‍ പറയുനാനുണ്ട്)


പൂരക്കളി വഞ്ചിപ്പാട്ട്
ബാൻഡ് മേളം
കലകളുടെ കേദാരം കേരളം, കല ജീവീതം തന്നെയാണ്, കലയില്ലെങ്കില്‍ കാലമില്ല, ആത്മമിത്രമാണ് കലകള്‍, ക്രാന്തദര്‍ശിതം കല, കപടതയില്ലാത്ത് കല, കാരുണ്യമാണ് കല, കലയില്‍ കലര്‍പ്പരുത്, കന്മഷ നാശിനി കല, കനകസമാനം കല, അനാദിയാണ് കല, കാലാതിവര്‍ത്തിയാണ് കല, കലകള്‍ ജനതതിയുടെ ആത്മാവ്, കാത്തു സൂക്ഷിക്കുക. കലയുടെ അന്തഃസത്തയെ, കലകള്‍ ആഘോഷത്തിന്-ആനന്ദത്തിന്, കലകള്‍ വ്യക്തിക്കും സമൂഹത്തിനും, പ്രകൃതിയുടെ നിധിയാണ് കല, പ്രകൃതിയുടെ പ്രതീകമാണ് കല, പരമമായ സത്യപ്രകാശനമാണ് കല, കല മല്‍സിക്കാനുള്ളതല്ല, മല്‍സരം മഹാവിപത്ത്, കളിയല്ല കല, കല കലാപത്തിനുള്ളതല്ല, കല കച്ചവടത്തിനുള്ളതല്ല, കണ്‍കെട്ടല്ല കല, കലയെ കൊല ചെയ്യരുത്, ഉല്‍സവം മാമാങ്കമാക്കരുത്, കാശുണ്ടാക്കാനുള്ള ഉപാധിയല്ല കല, കലാസ്നേഹികള്‍ കലകളുടെ കാവലാള്‍.   ലേഖകൻ : കെ.ആർ. മോഹൻകുമാർ 

കലാകാരൻ | സംഘാടകൻ


Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: പങ്കെടുക്കുന്ന ഓരോ കുട്ടിക്കും നീതി ലഭിക്കാൻ സ്‌കൂൾ കലോത്സവനടത്തിപ്പിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യം
പങ്കെടുക്കുന്ന ഓരോ കുട്ടിക്കും നീതി ലഭിക്കാൻ സ്‌കൂൾ കലോത്സവനടത്തിപ്പിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യം
https://3.bp.blogspot.com/-lJu3MNBh-jg/Wk3XHQrz5aI/AAAAAAAAENo/48eYb-2t1ms2LrJ8lcSgToTu5KzpJwdigCLcBGAs/s640/group-dance-kalolsavam-state.jpg
https://3.bp.blogspot.com/-lJu3MNBh-jg/Wk3XHQrz5aI/AAAAAAAAENo/48eYb-2t1ms2LrJ8lcSgToTu5KzpJwdigCLcBGAs/s72-c/group-dance-kalolsavam-state.jpg
Kayamkulam Online
https://www.kayamkulamonline.com/2018/01/blog-post_4.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/01/blog-post_4.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy