• ഹരികുമാർ ഇളയിടത്ത് 'ഊര്' (Ur) എന്നത് പരിഷ്കൃത ദേശത്തെ കുറിക്കാന്‍ സുമേറിയന്‍ സംസ്കാരം ഉപയോഗിച്ച പദമാണ്. അതിനര്‍ത്ഥം പത്തിയൂ...
• ഹരികുമാർ ഇളയിടത്ത്
'ഊര്' (Ur) എന്നത് പരിഷ്കൃത ദേശത്തെ കുറിക്കാന്‍ സുമേറിയന്‍ സംസ്കാരം ഉപയോഗിച്ച പദമാണ്. അതിനര്‍ത്ഥം പത്തിയൂര്‍ ദേശചരിത്രത്തിന്റെ പുരാതനത്വം യാഥാര്‍ത്ഥ്യമാണെന്നാണ്. സുമേറിയന്‍ സംസ്കാരത്തില്‍ നിന്നും ദ്രാവിഡ സംസ്കാരത്തിലൂടെ നമുക്ക് കൈവന്നതാണ് നമ്മുടെ ദേശത്തിന്റെ പേര്. ദ്രാവിഡം എന്നതിന് മലയുടെ താഴെയുളള പ്രദേശങ്ങള്‍ എന്നാണ് അര്‍ത്ഥം. അതായത്, ഇന്നു പരക്കെ ഉപയോഗിക്കുന്ന ദക്ഷിണ ഭാരതദേശം എന്ന സങ്കുചിതമായ അര്‍ത്ഥത്തില്‍ അല്ല ദ്രാവിഡ ശബ്ദത്തെ മനസിലാക്കേണ്ടത്. മറിച്ച്, ഹിമാലയ പര്‍വ്വതത്തിനു തെക്കോട്ടുളള മുഴുവന്‍ പ്രദേശങ്ങളും ദ്രാവിഡമാണെന്നര്ത്ഥം.
![]() |
Courtesy : Wikimapia |
സ്ഥല നാമങ്ങള്‍ ദേശചരിത്രത്തിന്റെ പ്രാഗ് വൈഭവത്തിലേക്കാണ് നമ്മെ നയിക്കുന്നത്. സ്ഥല പുരാണം, സ്ഥല ചരിത്രം എന്നിവയെല്ലാം വിശ്ലേഷിച്ചു പഠിക്കുക്കുന്ന രീതിശാസ്ത്രം ഇന്ന് വികസിച്ചു വന്നിട്ടുണ്ട്. Toponomy എന്നാണ് ശാസ്ത്രീയമായ രീതിശാശസ്ത്രത്തെ വിളിക്കുന്നത്. രേഖകള്‍, ശിലാശാസനങ്ങള്‍, പരാമര്‍ശിത ഗ്രന്ഥ സൂചനകള്‍ എന്നിവയെ കൂടാതെ, ജനതയുടെ (folk) ഓര്‍മ്മകളില്‍ സൂക്ഷിച്ച് കൈമാറപ്പെടുന്ന സൂക്ഷ്മ കഥനങ്ങളും (micro narratives) ചരിത്ര രചനയുടെ ഉപദാനങ്ങളായി ഇന്ന് സ്വീകരിച്ചു വരുന്നു. ഇതിനായി വാമൊഴികള്‍, ഐതിഹ്യങ്ങള്‍, കെട്ടുകഥകള്‍, നാട്ടോര്‍മ്മകള്‍, അനുഷ്ഠാനങ്ങള്‍, നാടന്‍ പാട്ടുകള്‍, ഭക്ഷണ രീതികള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെ ഒട്ടു വളരെ കാര്യങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്യണ്ടതുണ്ട്. ഇതുവഴി, ബ്രഹച്ചരിത്രങ്ങളില് ഇടം പിടിക്കാത്ത സംഭവങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവക്ക് രേഖപ്പെടുത്തലുകളുണ്ടാവുന്നു. പലതിനും കൂടുതല്‍ വ്യക്തത കൈവരുന്നു. സൂക്ഷ്മ ചരിത്രം ( micro history ) ബ്രഹച്ചരിത്രത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമായി പരിണമിക്കുന്നു. ആ നിലക്ക് പ്രാദേശിക ചരിത്രത്തില്‍ സ്ഥലം ഒരു പ്രധാന ഉപദാനമായിത്തീരുന്നു.
പത്തിയൂര്‍ - സ്ഥല പുരാണം
'ദുര്‍ഗ്ഗാലയങ്ങള്‍ നൂറ്റെട്ടും' എന്നിങ്ങനെ പരശുരാമന് പ്രതിഷ്ഠ നടത്തിയതായി വിശ്വാസികള്‍ കരുതുന്ന പഴയ തലമുറയുടെ നിത്യ പ്രാര്‍ഥനയില്‍ പത്തിയൂര്‍ പരാമര്‍ശിക്കപ്പെടുന്നു. 'പത്തിയൂരില്‍ പടവെട്ടും പത്തിനാഥ പണിക്കര്‍' എന്ന് വീരാരാധനാ സ്വഭാവമുളള പഴയ നാടന്‍ പാട്ടില്‍ കാണാം. ചില ക്ഷേത്രങ്ങളുടെ ചെലവിനായി രാജഭരണ കാലത്ത് എഴുതപ്പെട്ട നീട്ടിലും പത്തിയൂര്‍ ക്ഷേത്രത്തെ പരാമര്‍ശിച്ചിട്ടുണ്ട്.
ഓണാട്ടുകരയുടെ മിക്കവാറും പ്രദേശങ്ങള്‍ മഹാഭാരത കഥയുമായി ബന്ധപ്പെടുത്തി സ്ഥലനാമ നിഷ്പത്തി പറഞ്ഞു വരുന്നു. അതു പ്രകാരം, മഹാഭാരതത്തിലെ ഖാണ്ഡവവനം എന്നറിയപ്പെടുന്ന പ്രദേശങ്ങളായിരുന്നു പത്തിയൂരും പരിസരങ്ങളും. അഗ്നി ദേവന്റെ അജീര്‍ണ്ണത്തിനു പരിഹാരമായി ഖാണ്ഡവവനം ദഹിപ്പിക്കാന്‍ തുടങ്ങുന്നു. അര്‍ജ്ജുനനും അദ്ദേഹത്തെ സഹായിക്കാനൊപ്പമുണ്ട്. അഗ്നി വനത്തെ ദഹിപ്പിച്ചു തുടങ്ങി. ഇന്ദ്രന് മഴയാല്‍ അഗ്നിയെ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ അര്ജ്ജുനന് അമ്പുകള്‍ എയ്ത് അഗ്നിക്കു മീതെ കുടപോലെ വിധാനിച്ചു. അങ്ങനെ മഴയെ തടഞ്ഞു നിര്‍ത്തി, ഖാണ്ഡവ ദഹനത്തിനു സഹായം ചെയ്തു.
മഹാഭാരതത്തിലെ ഈ കഥാ പശ്ചാത്തലത്തലത്തിലാണ് പത്തിയൂരിന്റെ നിഷ്പത്തി പറയുന്നത്. അതുപ്രകാരം, അഗ്നി 'എരിഞ്ഞു തുടങ്ങിയ സ്ഥലം' എരുവയായി. 'കത്തിയ ഊര്' കത്തിയൂരൂം പിന്നീട് പത്തിയൂരുമായി. അര്ജ്ജുനന് മഴയെ തടയാന്‍ അമ്പ് 'എയ്ത സ്ഥലം', 'എയ്ത ഊരും' ക്രമേണ ഏവൂരുമായി. അഗിയില് 'കരിഞ്ഞ പുഴ' കരിപ്പുഴയായി.
അതുപോലെ, മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡവരുമായി ബന്ധപ്പെത്തിയുളള സഥലനാമ നിഷ്പത്തി നിലവിലുണ്ട്. അജ്ഞാത വാസക്കാലത്ത് പാണ്ഡവരും അമ്മ കുന്തിയും താമസിച്ചിരുന്നതു കൊണ്ടാണ് പാണ്ഡവര്‍ കാവ് എന്ന പേരുണ്ടായതത്രേ. ബകവധം നടന്ന സ്ഥലം, ഭീമന്റെ 'വിജയപുരവും' കാലക്രമേണ വീയപുരവുമായി. ചെങ്ങന്നൂരിലെ പാണ്ഡവന് പാറക്കും പറയാനുളളത് പാണ്ഡവരുടെ അജ്ഞാത വാസ ജീവതമാണ്. കൊല്ലം പോരുവഴി പെരുവിരുത്തി മലനട കൗരവരെ നാടുമായി ബന്ധപ്പെടുത്തുന്നു. കൗരവരാണ് - കുരവര്‍ - കുറവര്‍ - ആയിത്തീര്‍ന്നതെന്നും വിശ്വസിക്കുന്നു.
• പത്തിയൂര്‍ : സ്ഥലനാമ ഐതിഹ്യം
മഹാഭാരത ഐതിഹ്യം അനുസരിച്ച് ഖാണ്ഡവവനം കത്തിയതില്‍ നിന്നാണ് പത്തിയൂരിന്റെ നിഷ്പത്തി.
ദക്ഷയാഗത്തില്‍ അപമാനിതയായ പാര്‍വ്വതിയുടെ ശരീരഭാഗം (പത്തി ) വീണ സ്ഥലമാണ് 'പത്തിയൂര്‍' എന്നു വിശ്വസിക്കുന്നവരുമുണ്ട്.
• പത്തിയൂര്‍: ഒരു സൈനിക കേന്ദ്രം?
'പത്തി' എന്നതിന് സൈന്യം എന്നര്‍ത്ഥമുണ്ട്. കായംകുളം രാജാവിന്റെ സൈന്യം പാര്‍ത്തിരുന്ന സ്ഥലമായതിനാല്‍ പത്തിയൂര്‍ എന്ന പേരുണ്ടായതായി വിചാരിക്കുന്നവരുണ്ട്. പത്തിയൂരിന്റെ അതിര് തട്ടാരമ്പലം വരെയും കായംകുളം തീര്‍ത്ഥം പൊഴിച്ചാലുംമൂടുവരെയും ഉണ്ടായിരുന്നതായി റെവന്യൂ രേഖകകള്‍ സൂചിപ്പിക്കുന്നു.
![]() |
Photo Courtesy: Wikimapia |
• പത്തിയൂര്‍: ഒരു ജൈന / ബൗദ്ധ കേന്ദ്രം?
ജൈന ദേവതയായ 'പത്തിനിദേവി'യുടെ പ്രതിഷ്ഠ ഉണ്ടായിരുന്നതിനാല്‍ 'പത്തിനിയൂര്' പത്തിയൂരിനു വഴിമാറിയതായും കരുതാം. ഹൈന്ദവ പുനരുത്ഥാനകാലത്ത് 'പത്തിനി ദേവി', 'ദുര്‍ഗ്ഗ'യായി ആരാധിക്കപ്പെട്ടെങ്കിലും പേര് നിലനിന്നു. പത്തിയൂര്‍ ഒരു ജൈന/ ബൗദ്ധ കേന്ദ്രമായിരുന്നുവെന്ന് അനുമാനിക്കാവുന്ന തെളിവാണ് 'ഭൂതത്താന്‍' കെട്ടിയതായി വിശ്വസിക്കപ്പെടുന്ന മേല്‍ക്കൂരയും വാതിലുംവരെ ശിലാനിര്‍മ്മിതമായ ഗ്രാമ ഹൃദയപ്രാന്തത്തിലെ ക്ഷേത്രം. ജൈന / ബൗദ്ധ പ്രതാപകാലത്ത് കരിങ്കല്ലുകള്‍ കൊണ്ടു മേല്‍ക്കൂരകള്‍ വരെ ക്ഷേത്രങ്ങള്‍ക്ക് നിര്‍മ്മിക്കുക പതിവായിരുന്നു. തളി എന്നാണ് അത്തരം ക്ഷേത്രങ്ങളെ വിളിച്ചിരുന്നത്. തളി മാതൃകയിലുളള ക്ഷേത്രങ്ങള്‍ പില്ക്കാലത്ത് ശിവക്ഷേത്രങ്ങളായിതീര്ന്നുവെന്നതാണ് ചരിത്രം. മാത്രമല്ല, ഐതിഹ്യത്തിലെ ഭൂതത്താന്‍ - പൂതനാവാനും - പുത്തനാവാനും - ബുദ്ധനാവാനും എളുപ്പമാണ്. ജൈന / ബൗദ്ധ വിഭാഗത്തില്‍പ്പെടുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കലന്നു ജീവിച്ചൊരു കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ആ ക്ഷേത്രം. അങ്ങനെ, ബൗദ്ധ (പുത്ത - പൂത - ഭൂത) ജനതയുടെ അഥവാ ജൈനരുടെ അക്കാലത്തെ ഒരു പ്രധാന കേന്ദ്രമായിരുന്നു പത്തിയൂര്‍ എന്നുതന്നെ ഉറപ്പിക്കാം.
ജൈനരുടെ /ബൗദ്ധ (ബൗദ്ധരില്‍ നിന്നും പിന്നീട്, ഈഴവര്‍ തങ്ങളുടെ, മരിച്ച പൂര്‍വ്വികരുടെ പാദം പ്ലാവിന് പലകയില്‍ കൊത്തിവെച്ച് സൂക്ഷിക്കുന്ന പതിവായി ) പാദ (പത്തി) പൂജയില്‍ നിന്നും 'പത്തി പ്രതിഷ്ഠിക്കപ്പെട്ട ഊര്' എന്ന അര്‍ത്ഥത്തില്‍ പത്തിയൂര്‍ എന്ന പേരിനു സാദ്ധ്യത കാണുന്നവരും കുറവല്ല.
• പത്തിയൂര്‍ : കാര്‍ഷികഭൂമി
'പത്ത്' എന്നതിന് വയല്‍ എന്നര്‍ത്ഥം. വയലുകള്‍ നിറഞ്ഞ പ്രദേശമാകയാല്‍ പത്തിയൂര്‍ എന്ന പേരുണ്ടായതായി അനുമാനിക്കാം. കൃഷിയുടെ ആരംഭം സംസ്കാരത്തിന്റെ കൂടി ആരംഭമായതിനാല്‍ പത്തിയൂര്‍ എന്ന പേരിന് വളരെ പഴക്കം ഉണ്ടെന്നുകാണാം. വയലില്‍ ഞാറു മുളപ്പിക്കുന്നതിന് ചേറു കൊരിനിറച്ചുണ്ടാക്കുന്ന ചെറിയ തിട്ടയും 'പത്തി'യാണ്. ആ വിധവും പത്തിയൂര്‍ ഉണ്ടാവാം. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ പ്രാചീന സ്ഥലനാമങ്ങളെന്നതും ഓര്‍ക്കാവുന്നതാണ്. ഏറ്റവും ഉചിതമായതും ജൈവികമായതും ഈ നിഷ്പത്തിയാണെന്നാണ് ഇതെഴുന്നയാളിന്റെ പക്ഷം.
• കരിപ്പുഴ തോട്
വളരെ പഴക്കമുളള ഗതാഗത മാര്‍ഗ്ഗമായി കരിപ്പുഴത്തോട് ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കുന്നു. ഡച്ചുകാരുടെ കാലത്തെങ്കിലും തോടുണ്ടായിരുന്നുവെന്ന് കായംകുളത്ത് ആംഗ്ലോഇന്ത്യന് ചര്‍ച്ചിനോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന കുരിശ്ശടിയില്‍ നിന്നും അനുമാനിക്കാം. ഉണ്ണുനീലി സന്ദേശകാലത്ത് നിലവിലുണ്ടായിരുന്ന തട്ടാരമ്പലത്തിനടുത്തുളള ശ്രീപര്‍വ്വതം അങ്ങാടിയിലേക്കുളള യാത്രാമാര്‍ഗ്ഗവും കരിപ്പുഴ തോടായിരുന്നിരിക്കണം. കരിപ്പുഴയിലെ കടവൂര്‍, ചെറിയ തുറമുഖമായി ചരക്കുകളുടെ ക്രയവിക്രയത്തെ സഹായിച്ചിരിക്കാം. കായംകുളം അന്നേ പേരെടുത്ത കമ്പോളമായിരുന്നുവെന്ന് വിദേശീയരായ അനേകം പേരുടെ സഞ്ചാരക്കുറിപ്പുകള്‍ സൂചന തരുന്നു.പത്തിയൂര്‍ പഞ്ചായത്തിലെ, പഴയ കീരിക്കാട് പ്രവൃത്തിയില്‍പ്പെട്ട, നാടുവാഴി പാരമ്പര്യമുളള വട്ടപ്പറമ്പില്‍ വല്യത്താന്മാരുടെ കൈവട്ടകയിലായിരുന്നപ്പോള് നാട്ടതിരിനു ചുറ്റും തീര്‍ത്തിരുന്ന കിടങ്ങുകള്‍ യോജിപ്പിച്ചായിരിക്കാം തോട് ഗതാഗത യോഗ്യമാക്കിയതെന്നാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല നല്കുന്ന സൂചന (വട്ടപ്പറമ്പില്‍ വല്യമ്മ പേജ് 238,DC Books). ധര്‍മ്മരാജാവിന്റെ ഭരണ കാലത്ത്, ഉത്തര കേരളത്തിലെ ഹൈദരുടെയും തുടര്‍ന്നുളള, ടിപ്പുവിന്റെയും ആക്രമണത്തെ ഭയന്ന് മാവേലിക്കര, കരുവാറ്റ , ചെന്നിത്തല, എണ്ണക്കാട് പ്രദേശങ്ങളില്‍ അഭയം പ്രാപിച്ച ചിറക്കല്‍ സ്വരൂപത്തില്‍ നിന്നും രാജകുമാരിമാരെ തിരുവിതാംകൂറിലേക്ക് ദത്തെടുത്ത ശേഷം, കൊട്ടാര നിവാസികള്‍ക്കുളള സഞ്ചാര സൗകര്യാര്‍ത്ഥമാണ് കരിപ്പുഴ തോട് നിര്‍മ്മിച്ചതെന്നും അനുമാനമുണ്ട്. ഈ തോടു കടന്നാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ചെട്ടികുളങ്ങര ദേശത്തേക്കു വന്നതെന്നാണ് ഐതിഹ്യ പ്രസിദ്ധി.
ഖാണ്ഡവ വനം
••പുരാണ പസിദ്ധമായ കുരുക്ഷേത്രം ദല്‍ഹിക്കും അംബാലയ്ക്കും ഇടകയ്ക്കാണ്. താനേശ്വറില്‍ നിന്ന് 1.6 കി.മീ ദൂരം. ഇതിന്റെ തെക്കുഭാഗത്താണത്രേ മഹാഭാരത പ്രസിദ്ധമായ ഖാണ്ഡവ വനം.യമുനയുടെ പടിഞ്ഞാറന്‍ കരയില്‍ ഇന്ദ്രപ്രസ്ഥം നിര്‍മിക്കാന്‍ തെളിച്ചെടുത്ത വനമത്രേ ഖാണ്ഡവം. തക്ഷകനും മറ്റുമുള്ള നാഗകുലത്തിന്റെ സ്ഥലമായിരുന്നു ഖാണ്ഡവപ്രസ്ഥം. അത് യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥമാക്കി. ധൃതരാഷ്ട്രര്‍ രാജ്യത്തെ രണ്ടാക്കി വിഭജിച്ചതില്‍ ഖാണ്ഡവപ്രസ്ഥമാണ് യുധിഷ്ഠിരൻ തിരഞ്ഞെടുത്തത്. ഖാണ്ഡവപ്രസ്ഥം ഇന്ദ്രപ്രസ്ഥമാക്കിയതിലുള്ള വിരോധമാണ് തക്ഷകന് ദുര്യോധനന്റെ പക്ഷത്തു ചേരാനും പരീക്ഷിത്തിനെ കൊല്ലാനും മറ്റും കാരണമായത്. തക്ഷശില, താഷ്കന്റ്, തര്ക്കി ഇതൊക്കെ തക്ഷക കുലവുമായി ബന്ധമുള്ള പദങ്ങളത്രേ.
• ഹരികുമാർ ഇളയിടത്ത്
ദൃശ്യമാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ഹരികുമാർ ഇളയിടത്ത് പ്രാദേശിക ചരിത്രകാരനും ഗ്രന്ഥകാരനുമാണ് .
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS