• ഹരികുമാര്‍ ഇളയിടത്ത് ഹരിപ്പാട് എന്നാണ് ഹരിപ്പാട് ആയത്.? നൂറുവര്‍ഷം മുമ്പ് (17.11.1917) പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കാണുക. മലയാള മനോര...
• ഹരികുമാര്‍ ഇളയിടത്ത്
ഹരിപ്പാട് എന്നാണ് ഹരിപ്പാട് ആയത്.? നൂറുവര്‍ഷം മുമ്പ് (17.11.1917) പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കാണുക. മലയാള മനോരമ ദിനപത്രം പുന:പ്രസിദ്ധീകരിച്ച (നവംബര്‍ 2017) വാര്‍ത്തയില്‍, #അരിപ്പാട് എന്നാണ് വാര്‍ത്തയുടെ സ്ഥലത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. 'മണ്ണാരശ്ശാലയായില്യം' ഉത്സവമാണ് വാര്ത്തയ്കാധാരം.കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ പലരും #അരിപ്പാട് എന്നാണ് സ്ഥലനാമമായി തങ്ങളുടെ കൃതികളില്‍ ഇന്നത്തെ ഹരിപ്പാടിനെ പറഞ്ഞിരിക്കുന്നത്.
'ആവിശ്ചിന്താഭരമവനരിപ്പാട്ടു വാണോരുകാലേ..' എന്നാണ് മയൂര സന്ദേശത്തില്‍ ദേശം അടയാളപ്പെടുന്നത്.
![]() |
ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം |
അരിവിളയുന്ന പാടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ അരിപ്പാട് ആയി എന്നാണ് ചട്ടമ്പിസ്വാമികള്‍ നല്കുന്ന നിഷ്പത്തി. അരുവിയും (കൈത്തോടുകള്‍) പാടങ്ങളും എന്ന് മറ്റു ചിലരും നിഷ്പത്തി കുറിക്കുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹരിപ്പാട് ക്ഷേത്രത്തിനു തീ പിടിച്ചപ്പോള്‍ പ്രദേശവാസിയായ ഉമ്മന്‍ എന്നൊരാള്‍ അതീവ ദുഃഖത്തോടെ എഴുതിയ കാവ്യത്തിലും അരിപ്പാട് എന്നുതന്നെയാണ് സ്ഥലനാമം. പോരെങ്കില്‍, കാര്‍ത്തികപ്പളളി താലൂക്കില്‍ പടര്‍ന്നു പിടിച്ച 1905 ലെ നായരീഴവ ലഹളയുടെ റിപ്പോര്‍ട്ടുകള്‍, അക്കാലത്തെ പത്രങ്ങളില്‍ നിന്നും പി. ഭാസ്കരനുണ്ണി തന്റെ 'കേരളം: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍' എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നത് കാണുക.
ആളുകളുടെ അശ്രദ്ധ വ്യവഹാരമാണ് 'അരിപ്പാടി'നെ ഹരിപ്പാട് ആക്കിയതെന്നാണ് ചിലരുടെ നിഗമനം. ഇംഗ്ലിഷിലെ
'പെഡൽ' എന്നത് നാട്ടുകാര്‍ പറഞ്ഞു പറഞ്ഞ് 'ഫെഡൽ' ആക്കിയത് പോലെ, കുട്ടനാട്ടില്‍ എടത്വാക്കടുത്ത് 'കോഴിമുക്ക്' എന്നൊരു സ്ഥലം ഇന്ന് 'കോവിൽമുക്ക്' ആയി. അതുപോലെയാണ് അരിപ്പാട് എന്നത് പറഞ്ഞു പറഞ്ഞ് ഹരിപ്പാട് ആയത്' (വാര്യര്‍ ശ്രീരാമന്).
![]() |
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം |
ഇന്നു പരക്കെ വ്യാഖ്യാനിച്ച് അര്‍ത്ഥം അന്വയിക്കാന്‍ ശ്രമിക്കുന്ന 'ഹരിഗീത പുരത്തിന്' അത്ര പഴക്കമില്ലെന്നും അത്തരം വ്യുത്പത്തി വ്യാഖ്യാനങ്ങള്‍ പിന്നീട് വന്നു ചേര്‍ന്നതാണെന്നും ഈ വാര്‍ത്താശകലം തെളിയിക്കുന്നു. ഒപ്പം, പ്രസിദ്ധമായ 'മണ്ണാറശ്ശാല' അക്കാലത്തെ നാട്ടുവഴക്കത്തിലും വ്യവഹാരത്തിലും, വെറും 'മണ്ണാരശ്ശാല' മാത്രമായിരുന്നുവെന്നും വാര്‍ത്ത അറിവുനല്കുന്നു. മഹാഭരത ഐതിഹ്യത്തോടു ബന്ധപ്പെടുത്തി ഖാണ്ഡവവനം കത്തിപ്പോള്‍ ചുട്ടു പഴുത്ത 'മണ്ണാറിയശാല'യാണ് മണ്ണാറശാലയായത് എന്നും, 'മന്ദാരശ്ശാല'യാണ് മണ്ണാറശ്ശാലയായതെന്നും മറ്റുമുളള വ്യാഖ്യാനങ്ങള്‍ പിന്നീട് മാത്രമാണുണ്ടായതെന്നുമാണ് ഇൗ വാര്‍ത്താശകലം സൂചിപ്പിക്കുന്നത്.
ഹരിപ്പാട്ടുാരായ ചിലരുടെ സങ്കല്പങ്ങളില്, ഖാണ്ഡവവനം തോട്ടപ്പള്ളിക്ക് വടക്കു കിഴക്ക് ആണ്. അവിടെ ദേശീയ പാത തെക്കുനിന്നു വടക്കോട്ടു വന്ന് വടക്കു പടിഞ്ഞാറേക്കു തിരിയുന്നു. അവിടം മുതൽ വടക്കോട്ട് ഉള്ള പ്രദേശം ആയിരുന്നു ഖാണ്ഡവവനം എന്നു വിളിച്ചിരുന്നത്. അർജുനൻ അത് ദഹിപ്പിച്ചപ്പോൾ മണ്ണാറശ്ശാലയിൽ ഉള്ള നാഗക്കാവുകൾ തീ കത്താതിരിക്കാൻ മണ്ണുവാരി എറിഞ്ഞു തണുപ്പിച്ചു. അങ്ങിനെ 'മണ്ണാറിയശാല' മണ്ണാറശാല ആയി. ഇതാണ് മുമ്പ് ക്ഷേത്രം അധികാരികള്‍ അവകാശപ്പെട്ടിരുന്ന ഐതിഹ്യം. ഇപ്പോൾ കുറച്ചു കാലമായി 'മന്ദാരകാട്' ആണ് 'മന്ദാരശാല'യായത് എന്ന് പറഞ്ഞു വരുന്നു ( വാര്യര്‍ ശ്രീരാമന്).
എന്നാല്‍, ചട്ടമ്പി സ്വാമികളാകട്ടെ, ഇനിയും വേണ്ടത്ര വികസിച്ചിട്ടില്ലാത്ത, പദനിഷ്പത്തി സങ്കേതം ഉപയോഗിച്ചാണ് സ്ഥലനാമ നിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ 50 കൊല്ലമേ ആയിട്ടുളളൂ അത്തരം സമ്പ്രദായം (ടോപ്പോണമി) ചരിത്ര രംഗത്ത് ലോകോത്തര ചരിത്ര പണ്ഡിതന്മാരുപോലും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുളളൂ. ചരിത്ര ഗവേഷകര്‍ക്ക് മുമ്പേ നടന്ന ചട്ടമ്പി സ്വാമികള്‍ കേരള ചരിത്ര രചനക്കു നല്കിയ സംഭാവനകള്‍ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല.
പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവ് എഴുതിയ 'കേദാരഗൗഡരാഗ'ത്തിലുള്ളതും ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ളതുമായ കീർത്തനത്തിന്റെ അനുപല്ലവിയില്‍:
''ദേവകാഖില താപനിവാരണ
ശ്രീഹരിഗീത പുരാലയ ദീപ'' എന്നു പ്രകീർത്തിക്കുന്നതില്‍, ''ഹരിഗീത പുരാലയം'' എന്നത് ഹരിപ്പാട് ക്ഷേത്രത്തെയാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്.
സ്വാതിയുടെ കൃതിക്കുമേലുളള അതിവായനയാണ് 'ഹരിഗീതപുരാലയം' എന്നതിനെ ഹരിപ്പാടായി വ്യാഖ്യാനിക്കുന്നത്. ഹരിഗീതം - ഈശ്വര നാമസങ്കീര്‍ത്തനമാണ്. അതു മുഴങ്ങുന്ന സന്നിധാനമെന്നേ അതിനര്‍ത്ഥമുളളൂ. അതില്‍ ഹരിയുടെ പാദവും ഇല്ല, ഹരിപ്പാട് എന്നുമല്ല.
പരശുരാമനില്‍ നിന്നല്ല ( ഐതിഹ്യം ) കേരളവും കേരള ചരിവും ആരംഭിക്കുന്നത്. അതിനും എത്രയോമുമ്പേ ( ഈ കഥ പ്രചരിപ്പിക്കുന്നതിനായി കേരളോല്പത്തി, കേരളമാഹാത്മ്യങ്ങള് എഴുതപ്പെടുന്ന ഒന്‍പതാം നൂറ്റാണ്ടിനും മുമ്പേ ) ഇവിടം ജനവാസ കേന്ദ്രമായിരുന്നു. മോഹന്‍ജോദാരോവിലും ഹാരപ്പയിലും നടന്ന ഉത്ഖനനങ്ങളില്‍ തേക്കുതടി കൊണ്ടുളള ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തേക്കുതടി കേരളത്തില്‍ നിന്നുളളതാണെന്നതിനെ ഈ നിമിഷം വരെ സ്വദേശിയോ, വിദേശിയോ ആയ ഒരു ചരിത്ര പണ്ഡിതനും ഖണ്ഡിക്കുകയോ വിയോജിക്കുകയോ ചെയ്തിട്ടില്ല. അതിനര്‍ത്ഥം, ഒമ്പതാം നൂറ്റാണ്ടിലെ ബ്രാഹ്മണാധിനിവേശത്തിനും മുമ്പ് തേക്കിന്റെ ഉപയോഗം, അതിന്റെ തച്ചുശാസ്ത്രം, വിപണന, വിനിമയ സാധ്യതകള്‍ എന്നിവയെപ്പറ്റിയെല്ലാം ജ്ഞാമുണ്ടായിരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു എന്നാണ്. മാത്രമല്ല, രണ്ടാം നൂറ്റാണ്ടില്‍ ചൈനയിലേക്ക് പ്രതിനിധിയെ ( ആധുനിക ഭാഷയില്‍ അമ്പാസിഡര്‍ ) അയച്ച വേടരാജാവിനെ പരാമര്‍ശിക്കുന്ന ശിലാശാസനങ്ങള്‍ ഉണ്ട്. എന്നല്ല, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ വിദേശീയരുമായി വാണിജ്യ / വ്യാപാര ബന്ധങ്ങളുളളവരുമായിരുന്നു ഇവിടുത്തെ പ്രാഗ് ജനത. വാസ്തവമെന്തെന്നാല്‍, ഹൈന്ദവ പുനരുത്ഥാന കാലത്ത് ഉച്ചപുരാവൃത്ത ( higher myths ) നിര്‍മ്മിതികളിലൂടെ സംഘകാല ജനയെയും അവരുടെ പാരമ്പര്യത്തെയും കയ്യടക്കിയ ബ്രാഹ്മണാധിപത്യത്തെ അരക്കിട്ടുറപ്പിക്കാനാണ്, കേരളോല്പത്തിയും കേരളമാഹാത്മ്യവും ഉടലെടുക്കുന്നത്. ഹരിപ്പാടിന്റെ ഹൃദയഭാഗത്തുളള പ്രസിദ്ധമായ 'നകരി' ക്ഷേത്ര / സ്ഥല നാമം ഈ കവര്‍ന്നെടുക്കലിനെ ശാശ്വതമായി അടയാളപ്പെടുത്തുന്നു.
അരിപ്പാടിന് ഹരിഗീതപുരം എന്നൊരു വിളിപ്പേരുണ്ട്. അത് വിഷ്ണു സങ്കല്പത്തിലാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഹരിക്ക് 'മയിൽ' എന്നും അർത്ഥമുണ്ട്. അതാണ് സ്വാതിയുടെ ഹരിഗീതത്തില് മധുരിക്കുന്നത്. 'ഓം ഹരിഗീതപുരാതീ ശയനമാം ശ്രീവള്ളിനായികാ വേൽമുരുകാ' എന്ന ഗാനം ഓർക്കുക.
'കേകാരവം' എന്ന് കോയിത്തമ്പുരാന്‍ (മയൂരസന്ദേശം) പറയുന്നത് തന്നെയാണ് സ്വാതിയുടെ 'ഹരിഗീതം' എന്നു കാണാന്‍ വിഷമമില്ല.
നെൽപ്പുരക്കടവുപോലെ അടുത്ത് സ്ഥലനാമങ്ങൾ ഉള്ളതിനാൽ അരിപ്പാടാണ് ചരിത്രപരമായി യോജിക്കുക.
'പണ്ട് രാജവാഴ്ചക്കാലത്ത് നെല്ല് 'സർക്കാരായി' വാങ്ങിയിരുന്നു. അത് സൂക്ഷിക്കുന്നതിന് ഒരു പുര ഉണ്ടാക്കി. അതാണ് ഇന്നത്തെ നെല്പുര. 40 വര്‍ഷം മമ്പ് വരെ അത് ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്തും കര്‍ഷകരില്‍ നിന്നും നെല്ലെടുപ്പുണ്ടായിരുന്നു. ആ നെല്ലും നെല്പുരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെ വള്ളം അടുക്കുന്ന കടവ് നെല്പുരക്കടവ് ആയി. അമ്പലത്തിൽ നിന്നുള്ള അകലം അര നാഴിക ആയതിനാൽ അരനാഴിക കടവായി. ഇപ്പോൾ അരാഴി ആയി. അരാഴി പള്ളിയുമായി' (വാര്യര്‍ ശ്രീരാമന്)
ചിലര്‍ നിരുക്തിയും യുക്തിയും വസ്തുതയും ആധാരമാക്കേണ്ടതിനു പകരം ചിലർ വിശ്വാസത്തെ (?) മുറുകെ പിടിക്കുന്നു.
• ഹരികുമാർ ഇളയിടത്ത്
ദൃശ്യമാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ശ്രീ ഹരികുമാർ ഇളയിടത്ത് പ്രാദേശിക ചരിത്രകാരനും ഗ്രന്ഥകാരനുമാണ് .Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS