പുരോഗമന പ്രതിച്ഛായയുള്ള ഒരാളായിട്ടാണു ബലറാം അറിയപ്പെടുന്നത്. എ.കെ.ജി പരാമർശത്തിലൂടെ തന്റെ മനസിലെ പുഴുക്കുത്തുകളെ ബലറാം എടുത്തു പുറത്തി...
പുരോഗമന പ്രതിച്ഛായയുള്ള ഒരാളായിട്ടാണു ബലറാം അറിയപ്പെടുന്നത്. എ.കെ.ജി പരാമർശത്തിലൂടെ തന്റെ മനസിലെ പുഴുക്കുത്തുകളെ ബലറാം എടുത്തു പുറത്തിട്ടു. അതിനെ കൃതജ്ഞതയായി എടുത്താൽ മതി. തന്നെ സഹായിക്കുന്നവരോടുള്ള കൃതജ്ഞത!
പത്തറുപതുകൊല്ലം മുൻപ് പതിമൂന്നും, പതിനാലും വയസുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നത് പുതുമയൊന്നുമല്ല. അതിനു എ.കെ.ജിയുടെ കുടുംബജീവിതമൊന്നും എടുത്തു ചിക്കിചികയണ്ട. സ്വന്തം തറവാട്ടിൽ തന്നെ തപ്പിയാൽ കിട്ടിയേക്കും വേണ്ടുവോളം. പക്ഷെ അതിനൊന്നും രാഷ്ട്രീയ പ്രാധാന്യമില്ലല്ലോ. അതുകൊണ്ട് എ.കെ.ജിയെ പിടിച്ചു. പീസ് സ്കൂൾ പൂട്ടിച്ചതും ഒരു പ്രകോപനമാകാം. തന്നെ സഹായിക്കുന്നവരെ സമാധാനിപ്പിക്കണ്ടെ?
പുരോഗമനവാദികളായി പുറമേ നടിക്കുമെങ്കിലും ഉള്ളിൽ കടുത്തമതവാദികളാണു സുഡാപ്പികൾ. ബാലവിവാഹങ്ങൾ വിഷയമാകുന്നത് അവർക്കാണു. (മത)വ്യക്തിനിയമത്തിലുള്ള ചർച്ചകൾ അവരെ അലോസരപ്പെടുത്തുന്നുണ്ട്. നിലനില്പിനു അവർക്ക് സംവാദങ്ങൾ വേണം. ബലറാം തന്നാലാവുന്നതു ചെയ്തുകൊടുത്തു. എ.കെ.ജിയുടെ ചെലവിൽ സുഡാപ്പികൾക്ക് ഒരു ആശയമുഖം! അതിനാണു ആത്മാർത്ഥമായ നന്ദി എന്നു പറയുന്നത്!
എതിർ മതത്തിന്റെ വർഗ്ഗീയത പോലെ മാർക്സിസവും അന്ധമതവിശ്വാസികളുടെ ശത്രുപക്ഷമാണു. സി.പി.എമ്മിനെ അടിക്കാൻ ഒരു വടികിട്ടുന്നതിൽ അവർക്ക് സന്തോഷമേയുള്ളു. ബലറാമിനെപ്പോലെ പുരോഗമന(?) പ്രതിച്ഛായയുള്ള ഒരാളിൽ നിന്നാകുമ്പോൾ പെരുത്തു സന്തോഷം. ‘നിങ്ങളുടെ നേതാവും കളങ്കിതനാണെ’ന്നു ബലറാമിനെ ഉദ്ധരിച്ച് അവരിനി പറഞ്ഞു നടക്കട്ടെ. ചരിത്രത്തെ ആ വിധത്തിൽ വിദഗ്ദമായി അദ്ദേഹം വളച്ചൊടിച്ചു നൽകി. പക്ഷെ, ബലറാം ഒന്നോർക്കണമായിരുന്നു, കസ്തൂർബയും, കമലയും എത്രവയസിലാണു വരണമാല്യമണിഞ്ഞതെന്നു. കോട്ടിൽ റോസാപ്പൂ ചൂടി നടന്ന ഒരു നേതാവല്ലായിരുന്നു എ.കെ.ജി എന്നും.
ബലറാം വെറുമൊരു എം.ഒ.മത്തായി ആയി തരംതാഴരുത്.
ലേഖകൻ : ശ്രീ. അശോക് കർത്താ
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS