$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി തുടരുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ

ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ 69-ാം റിപ്പബ്ലിക് ദിന പരേഡില്‍ ആദായ നികുതി വകുപ്പിന്റെ ടാബ്ലോ കടന്നു പോകുന്നു ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി ...

ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ 69-ാം റിപ്പബ്ലിക് ദിന പരേഡില്‍ ആദായ നികുതി വകുപ്പിന്റെ ടാബ്ലോ കടന്നു പോകുന്നു

ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി തന്നെ തുടരുന്നുവെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച 2017-18 വര്‍ഷത്തേക്കുള്ള സാമ്പത്തികസര്‍വ്വേ വ്യക്തമാക്കുന്നു.

അന്തര്‍ദ്ദേശീയ വികസനം

ആഗോള സമ്പദ്ഘടന വേഗത കൈവരിക്കുകയാണ്. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്)യുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ അത് 2016ലെ 3.2 ശതമാനത്തില്‍ നിന്ന് 2017ല്‍ 3.6 ശതമാനവും 2018ല്‍ 3.7 ശതമാനവുമായി വളരും.

2017-18ലെ ആദ്യപാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയില്‍ അല്‍പ്പം വര്‍ദ്ധനയുണ്ടായെങ്കിലും ഇന്ത്യയുടെ പണമടവ് മിച്ചനില മികച്ച സ്ഥിതിയില്‍ തന്നെയായിരുന്നു. രണ്ടാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയും കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 15 ബില്യണ്‍ യു.എസ്. ഡോളറില്‍ (ജി.ഡി.പിയുടെ 2.5 ശതമാനം) ല്‍ നിന്നും ഇപ്പോള്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 7.2 ബില്യണ്‍ യു.എസ് ഡോളറി(ജി.ഡി.പിയുടെ 1.2 ശതമാനം)ല്‍ എത്തിയിട്ടുണ്ട്.

വ്യാപാരകമ്മി

 ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര കമ്മി 2014-15 മുതല്‍ നിരന്തരം ഇടിഞ്ഞു വരികയാണ്.

വ്യാപാരത്തിന്റെ ഘടന

തുണിത്തരങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും തുകലും തുകല്‍ ഉല്‍പ്പന്നങ്ങളും ഒഴിച്ചാല്‍ പൊതുവായി പറയുകയാണെങ്കില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 2016-17ല്‍ നല്ല വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2017-18ല്‍ പ്രധാനപ്പെട്ട മേഖലകളായ എഞ്ചിനീയറിംഗ് ചരക്കുകള്‍, പെട്രോളിയം ക്രൂഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നല്ല വളര്‍ച്ചയും രാസവസ്തുക്കളും  ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളിലും തുണിത്തരങ്ങളിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലും സാമാനമായ വളര്‍ച്ചയും സ്വര്‍ണ്ണാഭരണങ്ങള്‍, മുത്തുകള്‍ എന്നിവയില്‍ നെഗറ്റീവ് വളര്‍ച്ചയും രേഖപ്പെടുത്തി.വരും കാലങ്ങളിലും ശുഭപ്രതീക്ഷയാണ് ഈ മേഖലയില്‍ ഇന്ത്യയ്ക്കുള്ളത്. 2017, 2018 കാലത്ത് യഥാക്രമം 4.2, 4 ശതമാനം വീതമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ഇത് വിദേശത്തു നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കും. ജി.എസ്.ടി, ചരക്കുനീക്കരംഗത്ത് വ്യാപാര സൗകര്യമൊരുക്കുന്നതിനും മറ്റുമായി ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള നയം ഇതിനെ കൂടുതല്‍ സഹായിക്കും.

സാമ്പത്തിക സര്‍വേ 2017-18 ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

 • യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പാദനം ഈ സാമ്പത്തിക വര്‍ഷം 6.75 ശതമാനത്തിലെത്തും
 • 2018-19ല്‍ ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു
 • തൊഴില്‍, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും സര്‍വ്വേ

കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന ഗൗരവമേറിയ പരിഷ്‌കാരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനം 6.75 ശതമാനമായും 2018-19 ആകുമ്പോഴേക്കും ഏഴു മുതല്‍ ഏഴര വരെ ശതമാനമായും ഉയരുന്നതിനു സഹായകമാകും. അതോടെ, ലോകത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള വന്‍കിട സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യക്കു തിരികെ ലഭിക്കും. കേന്ദ്ര ധനകാര്യ, കമ്പനികാര്യ വകുപ്പു മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017-18ല്‍ കൈക്കൊണ്ട പരിഷ്‌കരണ നടപടികള്‍ 2018-19ല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുകയും ചെയ്തു

സാമ്പത്തിക ഫെഡറലിസത്തിനും താഴ്ന്ന സന്തുലിത കുരുക്ക് ഒഴിവാക്കാനും ആഹ്വാനം

ഗ്രാമീണ മേഖലയിലെ പ്രാദേശിക ഗവണ്‍മെന്റുകളുടെ നികുതിപിരിവ് കുറഞ്ഞുവരുന്നത് ധനകാര്യ ഫെഡറലിസവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന് തടസമാകുന്നുവെന്ന് മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2017-18ലെ സാമ്പത്തികസര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകള്‍ക്ക് 95 ശതമാനം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്ന് ലഭിക്കുമ്പോള്‍ സ്വന്തമായി അവര്‍ 5% ഫണ്ടുകള്‍ മാത്രമാണ് സമാഹരിക്കുന്നത്. കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ പഞ്ചായത്തുകള്‍ കുറച്ച് പ്രത്യക്ഷനികുതി പിരിക്കുന്നുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ കൂടുതലായും കൈമാറ്റം ചെയ്യുന്ന ഫണ്ടുകളെയാണ് ആശ്രയിക്കുന്നത്.

ചില സംസ്ഥാനങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നികുതി പിരിക്കാന്‍ അനുമതി നല്‍കാത്തതും ഇതിന് കാരണമാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു എന്നാല്‍ പഞ്ചായത്തുകള്‍ക്ക് ഭൂനികുതി പിരിക്കാന്‍ അനുമതി നല്‍കിയാലും ഭൂ നികുതി പിരിവ് 7-19 ശതമാനം മാത്രമാണ് എത്തുന്നത്. കേരളവും കര്‍ണ്ണാടകവും പഞ്ചായത്തുകള്‍ക്ക് വലിയ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍പ്പോലും വീട്ടുകരം പിരിക്കുന്നത് ശേഷിയുടെ മൂന്നിലൊന്ന് മാത്രമാണ്. ചില കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേന്ദ്രം പിരിക്കുന്ന ഇത്തരം നികുതികളും പ്രതീക്ഷയ്ക്ക് ഒപ്പം വരുന്നില്ല.

സാമ്പത്തിക-രാഷ്ട്രീയ വികസനം സാദ്ധ്യമാകണമെങ്കില്‍ മൊത്തനികുതിയില്‍ പ്രത്യക്ഷനികുതിയുടെ ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു. യൂറോപ്പില്‍ പ്രത്യക്ഷനികുതി 70% ആയിരിക്കുമ്പോള്‍ ഇന്ത്യയില്‍ അത് 35% മാത്രമാണ്. ജി.എസ്.ടിയിലുടെ അത് മാറ്റാനാകും. സാമ്പത്തിക വികേന്ദ്രീകരണം എന്നത് ധനകാര്യത്തെ മാത്രം അടിസ്ഥാനമാക്കി പോരെന്നും രാഷ്ട്രീയവും താത്വികവുമായ ആശയങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ-നഗരമേഖലകളിലെ പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയെങ്കിലും അത് പ്രകടമാകുന്നില്ല. അവര്‍ നികുതി വിഭവങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രത്യക്ഷ നികുതി പിരിക്കുന്നതിലും പിന്നാക്കമാണ്. അവര്‍ക്ക് നികുതി അധികാരം കുറവാണ്, അഥവാ ഉണ്ടെങ്കില്‍ തന്നെ അത് വേണ്ടവിധത്തില്‍ വിനിയോഗിക്കുന്നില്ല.

    ഭാവിയില്‍ വിഹിതവും അധികാരങ്ങളും നല്‍കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു. ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങളും അവരുടെ ത്രിതല ഗവണ്‍മെന്റ് സംവിധാനവും പുറത്തുനിന്നുള്ള ഫണ്ടിനെ ആശ്രയിച്ച് സ്തംഭിച്ച് നില്‍ക്കേണ്ടിവരുമെന്നും സര്‍വ്വേ മുന്നറിയിപ്പ് നല്‍കുന്നു.

വളര്‍ച്ചയില്‍ സേവന മേഖലയുടെ സംഭാവന 72.5 ശതമാനം

ഇന്ത്യയുടെ മൊത്ത മൂല്യ വര്‍ദ്ധന(ജി.വി.എ)യുടെ 55.2 ശതമാനവും കൈയാളുന്ന സേവന മേഖല  2017-18ല്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഏകദേശം 72.5 ശതമാനം സംഭാവന ചെയ്തതായി ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച സാമ്പത്തികസര്‍വേ വ്യക്തമാക്കുന്നു. 2017-18 ല്‍ സേവന മേഖലയിലാകെകൂടി 8.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നിടത്ത് സേവന കയറ്റുമതിയില്‍ മാത്രം 2017-18 ആദ്യപകുതിയില്‍ 16.2 ശതമാനം വളര്‍ച്ചയുണ്ടായി. ഡിജിറ്റല്‍വല്‍ക്കരണം, ഇ-വിസ, ചരക്ക് നീക്കത്തിന് അടിസ്ഥാനസൗകര്യ പദവി, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, തുടങ്ങി ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി മുന്‍കൈകളാണ് ഇതിന് കാരണമായത്.

ഗവണ്‍മെന്റിന്റെ നയങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയ ചില സേവന മേഖലകള്‍ :

വിനോദസഞ്ചാരം

ഇന്ത്യയുടെ വിനോദസഞ്ചാരമേഖലയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 8.8 ദശലക്ഷത്തില്‍ നിന്നും 9.7 ദശലക്ഷമായി ഉയര്‍ന്നു. അതുപോലെ വിദേശനാണ്യത്തിന്റെ വരവ് 10.2 ദശലക്ഷം യു.എസ്. ഡോളറായി. ഈ രംഗത്തെ വളര്‍ച്ച 15.6 ശതമാനമാണ്. 2016ല്‍ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, കര്‍ണാടക എന്നിവയായിരുന്നു പ്രധാനപ്പെട്ട അഞ്ച് വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍.

മൂന്നു വിഭാഗങ്ങളായി തിരിച്ച് 163 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസ, വിവിധ മേഖലകളിലൂടെയുള്ള പ്രചരണം, '' പൈതൃക കാല്‍പ്പാടുകള്‍ പിന്തുടരുക' പദ്ധതി, പ്രയത്‌നന്‍ പര്‍വ് ആഘോഷം, തുടങ്ങി നിരവധി മുന്‍കൈകള്‍ ഈ മേഖലയില്‍ കൈക്കൊണ്ടിട്ടുണ്ട്.

ഐ.ടി.-ബി.പി.എം

ഇന്ത്യയുടെ വിവരസാങ്കേതികവിദ്യ -ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്(ഐ.ടി-ബി.പി.എം) 2015-16ലെ 129.4 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2016-17ല്‍ 8.1 ശതമാനം ഉയര്‍ന്ന് 139.9 ബില്യണ്‍ യു.എസ്. ഡോളറായി വളര്‍ന്നു. ഈ കാലഘട്ടത്തിലെ ഐ.ടി-ബി.പി.എം കയറ്റുമതി 107.8 ബില്യണ്‍ യു.എസ്. ഡോളറായിരുന്നത് 7.6 ശതമാനം വളര്‍ന്ന് 116.1 ബില്ല്യന്‍ ഡോളറില്‍ എത്തുകയും ചെയ്തു.

ഈ മേഖലയിലെ കൂടുതല്‍ വളര്‍ച്ചയ്ക്കായി ഡിജിറ്റല്‍ സംശ്ലേഷണത്തിനും 1.45 ലക്ഷം പേര്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെ ബി.പി.ഒ പ്രമോഷന്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍  ചെറിയ നഗരങ്ങളില്‍ സ്ഥാപിച്ചു. 5000 സീറ്റുകളുള്ള ഒരു പ്രത്യേക വടക്ക് കിഴക്കന്‍ ബി.പി.ഒ പ്രമോഷന്‍ പദ്ധതി ആരംഭിച്ചു. ഇതിന് പുറമെ  ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട്‌സിറ്റികള്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ഇ-ഗവേര്‍ണന്‍സ്, സ്‌കില്‍ ഇന്ത്യ, എന്നിവ പോലെയുള്ള ദീര്‍ഘകാല മുന്‍കൈകളും സ്വീകരിച്ചിട്ടുണ്ട്.

റിയല്‍ എസ്‌റ്റേറ്റ്

ഇന്ത്യയുടെ റിയല്‍ എസ്‌റ്റേറ്റ് മേഖല പുരോഗതിയുടെ സൂചനകളാണ് നല്‍കുന്നത്. 2016 സമ്പൂര്‍ണ്ണവര്‍ഷത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിക്ക് മുകളിലുള്ള 257 ദശലക്ഷം യു.എസ്.ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 2017 ആദ്യപകുതിയില്‍ തന്നെ ലഭിച്ചു.

എല്ലാവര്‍ക്കും 2022 ഓടെ പാര്‍പ്പിടം എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ 3.1 ദശലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജയുടെ പ്രയോജനം ഇടത്തരം വരുമാനക്കാര്‍ക്കും ലഭ്യമാക്കി. ഇതോടൊപ്പം റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ നിയമവും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥയും സുതാര്യത ഉറപ്പ് വരുത്തുന്നു.

ആര്‍. ആന്റ് ഡി

ഗവേഷണവും വികസനവും ഉള്‍ക്കൊള്ളുന്ന പ്രൊഫഷണല്‍ ശാസ്ത്ര-സാങ്കേതിക മേഖലയില്‍ 2014-15, 2015-16 വര്‍ഷങ്ങളില്‍ യഥാക്രമം 17.5 ശതമാനം 41.1 ശതമാനം എന്ന നിലയില്‍ വളര്‍ച്ചയുണ്ടായി. ആഗോളതലത്തില്‍ 22 ശതമാനം വരുന്ന ഇന്ത്യയുടെ ആര്‍ ആന്റ് ഡി കമ്പനികള്‍ക്ക് 12.7 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ മേഖലയിലുള്ള മൊത്തം ചെലവ് ജി.ഡി.പിയുടെ ഒരു ശതമാനം വരും. ഗ്ലോബല്‍ ഇന്നോവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 2017ല്‍ 60 ആണ്.
    2022 ഓടെ ഈ മേഖലയില്‍ 14% വളര്‍ച്ച പ്രതീക്ഷിച്ചുകൊണ്ട് വിവിധ മന്ത്രാലയങ്ങള്‍ നിരവധി പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നു. കാര്‍ഷിക, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലും വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ബഹിരാകാശം

ഉപഗ്രഹ വിക്ഷേപണ സേവനത്തിലൂടെ ഇന്ത്യയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2014-15ല്‍ 149 കോടി രൂപയായിരുന്നത് 2015-16, 2016-17ല്‍ യഥാക്രമം 395ഉം 275ഉം കോടി രൂപയായി ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ പി.എസ്.എല്‍.വിയിലൂടെ 254 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിച്ചത്.

ഉപഗ്രഹ വിക്ഷേപണരംഗത്തെ ആഗോള വരുമാനപങ്കാളിത്തവും 2014-15ലെ 0.3 ശതമാനത്തില്‍ നിന്നും 2015-16ല്‍ 1.1% മായി ഉയര്‍ന്നു.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനം വികസനലക്ഷ്യങ്ങളില്‍ പ്രകടം: സാമ്പത്തിക സര്‍വേ

പാര്‍ലമെന്റില്‍ ഇന്നലെ  അവതരിപ്പിച്ച 2017-18 സാമ്പത്തിക സര്‍വ്വേയില്‍ സ്ഥായിയായ വികസനം, ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം എന്ന അധ്യായത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നു. സ്ഥായിയായ വികസനത്തിനു മാലിന്യാംശം കുറഞ്ഞ ഊര്‍ജം ഉപയോഗിക്കുന്നതിനാണു പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും 2005നെ അപേക്ഷിച്ച് ബഹിര്‍ഗമനം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 മുതല്‍ 35 വരെ ശതമാനമായി കുറച്ചുകൊണ്ടുവരണമെന്ന പാരിസ് പ്രഖ്യാപനത്തോടു നീതി പുലര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ നഗരജനസംഖ്യ 2031 ആകുമ്പോഴേക്ക് 600 ദശലക്ഷമായി ഉയരുമെന്നും സ്ഥായിയായ വികസനത്തിനു മുനിസിപ്പല്‍ ബോണ്ടുകള്‍, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടികള്‍ എന്നിവയിലൂടെ പണം കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നു. 2017 നവംബറിലെ കണക്കു പ്രകാരം ആകെ വൈദ്യുതിയുടെ 18 ശതമാനം പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളില്‍നിന്നാണെന്നു സര്‍വ്വേ വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തെ നേരിടുന്നതില്‍ ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധത വിശദീകരിക്കവേ, 2017-18 മുതല്‍ 2019-20 വരെയുള്ള കാലത്തേക്ക് എട്ടു ഗ്ലോബല്‍ ടെക്‌നോളജി വാച്ച് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതും ഇതിനായി 132.4 കോടി ബഡ്ജറ്റ് വിഹിതം നീക്കിവെക്കുന്നതും സര്‍വ്വേയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ദേശീയ അഡാപ്ഷന്‍ ഫണ്ട് 2020 മാര്‍ച്ച് വരെ തുടരുന്ന കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് 364 കോടി രൂപ ആവശ്യമായിവരും.

പരോക്ഷ നികുതിദായകരില്‍ 50% വര്‍ദ്ധന; ജി.ഡി.പിയുടെ 60% ആഭ്യന്തര വ്യാപാരം

പഴയ നികുതി സമ്പ്രദായത്തില്‍ നിന്നും ജി.എസ്ടിയിലേക്ക് വ്യാപാര മേഖല മാറിയതോടെ പരോക്ഷ നികുതിദായകരില്‍ 50ശതമാനം വര്‍ദ്ധനയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നതായി 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.     മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയുടെ 70% നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍കിട കമ്പനികളില്‍ നിന്നും ചരക്കുകള്‍ വാങ്ങുന്ന ചെറിയ കമ്പനികളാണ് സ്വയം രജിസ്‌ട്രേഷന് മുന്നില്‍ വന്നിട്ടുള്ളവയില്‍ ഭൂരിഭാഗവും.  മൊത്തം 9.8 ദശലക്ഷം വ്യാപാരികളാണ് ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് പഴയ സംവിധാനത്തെ അപേക്ഷിച്ച് 3.4 ദശലക്ഷം കൂടുതലാണ്.

    ഫയല്‍ ചെയ്ത റിട്ടേണുകളുടെ അടിസ്ഥാനത്തില്‍ വിറ്റുവരവിന്റെയും ഉപഭോക്താക്കളുമായുള്ള വ്യാപാരത്തിന്റെയും അടിസ്ഥാനത്തിലുള്ളത് മൊത്തത്തിന്റെ 17% മാത്രമാണ്. ബഹുഭൂരിപക്ഷം വരുന്ന അതായത് 30-34%വും ബിസിനസ് ടു ബിസിനസും കയറ്റുമതിയുമായി ബന്ധപ്പെട്ടവയാണ്. ജി.എസ്.ടി പരിധിക്ക് താഴെയുള്ളവര്‍ 1.7%വുമുണ്ട്. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയില്‍ 13%ത്തോളം കാര്‍ഷികേതര സംരംഭങ്ങളാണ്. മഹാരാഷ്ട്ര, യു.പി, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ളത്. പഴയ നികുതി സമ്പ്രദായവുമായി തട്ടിച്ചുനോക്കുമ്പോള്‍ യു.പിയിലും പശ്ചിമ ബംഗാളിലും ജി.എസ്.ടി രജിസ്‌ട്രേഷനില്‍ വലിയ വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്. ഓരോ സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയുടെ അടിസ്ഥാനത്തിലാണ് അവയുടെ ജി.എസ്.ടിയുടെ അടിത്തറ എന്നത് അടിവരയിടേണ്ടകാര്യവുമാണ്.

    കയറ്റുമതി സംബന്ധിച്ച പരിശോധന വ്യക്തമാക്കുന്നത് ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍, അതായത് മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നിവ ഇന്ത്യയുടെ കയറ്റുമതിയുടെ 70%വും കൈയാളിയെന്നതാണ്. കയറ്റുമതിയും സംസ്ഥാനങ്ങളുടെ ജീവിതനിലവാരവും തമ്മില്‍ പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നതായി സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍വേ ഇന്ത്യയുടെ സംസ്ഥാനാന്തര വ്യാപാരം ജി.ഡി.പിയുടെ 30-50 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജി.എസ്.ടി കണക്കുകളുടെ അടിസ്ഥാനത്തില്‍ അത് ജി.ഡി.പിയുടെ 60 ശതമാനായി വര്‍ദ്ധിച്ചുവെന്നും കാണാം.

    യു.എസ്, ബ്രസില്‍, മെക്‌സികോ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കുറവാണെന്നും സര്‍വേ വ്യക്തമാക്കുന്നു. സാമൂഹികസുരക്ഷ സംവിധാനങ്ങള്‍ ശക്തമായതോടെ ഇന്ത്യയുടെ ഔപചാരിക കാര്‍ഷികേതര ശമ്പളപട്ടിക പ്രതീക്ഷിച്ചിരുന്നതിലും വളരെ വലുതായി. ഈ മേഖലയില്‍ 31% വര്‍ദ്ധന സര്‍വേ പറയുന്നു.

    '' ജി.എസ്.ടിയിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള ഒരു നവ ആവേശമുണര്‍ത്തുന്ന വിഹഗവീക്ഷണം'' എന്ന അദ്ധ്യായം റവന്യു ന്യൂട്ടറല്‍ റേറ്റി(ആര്‍.എന്‍.ആര്‍) നെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ആര്‍.എന്‍.ആര്‍ കമ്മിറ്റി 68.8 ലക്ഷം കോടി രൂപയും ജി.എസ്.ടി കൗണ്‍സില്‍ 65.8 ലക്ഷം കോടിയുമാണ് നികുതി അടിത്തറയായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍(കയറ്റുമതി ഒഴികെയുള്ളത്) വ്യക്തമാക്കുന്നത് 65-70 ലക്ഷം കോടി രൂപയാണ് ഇതെന്നാണ്. രണ്ടു മുന്‍ വിലയിരുത്തലുകള്‍ക്കും അടുത്തുവരുന്നുണ്ട് ഇത്. ആദ്യത്തെ കുറച്ച് മാസങ്ങളുടെ പിരിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അത് ശരാശരി 15.6 ശതമാനമാണ്.അതുകൊണ്ട് ആര്‍.എന്‍.ആര്‍ കമ്മിറ്റി വിലയിരുത്തിയതു പോലെ ഏകനികുതി നിരക്ക് സംരക്ഷിക്കുന്ന റവന്യു ന്യൂട്രാലിറ്റി റേറ്റ് 15 -16% മായിരിക്കും.

നോട്ട് അസാധുവാക്കല്‍ സമ്പാദ്യം വര്‍ധിക്കാനിടയാക്കിയെന്നു സാമ്പത്തിക സര്‍വേ

ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വേ 2017-18ല്‍ നിക്ഷേപ, സമ്പാദ്യ സാഹചര്യങ്ങളെക്കുറിച്ചു പ്രതിപാദിച്ച പ്രധാന കാര്യങ്ങള്‍:
രണ്ടായിരാമാണ്ടിന് ഇപ്പുറം ഇന്ത്യയില്‍ അനുഭവപ്പെട്ട ചരിത്രപരമായ നിക്ഷേപ, സമ്പാദ്യ വര്‍ധനാ നിരക്ക് പിന്നീട് തളര്‍ച്ചയിലേക്കു നീങ്ങി. നിക്ഷേപവും സമ്പാദ്യവും താഴ്ന്നുനില്‍ക്കുന്ന സാഹചര്യം തുടരുകയാണ്.

2007ല്‍ 38.3 ശതമാനമായിരുന്ന ആഭ്യന്തര സമ്പാദ്യവും മൊത്ത ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 2013ല്‍ 29.2 ശതമാനമായി താഴ്ന്നിരുന്നു. എന്നാല്‍, 2016ല്‍ ഇത് 29 ശതമാനമായി.

2007 മുതല്‍ 2016 വരെയുള്ള കാലത്ത് നിക്ഷേപത്തില്‍ ഉണ്ടായ വീഴ്ച സമ്പാദ്യത്തെ അപേക്ഷിച്ചു കുറവാണെങ്കിലും ഇടിവുണ്ടായി എന്നതാണു വസ്തുത.

2007-08 മുതല്‍ 2015-16 വരെയുള്ള കാലത്തു നിക്ഷേപത്തിലുണ്ടായിട്ടുള്ളത് 6.3 ശതമാനം വീഴ്ചയാണെങ്കില്‍ ഇതില്‍ അഞ്ചു ശതമാനവും സംഭവിക്കാന്‍ കാരണം സ്വകാര്യ നിക്ഷേപങ്ങളാണ്.

1997നു ശേഷം ഏഷ്യന്‍ രാഷ്ട്രങ്ങളാണ് ഏറ്റവും കൂടുതല്‍ സാമ്പത്തികമാന്ദ്യം നേരിട്ടത്. എന്നാല്‍ 2008നു ശേഷം മാന്ദ്യത്തെ നേരിടുന്നതില്‍ ഈ രാഷ്ട്രങ്ങള്‍ വിജയിച്ചുവരികയാണ്. ഇന്ത്യയില്‍ നിക്ഷേപത്തളര്‍ച്ച 2012ല്‍ ആരംഭിക്കുകയും അതു പിന്നീട് വര്‍ദ്ധിക്കുകയും ചെയ്തു. 2016 വരെ ഇതു തുടരുകയായിരുന്നു. സമ്പാദ്യം കുറയുന്നതിലേറെ നിക്ഷേപം കുറയുന്നതാണ് വളര്‍ച്ചയെ തളര്‍ത്തുക. അതിനാല്‍ കള്ളപ്പണം കണ്ടെത്തുകയും സ്വര്‍ണം പണമാക്കിമാറ്റുന്നത് പ്രോല്‍സാഹിപ്പിക്കുകയും വഴി സമ്പാദ്യം വര്‍ധിപ്പിക്കുകയും, അതിലൂടെ നിക്ഷേപം കണ്ടെത്തുകയും ചെയ്യുന്നതിന് ഹ്രസ്വകാല നയങ്ങള്‍ നടപ്പാക്കുന്നതിന്  ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിച്ചു. നിക്ഷേപതാല്‍പര്യം പുനരുജ്ജീവിപ്പിക്കുന്നതിനായി കിട്ടാക്കടങ്ങള്‍ സംബന്ധിച്ചും പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ചും കൈക്കൊള്ളേണ്ട നടപടികള്‍ക്കു മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.

ആരോഗ്യരംഗത്ത് സുസ്ഥിരവികസനത്തിനുള്ള പ്രതിബദ്ധത സര്‍വേ ഊന്നിപ്പറയുന്നു

ദേശീയ ആരോഗ്യ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയടക്കം ആരോഗ്യമേഖലയിലെ സുസ്ഥിരവികസന (എസ്.ഡി.ജി.-3) ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്ര മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2017-18ലെ സാമ്പത്തികസര്‍വ്വേയില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെയും പ്രസവ സമയത്തേയും പോഷകാഹാരകുറവാണ് 2016വരെ ഇന്ത്യയിലെ ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട പ്രശ്‌നമെന്ന് സര്‍വ്വേ പറയുന്നു. മലിനീകരണം, ഭക്ഷണക്രമത്തിലെ അപായ സാധ്യതകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

2020 ആകുമ്പോള്‍ സംസ്ഥാനങ്ങള്‍ ബജറ്റിന്റെ 6 ശതമാനം ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്‌ക്കേണ്ടിവരുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. 1990 മുതല്‍ 2016വരെ സംസ്ഥാനങ്ങളിലെ രോഗങ്ങളെയും കുറിച്ച് വിശദമായ പഠനം നടത്തിയ ഹെല്‍ത്ത് നേഷന്‍ സ്‌റ്റേറ്റ്‌സ് 2017ലെ കണ്ടെത്തലുകളും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനങ്ങള്‍ ആരോഗ്യത്തിന് വേണ്ടി നടത്തുന്ന ചെലവുകള്‍ ഗുണഫലങ്ങള്‍ നല്‍കുന്നുണ്ടോയെന്നും സര്‍വ്വേ നിര്‍േദ്ദശിക്കുന്നു.

1990 നും 2005നും ഇടയ്ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ പത്തുവര്‍ഷത്തെ വര്‍ദ്ധനയുണ്ടായത് ചൂണ്ടിക്കാട്ടി ആരോഗ്യനിലയില്‍ മെച്ചമുണ്ടായിട്ടുണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. എന്നാല്‍ പരിശോധന ഫീസുകളില്‍ വിവിധ കേന്ദ്രങ്ങളിലുള്ള വ്യത്യസ്ത നിരക്കുകള്‍ സര്‍വ്വേ ആകുലതയോടെ ചൂണ്ടിക്കാട്ടുകയും ഇത് പരിഹരിക്കണമെന്ന് നിര്‍േദ്ദശിക്കുകയും ചെയ്യുന്നു. 2017ലെ ദേശീയ ആരോഗ്യനയം ആരോഗ്യരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സര്‍വ്വേ പ്രത്യാശിക്കുന്നു.

ഗ്രാമീണമേഖലയിലെ ശുചിത്വ പരിപാലനത്തില്‍ വന്‍ വര്‍ദ്ധന

സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചതോടെ ഗ്രാമീണ ഇന്ത്യയിലെ ശുചിത്വപരിപാലനത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതായി കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ പറയുന്നു. 2014ല്‍ 39 ശതമാനമായിരുന്ന ശുചിത്വസംവിധാനങ്ങള്‍ 2018 ആയപ്പോള്‍ 76 ശതമാനത്തിലെത്തി.


ഗ്രാമീണമേഖലയില്‍ വെളിയിടങ്ങളില്‍ വിസര്‍ജ്ജനം നടത്തുന്നവരുടെ എണ്ണം 2014-ഒക്‌ടോബറില്‍ 55 കോടിയായിരുന്നത് 2018 ജനുവരിയില്‍ 25 കോടിയായി കുറഞ്ഞു. ഇതുവരെ ഇന്ത്യയിലെ 296 ജില്ലകളേയും 307,349 ഗ്രാമങ്ങളെയും വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എട്ടു സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും പൂര്‍ണ്ണമായും വെളിയിടമുക്തമായവയാണ്.  നാഷണല്‍ സാമ്പിള്‍ സര്‍വേയും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും നടത്തിയ സര്‍വ്വേ പ്രകാരം 2016ലും 2017ലും ഇന്ത്യയിലെ 90 ശതമാനം ആള്‍ക്കാരും ശൗചാലയം ഉപയോഗിക്കുന്നുണ്ട്.

വെളിയിടങ്ങളില്‍ വിസര്‍ജ്ജനം നടത്തുന്നവരില്‍ വലിയ കുറവുണ്ടായിയെന്ന സര്‍വേ ഫലം തൃപ്തി നല്‍കുന്നതാണ്. ഇത് ആരോഗ്യ സാമ്പത്തിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാണ്. ശൗചാലയമുണ്ടെങ്കില്‍  ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം 50,000 രൂപ ലാഭിക്കാനാകുമെന്ന് യുണിസെഫ് വിലയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ സുസ്ഥിരവികസനത്തിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത

വിദ്യാഭ്യാസ രംഗത്തെ സുസ്ഥിര വികസനലക്ഷ്യങ്ങള്‍ (എസ്.ഡി.ജി-4) ഇന്നലെ  കേന്ദ്ര മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ അടിവരയിടുന്നു. പ്രാഥമികവിദ്യാഭ്യാസം സാര്‍വത്രികമാക്കിയതിലുണ്ടായ നേട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നതിനോടൊപ്പം പ്രാഥമിക, എലിമെന്ററി സ്‌കൂളുകളില്‍ കുട്ടികള്‍ ചേരുന്നത് വര്‍ദ്ധിച്ചതും ചൂണ്ടിക്കാട്ടുന്നു. അഖിലേന്ത്യാതലത്തില്‍ വിദ്യാര്‍ത്ഥി - ക്ലാസ് മുറി അനുപാതവും വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതവും പാലിച്ച്‌പോരുന്ന സ്‌കൂളുകള്‍ വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം വിദ്യാര്‍ത്ഥി ക്ലാസ് റൂം അനുപാതത്തിലും വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും സര്‍വേ പറയുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിലുള്ള ലിംഗപരമായ വ്യത്യാസം കൂറഞ്ഞിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

2017-18 ലെ പിങ്ക് സാമ്പത്തിക സര്‍വെ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നു

ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പദ്ധതികള്‍,  നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ  ഗവണ്‍മെന്റിന്റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2017-18 ലെ സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന നല്കുന്ന  സാമ്പത്തിക സര്‍വെയില്‍ മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ലിംഗ പദവിക്ക്  ഇന്ത്യ നല്കുന്ന മുന്‍ഗണനയും, അതിന്റെ ഭാവി സ്വാധീനങ്ങളുമാണ് വിലയിരുത്തുന്നത്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ വര്‍ഷത്തെ സര്‍വെ പിങ്കു നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.

പരമ്പരാഗതമായി തന്നെ ലിംഗ സമത്വം ബഹുമുഖ വിഷയമാണ് എന്ന് സര്‍വെ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ, പങ്കാളിത്തം, ശാക്തീകരണം എന്നിവ പ്രതിഫലിപ്പിക്കുന്ന ലിംഗ പദവിയുടെ മൂന്നു മാനങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. പ്രാതിനിധ്യം ( ഉത്പാദനം,   ശേഷിയുടെയും സമയത്തിന്റെയും വ്യയം, ഗാര്‍ഹിക ജോലികള്‍, യാത്രകള്‍, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍) നിലപാട് ( സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍,  ഭാര്യത്വം, എത്ര പെണ്‍- ആണ്‍ മക്കള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍) ഫലങ്ങള്‍ ( ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന, സ്ത്രീകളുടെ ജോലി, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, വിദ്യാഭ്യാസ നിലവാരം, വിവാഹ പ്രായം, ആദ്യ പ്രസവ പ്രായം, സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികവും ലൈംഗീകവുമായ അതിക്രമങ്ങള്‍) എന്നിവയാണ് അവ.

കഴിഞ്ഞ 10 -15 വര്‍ഷമായി സ്ത്രീകളെ സംബന്ധിക്കുന്ന പ്രാതിനിധ്യം, നിലപാട്, ഫലങ്ങള്‍ എന്നിവയില്‍  ഇന്ത്യ 17 -ല്‍ 14 സൂചകങ്ങളിലും പുരോഗതി കൈവരിച്ചിരിക്കുന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തന്നെ ഏഴു മേഖലകളില്‍ മറ്റ്  വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ വളരെ മുന്നിലുമാണ്. സാമ്പത്തികമായി ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ തോതിലുള്ള പുരോഗതി കൈവരിക്കുന്നു എന്നാണ് സര്‍വെയുടെ കണ്ടെത്തല്‍.  എന്നാല്‍  സ്ത്രീകളുടെ തൊഴില്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, പെണ്‍കുട്ടിക്കു മുന്‍ഗണന തുടങ്ങിയ  ചില സൂചകങ്ങളില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു പിന്നിലാണ്.

എന്നാല്‍ ഇന്ത്യയില്‍തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിനു മാതൃകയായി ഇക്കാര്യത്തില്‍ മുന്നിലാണ്. അത്ഭുതകരമായ ഒരു വസ്തുത ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വികസനത്തില്‍ മുന്നിലാണെങ്കിലും സ്ത്രീകളുടെ പദവിയില്‍ പിന്നിലാണ്.

സ്ത്രീകളുടെ തുല്യ പദവി എന്നത് നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്നതാണ്. ഇത് ഒരു വെല്ലുവിളിയായിട്ടാണ് സാമ്പത്തിക സര്‍വെ 2017 -18 ചൂണ്ടിക്കാണിക്കുന്നത്.  ഇതിനു പരിഹാരം കാണുന്നതിന് എല്ലാ ഗുണഭോക്താക്കളുടെയും കൂട്ടായ പരിശ്രമം വേണമെന്നും സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.

ആണ്‍കുട്ടിക്കു നല്കുന്ന അമിത പ്രിയം പോലുള്ള സാമൂഹിക മുന്‍ഗണനകളില്‍ രാജ്യം ചില ഒത്തുതീര്‍പ്പുകള്‍ നടത്തണം എന്നാണ് സര്‍വ്വേ ശിപാര്‍ശ ചെയ്യുന്നത്. രാജ്യത്തെ ലിംഗാനുപാതത്തില്‍ പുരുഷന്മാരാണ് മുന്നില്‍.  ഇവിടെ സ്ത്രീകളുടെ അഭാവമാണ് ശ്രദ്ധിക്കപ്പെടുന്നത്. പെണ്‍ ഭ്രൂണഹത്യ നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ കുടുംബങ്ങളില്‍ 'ആവശ്യമില്ലാത്ത' പെണ്‍കുഞ്ഞുങ്ങളുടെ സംഖ്യ ഏതാണ്ട് 21 ദശലക്ഷമായിട്ടുണ്ട് എന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന പദ്ധതികള്‍, നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ  ഗവണ്‍മെന്റിന്റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണ് എന്ന് സര്‍വെ അംഗീകരിക്കുന്നുണ്ട്.  സ്ത്രീകളുടെ തുല്യ പദവി എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം മുന്നേറുകയാണ് എന്നും സര്‍വ്വേ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സമ്പദ്ഘടനയിലെ പത്തു പുതിയ വസ്തുതകള്‍


 1. പ്രത്യക്ഷ പരോക്ഷ നികുതിദായകരില്‍ വലിയ വര്‍ദ്ധന.
 2. ഔപചാരിക കാര്‍ഷികേതരമേഖലയിലെ ശമ്പളപട്ടിക വിചാരിച്ചതിനെക്കാളും വര്‍ദ്ധിച്ചു.
 3. സംസ്ഥാനങ്ങളുടെ സമ്പല്‍സമൃദ്ധി അന്താരാഷ്ട്ര സംസ്ഥാനന്തര വ്യാപാരവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
 4. ഇന്ത്യയുടെ ശക്തമായ കയറ്റുമതിഘടന മറ്റു വലിയ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സമത്വാധിഷ്ഠിതം.
 5. വസ്ത്രവ്യവസായ മേഖലയില്‍ നല്‍കിയ സഹായങ്ങള്‍ റെഡിമെയ്ഡ് കയറ്റുമതി ഊര്‍ജ്ജിതമാക്കി.
 6. ഉദ്ദേശിക്കുന്ന തരത്തില്‍ ആണ്‍മക്കളെ ലഭിക്കുന്നതുവരെ ഇന്ത്യന്‍ മാതാ-പിതാക്കള്‍ ഇപ്പോഴും ശ്രമം തുടരുന്നു.
 7. ഗവണ്‍മെന്റ് നടപടി നികുതിമേഖലയിലെ നിയമപോരാട്ടം വലിയ അളവില്‍ കുറച്ചു.
 8. വളര്‍ച്ചയ്ക്ക് വീണ്ടും തിരികൊടുക്കാനായി സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക പ്രധാനം.
 9. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും പ്രാദേശിക ഗവണ്‍മെന്റുകളുടെയും നേരിട്ടുള്ള നികുതി പരിവ് മറ്റ് ഫെഡറല്‍ രാജ്യങ്ങളിലെ ഇവരുടെ പങ്കാളികളെ അപേക്ഷിച്ച് വളരെ കുറവ്.
 10.  പ്രതികൂല കാലാവസ്ഥ കാര്‍ഷിക ഉല്‍പ്പാദനത്തെ ബാധിച്ചു.


    ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ നികുതിദായകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും,  പ്രതികൂല കാലാവസ്ഥ കാര്‍ഷികമേഖലയിലുണ്ടാക്കിയ തിരിച്ചടിയുമുള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തമായി സ്വാധീനിച്ച പത്തു പ്രധാനപ്പെട്ട വസ്തുകകള്‍ പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ എടുത്തുകാട്ടുന്നു. കാര്‍ഷികമേഖലയിലെ ശമ്പളപട്ടിക വിശ്വസിക്കാവുന്നതിനെക്കാളും കൂടുതല്‍ വളര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയെന്ന പുതിയ വികസനമന്ത്രവും സാമ്പത്തികസര്‍വേ മുന്നോട്ടു വയ്ക്കുന്നുണ്ട്.

    രാജ്യത്തെ പരോക്ഷ നികുതിദായകരുടെ വര്‍ദ്ധനയ്ക്ക് പ്രധാനകാരണമായി സര്‍വേ ചൂണ്ടിക്കാട്ടുന്നത് ചരക്ക് സേവന നികുതി(ജി.എസ്.ടി)യെയാണ്

    ജി.എസ്.ടിയോടെ പരോക്ഷനികുതി ദായകരില്‍ 50% വര്‍ദ്ധനയുണ്ടായി. ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റിന് വേണ്ടി സ്വയമേവ തന്നെ പല ചെറുകിട സ്ഥാപനങ്ങളും നികുതി രജിസ്‌ട്രേഷന് തയാറായി. അതുപോലെ പ്രധാനപ്പെട്ട ഉല്‍പ്പാദക സംസ്ഥാനങ്ങള്‍ ജി.എസ്.ടി മൂലം അവരുടെ നികുതിവരവിലുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാനായി വിതരണശൃംഖലയെ അവരുടെ സമ്പദ്ഘടനയുമായി അടുത്ത് ബന്ധിപ്പിച്ചു. ഇതോടൊപ്പം 2016 നവംബറിന് ശേഷം വ്യക്തിഗത ആദായനികുതി റിട്ടേണുകളില്‍ 18 ലക്ഷം വര്‍ദ്ധനയുമുണ്ടായിട്ടുണ്ട്.

    സാമൂഹിക സുരക്ഷ സംവിധാനങ്ങളായ ഇ.പി.എഫ്.ഒ/ഇ.എസ്.ഐ.സി എന്നിവ കര്‍ശനമാക്കിയതോടെ ഇന്ത്യയുടെ ഔപചാരിക കാര്‍ഷികേതര ശമ്പളപട്ടികയില്‍ 31%ത്തിന്റെ വര്‍ദ്ധനയുണ്ടായി. ഇത് ജി.എസ്.ടിയുമായി ബന്ധപ്പെടുത്തിനോക്കിയാല്‍ 53% വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

    ചരിത്രത്തിലാദ്യമായി സംസ്ഥാനങ്ങളുടെ അന്താരാഷ്ട്ര-സംസ്ഥാനാന്തര വ്യാപാര വിവരങ്ങള്‍ സാമ്പത്തിക സര്‍വേയിലുള്‍പ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ അന്താരാഷ്ട്ര-സംസ്ഥാനാന്തര വ്യാപാരമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ സമ്പന്നമാണെന്ന് ഇതിലൂടെ കണ്ടെത്താനായിട്ടുണ്ട്.

    മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വലിയ സ്ഥാപനങ്ങള്‍ക്ക് കയറ്റുമതിയില്‍ ചെറിയ പങ്കാണുള്ളതെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ശതമാനം കമ്പനികളുടെ പങ്ക് വെറും 38% മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട 5% കമ്പനികളുടെ കണക്ക് എടുത്താലും ഈ വസ്തുത കാണാനാകും. എന്നാല്‍ വസ്ത്രവ്യവസായ രംഗത്ത് സംസ്ഥാന ലെവികളില്‍ റിബേറ്റ് അനുവദിച്ചതിലൂടെ റെഡിമെയ്ഡ് കയറ്റുമതിയില്‍ 16% വര്‍ദ്ധനയുണ്ട്. എന്നാല്‍ മറ്റ് തുണിത്തരങ്ങളില്‍ അതില്ലതാനും.

    ഇന്ത്യന്‍ സമൂഹത്തിന് ആണ്‍കുട്ടികളോടുള്ള താല്‍പര്യം കൂടുതലാണെന്ന് സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതുവരെ അതിന് വേണ്ടി ശ്രമിക്കാനുള്ള പ്രവണത ഇന്ത്യയിലെ മാതാപിതാക്കള്‍ കാട്ടുന്നുണ്ട്. നികുതിവകുപ്പ് കൈകാര്യം ചെയ്യുന്ന നികുതി തര്‍ക്കങ്ങള്‍ക്ക് വലിയ വിജയമില്ലായെന്നും സര്‍വേ ചുണ്ടിക്കാട്ടുന്നു. ഇതിന്റെ വിജയനിലവാരം 30% ന് താഴെയാണ്. അവകാശപ്പെടുന്ന മൂല്യത്തിന്റെ 1.8 ശതമാനം മാത്രമാണ് കെട്ടികിടക്കുന്ന കേസുകളില്‍ 66%വും.

    സമ്പാദ്യത്തിലെ വര്‍ദ്ധന വളര്‍ച്ചയെ സഹായിക്കുന്നില്ലെന്നും അതേസമയം നിക്ഷേപത്തിന്റെ വളര്‍ച്ച സാമ്പത്തികവളര്‍ച്ചയെ സഹായിക്കുന്നുവെന്നും സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ മറ്റ് ഫെഡറല്‍ സംവിധാനങ്ങളിലെ സംസ്ഥാനങ്ങളെക്കാള്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രത്യക്ഷനികുതി പിരിച്ചെടുക്കുന്നതില്‍ പിന്നാക്കമാണ്. കഠിനമായ ചൂടിലുണ്ടാകുന്ന വര്‍ദ്ധനയും മഴയിലെ കുറവും കാര്‍ഷികമേഖലയിലെ വളര്‍ച്ചയില്‍ വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ജലസേചന സൗകര്യം കുറവുള്ള  പ്രദേശങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം ജലസേചനമുള്ളിടത്തേക്കാള്‍ ഇരട്ടിയാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി തുടരുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ
ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി തുടരുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ
https://1.bp.blogspot.com/-vTxYhZgbN_Y/WnAFM9dtzCI/AAAAAAAAEqQ/z7cyumL65R4HAtUqU7YgZ-5teMa99IsLgCLcBGAs/s320/income-tax-tableu.JPG
https://1.bp.blogspot.com/-vTxYhZgbN_Y/WnAFM9dtzCI/AAAAAAAAEqQ/z7cyumL65R4HAtUqU7YgZ-5teMa99IsLgCLcBGAs/s72-c/income-tax-tableu.JPG
Kayamkulam Online
https://www.kayamkulamonline.com/2018/01/indias-external-sector-continues-to-be.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/01/indias-external-sector-continues-to-be.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy