വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ശ്രീ നരേന്ദ്രഭൂഷൺ . മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപക പത്രാധിപരാ...
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ശ്രീ നരേന്ദ്രഭൂഷൺ . മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു (1970 മുതൽ 2010 വരെ - 40 വർഷം).
1937 മേയ് 22നു ചെങ്ങന്നൂരിൽ ആയിരുന്നു നരേന്ദ്രന്റെ ജനനം. കല്ലിശ്ശേരി ഹൈസ്ക്കൂളിലും ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലും പഠനത്തിനും ശേഷം പത്രപ്രവർത്തനവും മറ്റു ജോലികളുമായി പല സ്ഥലങ്ങളിൽ പൊയിട്ടുണ്ട്. റെയിൽവേയിലെ അന്തസ്സുള്ള ജോലി ഉപേക്ഷിച്ചാണു അദ്ദേഹം തന്റെ മേഖലയായ വേദപഠനത്തിലേക്ക് തിരിയുന്നത്. വേദങ്ങൾ ഗുരുകുലരീതിയിൽ പഠിക്കുവാൻ അദ്ദേഹം ഹരിയാനയിലെ ഹിസ്സാർ മഹാവിദ്യാലയത്തിൽ എത്തുകയും അവിടുത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായി മാറുകയും ചെയ്തു.
ഹരിയാനയിലെ ഹിസ്സാർ മഹാവിദ്യാലയത്തിൽ നിന്നും വിദ്യാരത്ന, വിദ്യാഭൂഷൺ, ആചാര്യ ബിരുദങ്ങൾ നേടി. പിന്നീട് ആചാര്യപദവി ഉപേക്ഷിച്ചു.
വേദപ്രചരണത്തിനു മാത്രമായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച കേരളത്തിലെ പ്രമുഖ വേദപണ്ഡിതനായിരുന്ന നരേന്ദ്രഭൂഷൺ 1970-ൽ തുടങ്ങിവച്ചതാണു ആർഷ നാദം മാസിക.
1970 മുതൽ മലയാളികൾ വൻ തോതിൽ വിദേശരാജ്യങ്ങളിൽ ഉപജീവനത്തിനായി ചേക്കേറുവാൻ തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണു നരേന്ദ്രഭൂഷൺ വേദം അപൗരുഷേയമോ പൗരുഷേയമോ എന്ന ചോദ്യവുമായി എത്തുന്നത്. ശിബിരങ്ങൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പ്രബന്ധങ്ങൾ, യജ്ഞങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഗുരുകുലങ്ങൾ, യാത്രകൾ, തർക്കങ്ങൾ, മാദ്ധ്യമചർച്ചകൾ, വിവാദങ്ങൾ ഇവയിലെല്ലാം നരേന്ദ്രഭൂഷൺ തന്റെ വലിപ്പത്താലല്ല കടന്നിരുന്നത്, മറിച്ച്, ചെറുപ്പം കൊണ്ടാണു തന്റെ വലിപ്പം കാട്ടിയത്. ആയിരങ്ങളുടെ സദസ്സിലും നൂറുപേരുള്ള സദസ്സിലും ഒരാൾക്കു വേണ്ടിയും ഒരേപോലെ പ്രസംഗിച്ചു. രണ്ടു പേർക്ക് വേണ്ടിയും പത്തു പേർക്ക് വേണ്ടിയും ശിബിരം നടത്തി. ഒരാൾക്കു വേണ്ടി ഗുരുകുലം നടത്തി. മുഖ്യധാരാപത്രങ്ങൾക്കു വേണ്ടി കോളങ്ങളെഴുതുമ്പോൾത്തന്നെ അവരെന്തു ധരിക്കും എന്നു നോക്കാതെ, വായനക്കാരുടെ എണ്ണം നോക്കാതെ, ആർഷനാദമെന്ന സ്വന്തം മാസികയേക്കാൾ എണ്ണം കുറഞ്ഞ ദിനപ്പത്രങ്ങളിൽ സ്ഥിരമായി കോളങ്ങളും ചോദ്യോത്തരങ്ങളും എഴുതി.
ധാരാളം കൃതികൾ, തർജ്ജമകൾ, വ്യാഖ്യാനങ്ങൾ എന്നിവ കൊണ്ട് വൈദിക സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.സ്വാമി ദയാനന്ദസരസ്വതിയിലും അദ്ദേഹത്തിന്റെ ആര്യസമാജത്തിലും ആകൃഷ്ടനായ നരേന്ദ്രഭൂഷൻ. സത്യാർത്ഥപ്രകാശം, വേദപര്യടനം മുതലായ ദയാനന്ദ കൃതികൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തു കൊണ്ട് ദയാനന്ദ ദർശനങ്ങളേയും ആര്യസമാജത്തെയും കേരളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ആര്യഭാരതി ത്രിഭാഷാ മാസിക, വേദനാദം മാസിക എന്നിവയുടെ പത്രാധിപർ, മലയാളത്തിലെ ഏക വൈദിക-ദാർശനിക പ്രസിദ്ധീകരണമായ ആർഷനാദം മാസികയുടെ പ്രസാധകനും മുഖ്യ പത്രാധിപരും, ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
വേദങ്ങളെ കുറിച്ച് ഏഴും അല്ലാതെ പത്തും പുസ്തകങ്ങൾ ശ്രീ നരേന്ദ്രഭൂഷൺ രചിച്ചിട്ടുണ്ട്. ഒട്ടനവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ജനനം: 22 മേയ് 1937, ചെങ്ങന്നൂർ. മരണം: 2010 നവംബർ 16.
COMMENTS