എരുമേലി : മണിമലയാറിൽ രാവിലെയും വൈകിട്ടും മുങ്ങിക്കുളിക്കുന്നതിന് മുമ്പ് പശുക്കളെയും ആടുകളെയും കുളിപ്പിച്ച് പാൽ കറെന്നടുക്കും പ്രൊഫസറും ...
എരുമേലി : മണിമലയാറിൽ രാവിലെയും വൈകിട്ടും മുങ്ങിക്കുളിക്കുന്നതിന് മുമ്പ് പശുക്കളെയും ആടുകളെയും കുളിപ്പിച്ച് പാൽ കറെന്നടുക്കും പ്രൊഫസറും മേജറും ആജീവനാന്ത ഗസ്റ്റഡ് ഓഫീസറുമായ വർഗീസ് സാർ. എന്നിട്ട് പറമ്പിൽ കൃഷികൾക്കരികിലെത്തിയിട്ടാണ് വളർത്തുനായയുമായി ആറ്റിൽ മീനുകളെ വലയിട്ട് പിടിക്കുന്നതിനൊപ്പം കുളിയും നടത്തുന്നത്. ഇത് കൊരട്ടി മങ്ങാട്ടേത്ത് എം ജി വർഗീസിൻറ്റെ പതിവ് ദിനചര്യയായിട്ട് വർഷങ്ങളേറെയായി. ഇടയ്ക്കൊക്കെ മുടങ്ങാറുണ്ടെങ്കിലും ഈ ദിനചര്യയാണ് എം ജി വർഗീസിനെ വ്യത്യസ്തനാക്കുന്നത്.
വെളളമില്ലാതിരുന്ന പറമ്പിനെ ജലസമൃദ്ധിയിലെത്തിച്ച് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നേടിയതിന് പിന്നിലും ഈ ദിനചര്യയാണ്. സൗരോർജത്തെ വൈദ്യുതിയാക്കി ഉപയോഗിക്കാൻ സർക്കാർ ആലോചിച്ചപ്പോൾ അത് സ്വന്തം വീട്ടിൽ നടപ്പിലാക്കിയ അപൂർവം പേരിൽ ഒരാൾ കൂടിയാണ് എം ജി വർഗീസ്. പതിറ്റാണ്ടുകളായി വീട്ടിലെ വൈദ്യുതി കെഎസ്ഇബി യുടെതല്ല. മേൽക്കൂരയിലെ സോളാർ പാനലിലൂടെ സൗരോർജം സംഭരിക്കുന്നതിനുളള ബാറ്ററി ചാർജ് ചെയ്യാൻ മാത്രമാണ് കെഎസ്ഇബി യെ ആശ്രയിക്കുന്നത്. ഗ്യാസ് കണക്ഷനുണ്ടെങ്കിലും വീട്ടിലെ പാചകം മൊത്തം സ്വന്തം ബയോഗ്യാസ് പ്ലാൻറ്റിലെ വാതകത്തിൽ നിന്നാണ്. പറമ്പിൻറ്റെ അതിര് മണിമലയാറാണെങ്കിലും കിണറുകൾ പലതും കുഴിച്ചിട്ടും വേനലാകുന്നതിന് മുമ്പേ വറ്റിവരളുമായിരുന്നു. പല വിദ്യകളും ചെയ്ത് നോക്കിയതിനൊടുവിലാണ് മഴക്കുഴികൾ എന്ന ആശയമുണർന്നത്. അത് വിജയമായപ്പോൾ പറമ്പിലെവിടെ കുഴിച്ചാലും വെളളമായെന്ന് മാത്രമല്ല അവാർഡിനും അർഹനാക്കുകയായിരുന്നു . എൻസിസി യിലെ മികച്ച സേവനത്തിനാണ് ആജീവനാന്ത ഗസറ്റഡ് പദവി എം ജി വർഗീസിന് ലഭിച്ചത്. മികച്ച സേവനത്തിൽ ഹിമാലയത്തിൽ മരണത്തോട് മല്ലടിച്ച് മൃതപ്രായനായി കിടന്ന ദിവസങ്ങളും തൊട്ടടുത്ത് വെച്ച് സഹപ്രവർത്തകൻ മഞ്ഞുമലയിടിഞ്ഞ് മരിച്ചത് കാണേണ്ടി വന്ന അനുഭവങ്ങളുമേറെയുണ്ട്. ഏറെക്കാലം റാന്നി സെൻറ്റ് തോമസ് കോളേജിലാണ് പ്രൊഫസറായി സേവനമനുഷ്ഠിച്ചത്. അധ്യാപക ജീവിത്തിലൂടെ വലിയൊരു ശിഷ്യഗണം തന്നെയുണ്ട്. ഭാര്യയും പ്രൊഫസറാണ്.
ഇരുവരും ഇപ്പോൾ വിശ്രമ ജീവിതത്തിലാണെങ്കിലും ദിനചര്യയായ കാർഷികവൃത്തി മുടക്കിയിട്ടില്ല. നിരവധി പളളികളും സ്ഥാപനങ്ങളുമുൾപ്പെടുന്ന ഭദ്രാസനത്തിൻറ്റെ മുഖ്യ ചുമതല വഹിക്കുന്നതും എം ജി വർഗീസാണ്. ഇത് കൂടാതെ റോട്ടറി ക്ലബ്ബ്, മാനവം സൊസൈറ്റി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയുമാണ്. ഈ തിരക്കുകളിലും കൃഷിയും പശുവും ആടും കോഴിയും നായയും നദിയുമില്ലാത്ത പ്രഭാതവും സന്ധ്യയും വളരെ ചുരുക്കം. പാതിരാത്രിയിൽ വരെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി കിട്ടാനായി ആളുകൾ തേടിയെത്താറുണ്ട്. പ്രതിഫലേച്ഛയില്ലാതെ ഏതുസമയത്തും സേവനം നൽകുമെന്നുളളതാണ് ദൂരെ നിന്നു വരെ ആളുകൾ കൊരട്ടിയിൽ വർഗീസ് സാറിനെ തേടിയെത്തുന്നത്. രാജ്യം ആജീവനാന്ത ഗസറ്റഡ് ഓഫിസർ പദവി നൽകി ആദരിച്ചവത് ചുരുക്കം ചിലരെയാണ്. അവരിലെ മലയാളി സാന്നിധ്യം കൂടിയാണ് എരുമേലിയുടെ സ്വന്തമായ മേജർ പ്രൊഫസർ.
കടപ്പാട് : സോഷ്യൽ മീഡിയ
COMMENTS