സുസ്ഥിര എഞ്ചിനീയറിംഗ് കാലഘട്ടത്തിന്റെ ആവശ്യം; ഡോ. വിജയ്കുമാര്‍ സാരസ്വത് പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും ബദല്‍ ഊര്‍ജ്ജ...
സുസ്ഥിര എഞ്ചിനീയറിംഗ് കാലഘട്ടത്തിന്റെ ആവശ്യം;
ഡോ. വിജയ്കുമാര്‍ സാരസ്വത്
പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും ബദല്‍ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുമുള്ള സുസ്ഥിര എഞ്ചിനീയറിംഗ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിഖ്യാത ശാസ്ത്രജ്ഞനും നിതി ആയോഗ് അംഗവുമായ ഡോ. വിജയ് കുമാര്‍ സാരസ്വത് പറഞ്ഞു. തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ (ഐ.ഐ.എസ്.ടി) ഡോ. എ.പി.ജെ അബ്ദുല്‍ കലാം പ്രഭാഷണ പരമ്പരയിലെ പ്രഥമ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 'ന്യൂ ഫ്രോണ്ടിയേര്‍സ് ഇന്‍ എഞ്ചിനീയറിംഗ്' എന്ന വിഷയത്തിലായിരുന്നു ഡോ.വി.കെ സാരസ്വതിന്റെ പ്രഭാഷണം.ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ രാജ്യത്തെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രയോജനം സമൂഹത്തിലെ താഴേത്തട്ടിലുള്ള ജന വിഭാഗങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജലം, ഭൂമി, ജീവന് നിലനിര്‍ത്താനാവശ്യമായ മറ്റു വിഭവങ്ങള്‍ എന്നിവ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ഡയോക്സൈഡ് ബഹിര്‍ഗമനം, വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യ, നഗരവത്കരണം, കൃഷി ഭൂമിയുടെ അളവ് കുറയുന്നത് എന്നിവ ഭാവി തലമുറയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും പുതിയ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും എഞ്ചിനീയറിംഗ് മേഖലയില്‍ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. നമ്മുടെ സമുദ്ര സമ്പത്തും ധാതുലവണ സമ്പത്തും പ്രയോജനപ്പെടുത്താന്‍ അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെന്നും ഡോ.സാരസ്വത് പറഞ്ഞു.
ചെലവു കുറഞ്ഞ സൗരോര്‍ജ്ജ സാധ്യതകള്‍ വികസിപ്പിക്കാനും, മെഥനോള്‍, ഹൈഡ്രജന്‍ എന്നിവ ഇന്ധനമായി ഉപയോഗിക്കാനുമുള്ള സാങ്കേതിക വിദ്യകളിലും ഏറെ മുന്നേറ്റമുണ്ടാകണം. ഏറെ കാര്യക്ഷമമായ മള്‍ട്ടി ജംഗ്ഷന് സോളാര്‍ സെല്ലുകളുടെ ഉപയോഗം ഇന്ത്യയില്‍ കുറവാണ്. ചെലവ് കൂടുതലായതിനാല്‍ ഇത് സൈനികാവശ്യങ്ങള്ക്കുമാത്രമാണ് ഉപയോഗിക്കുന്നത്. ചെലവു കുറഞ്ഞ സൗരോര്‍ജ്ജ സെല്ലുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലും അനുബന്ധ മേഖലകളിലും ബാറ്ററി നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് ലിഥിയം, കൊബാള്‍ട്ട് എന്നിവയാണ്. വളരെ വിപുലമായ രീതിയില്‍ ഉപയോഗിച്ചാല്‍ 10 വര്‍ഷംകൊണ്ട് ഇവയുടെ ശേഖരം തീര്‍ന്നുപോകുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ബാറ്ററിയും സാങ്കേതികവിദ്യകളും വികസിപ്പിക്കേണ്ടതായി വരും. ഇതെല്ലാം എഞ്ചിനീയറിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുമെന്ന് ശ്ര. സാരസ്വത് അഭിപ്രായപ്പെട്ടു.
പ്രതിരോധ മേഖലയിലാവും വരും കാലങ്ങളില്‍ എഞ്ചിനീയറിംഗിന്റെ സാധ്യതകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടമാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോബോട്ടുകളും നാനോ സ്പൈകളും ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നവയില്പ്പെടും. സൈബര്‍ യുദ്ധമുഖം, അണ്ടര്‍ വാട്ടര്‍ യുദ്ധമുഖം എന്നിവ പുതിയ വെല്ലുവിളികളാവും. ലേസര്‍ ആയുധങ്ങളായിരിക്കും ഭാവിയില്‍ ഉപയോഗിക്കപ്പെടുക.
ബഹിരാകാശരംഗം രാജ്യരക്ഷയുടെ കാഴ്ചപ്പാടില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നിരീക്ഷണത്തിനും, സൈനിക ആവശ്യങ്ങള്‍ക്കും ബഹിരാകാശ രംഗത്തെ ശക്തമായ സാന്നിദ്ധ്യം ആവശ്യമാണെന്ന് ശ്രീ. സാരസ്വത് വ്യക്തമാക്കി.
വലിയമല ഐ.ഐ.എസ്.ടി ചാന്‍സലര്‍ ഡോ.ബി.എന്‍ സുരേഷ് അധ്യക്ഷനായിരുന്നു. ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ.വി.കെ ദധ്വാള്‍, വി.എസ്.എസ്.സി ഡയറക്ടര്‍ ശ്രീ. എസ്. സോമനാഥ്, ഐ.ഐ.എസ്.ടി ഡീന്‍ (അക്കാദമിക്സ്) പ്രൊഫസര്‍ എ. ചന്ദ്രശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.
COMMENTS