വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പ്രവര്‍ത്തിക്കുന്നു. വാഴ, പപ്പായ, ഫലവൃക്ഷങ്ങള്‍, ഹൈബ്രി...
വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പ്രവര്‍ത്തിക്കുന്നു. വാഴ, പപ്പായ, ഫലവൃക്ഷങ്ങള്‍, ഹൈബ്രിഡ് പച്ചക്കറികള്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതി, കശുമാവ്, കൊക്കോ തുടങ്ങിയ വിളകളുടെ വ്യാപനത്തിലാണ് മിഷന് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഫലവൃക്ഷങ്ങളുടെ അതിസാന്ദ്രതാ കൃഷി, സംരക്ഷിത കൃഷി, യന്ത്രവത്ക്കരണം, ജലസേചനത്തിനുള്ള കുളങ്ങളുടെ നിര്‍മാണം, സൂക്ഷ്മ ജലസേചനം, മണ്ണിര കംപോസ്റ്റ് നിര്‍മാണം, സംയോജിത സസ്യസംരക്ഷണം, പരിസ്ഥിതി സൗഹൃദ പ്രകാശ കെണി, കൂണ് കൃഷി, ഹൈടെക് ഫാമിംഗ് പദ്ധതി പ്രകാരം പോളി ഹൗസ് നിര്‍മാണം, തേനീച്ച വളര്‍ത്തല്‍, ഔഷധ സസ്യകൃഷി തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത പ്രോജക്ടുകളാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ജില്ലയില്‍ നടപ്പാക്കുന്നത്. ഇതിന് പുറമേ വിളവെടുപ്പ് പൂര്‍വ പരിപാലനത്തിനായി സീറോ എനര്ജികൂള്ചേംബര്, പായ്ക്ക് ഹൗസ്, റീട്ടെയില്‍ ഔട്ട്ലെറ്റ്, സംസ്കരണ യൂണിറ്റ് മുതലായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ജില്ലയില്‍ 2017-18 സാമ്പത്തിക വര്‍ഷം വിവിധ വിളകളുടെ കൃഷി വ്യാപനത്തിനായി 34.5 ലക്ഷം രൂപ 2161 കര്‍ഷകര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നല്കി. യന്ത്രവത്ക്കരണത്തിന് പ്രോത്സാഹനം നല്‍കുന്നതിന് ട്രാക്ടര്‍, ടില്ലര്‍, കളവെട്ടി തുടങ്ങിയ യന്ത്രങ്ങള്‍ വാങ്ങുന്നതിന് 81.3 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്കി. നാല് പോളിഹൗസുകള്‍ നിര്‍മിച്ചു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെര്‍മി കംപോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കുകയും ജലസേചന കുളങ്ങള്‍ നിര്‍മിക്കുന്നതിന് 1.27 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തു. ഇതിന് പുറമേ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണത്തിനും വിതരണത്തിനുമായുള്ള സമഗ്ര പദ്ധതിയും നടപ്പാക്കിവരുന്നു. മാനവശേഷി വികസനത്തിന്റെ ഭാഗമായി ഉദ്യാനപരിപാലക പരിശീലനവും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നല്കിവരുന്നു. ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ സഹായകരമായ പദ്ധതികളാണ് 2017-18 വര്‍ഷം ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപ്പാക്കിയത്.
COMMENTS