മികച്ച സൈബർ സുരക്ഷയ്ക്കുള്ള ഫിക്കിയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) സ്മാർട്ട് പൊലീസിങ് പുരസ്കാരം കേരള പൊലീസിന...
മികച്ച സൈബർ സുരക്ഷയ്ക്കുള്ള ഫിക്കിയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) സ്മാർട്ട് പൊലീസിങ് പുരസ്കാരം കേരള പൊലീസിന്റെ സൈബർ ഡോം കരസ്ഥമാക്കി.
വിവിധ സംസ്ഥാന പൊലീസ് സേനകളിലും കേന്ദ്ര സേനകളിലും നിന്നു ലഭിച്ച 211 എൻട്രികളിൽ നിന്നാണു കേരള പൊലീസ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്.
http://www.cyberdome.kerala.gov.in/
മഴക്കാലമാണ്...വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും .."മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം...
⛟ റോഡിലെ കുഴികള്‍ സൂക്ഷിക്കുക......
മഴ എത്തുന്നതോടെ പല റോഡുകളുടെയും അവസ്ഥ വളരെ മോശമാകും. റോഡില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം.⛟ വേഗത പരമാവധി കുറയ്ക്കുക......
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ട് പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.⛟ ഹെഡ് ലൈറ്റ് ഓണാക്കി വാഹനം ഓടിക്കുക....
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള് കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.⛟ ടയറുകള്‍ ശ്രദ്ധിക്കുക......
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. ബൈക്കുകളില്‍ ഡിസ്ക് ബ്രേക്കാണെങ്കില്‍ ബ്രേക്ക് പാനലില്‍ പൊടിയും ചളിയും അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. അലൈൻമെന്റും വീല്‍ ബാലൻസിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിർത്തുകയും വേണം.⛟ മുൻകരുതല്‍ നല്ലതാണ്......
ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കുന്നത് നല്ലത്.⛟ വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട......
മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക.⛟ ശക്തമായ മഴയില്‍ പരമാവധി യാത്ര ഒഴിവാക്കുക......
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില്‍ നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.⛟ നേരത്തെ ഇറങ്ങുന്നത് നന്നാകും......
മഴക്കാല യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാർഗ തടസവും മുന്നിൽക്കണ്ടുകൊണ്ട് സാധാരണ ദിവസത്തെക്കാള്‍ അല്പംനേരത്തെ ഇറങ്ങുന്നതാണ് നല്ലത്. മാർഗതടസംമൂലം ചിലപ്പോള്‍ വഴിമാറി സഞ്ചരിക്കേണ്ടിയും വന്നേക്കാം. നേരത്തെ ഇറങ്ങാതിരുന്നാല്‍ അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും. അത് അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും.⛟ മറ്റുകാര്യങ്ങള്‍⛟
- ഗ്ലാസിലെ ഈർപ്പം എ.സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍ മറക്കരുത്.
- എ.സി ഇല്ലാത്ത വാഹനത്തില്‍ ഗ്ലാസ് തുടച്ചു വൃത്തിയാക്കുക അല്ലാതെ മറ്റുവഴികളില്ല.
- ബാറ്ററി ടെർമിലനലുകളില് പെട്രേളിയം ജെല്ലി പുരട്ടാന്‍ മറക്കരുത്, ടെർമിനലുകളില്‍ അടിഞ്ഞുകൂടുന്ന തുരുമ്പ് ഇഗ്നിഷനെ ബാധിക്കും.
- റോഡിലുള്ള മാർക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണം. പെയിന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് കുറവായതിനാല്‍ അപകടം പറ്റിയേക്കാം.
- മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളര്‍ റെയ്ന്‍ കോട്ടുകള്‍ ഉപയോഗിക്കുക.
- സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒരുമിച്ചു പിടിച്ചാല്‍ ടയര്‍ ലോക്ക് ആയി നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും സാധ്യതയുണ്ട്.
- വൈപ്പര്‍ ബ്ലേഡുകള് എല്ലാ മഴക്കാലത്തിനു മുമ്പ് മാറ്റുന്നതാണ് നല്ലത്.
തിരക്കേറിയ റോഡിൽ കാറിൻ്റെ ഡോർ തുറന്നു കുഞ്ഞ് റോഡിൽ വീണു; രക്ഷകരായി പൊലീസ്.
തൃശൂർ: ഓടുന്ന കാറിൻ്റെ ഡോർ അബദ്ധത്തിൽ തുറന്നു തിരക്കേറിയ റോഡിലേക്കുവീണ ഒന്നരവയസുകാരന് അദ്ഭുതകരമായ രക്ഷപ്പെടൽ. കുട്ടി താഴെ വീണതറിയാതെ അച്ഛൻ കാറോടിച്ചു പോയത് 50 മീറ്ററോളം. സമീപത്തുണ്ടായിരുന്ന പൊലീസ് ജീപ്പിലെ ഡ്രൈവർ റോഡിനു കുറുകെ വണ്ടിനിർത്തി ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റു വാഹനങ്ങൾ തടഞ്ഞു. കുട്ടി റോഡിൽ കിടക്കുന്നതുകണ്ട് ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. പോറൽപോലുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു.
സംഭവം ഇങ്ങനെ; ഇന്നലെ ഉച്ചയ്ക്ക് 1.45നു തൃശൂർ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്കു മുന്നിലാണ് നഗരത്തെ നടുക്കിയ സംഭവങ്ങൾ. പുത്തൂർ ചെമ്മംകണ്ടം കള്ളിയത്ത് സ്വദേശിയായ അനീഷും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുൻ സീറ്റുകളിലും കുട്ടികൾ പിൻസീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിൻസീറ്റിലിരുന്ന ഇളയമകൻ ഗോകുൽനാഥ് ഡോർ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു. കുട്ടി വീണത് അച്ഛനമ്മമാർ അറിഞ്ഞില്ല, വഴിയാത്രക്കാർ ബഹളം കൂട്ടിയപ്പോഴാണ് അവർ വിവരമറിയുന്നത് അപ്പോഴേക്കും കാർ 50 മീറ്ററകലെ എത്തിയിരുന്നു.
ഈ സമയം ജില്ലാ ആശുപത്രിക്കു മുൻപിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിപിഒ ജിനൂപ് ആൻറ്റോ കുട്ടി റോഡിൽ വീഴുന്നത് കാണുകയും പെട്ടെന്നുതന്നെ പോലീസ് വാഹനം റോഡിന് കുറുകെ നിർത്തി, ഉച്ചത്തിൽ ഹോൺ അടിച്ചു, കുട്ടിയെ മറ്റ് വാഹനങ്ങൾ അപകടപ്പെടുത്താതെ നോക്കുകയും ചെയ്തു.
ഹൈറോഡിനു സമീപം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ജോജോ നാലുകണ്ടത്തിൽ ഓടിയെത്തി കുട്ടിയെ വാരിയെടുത്തു സുരക്ഷിതമായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേയ്ക്കും കുട്ടിയുടെ അച്ഛനും അമ്മയും നിലവിളിയോടെ ഓടിയെത്തി. കുട്ടിക്കു പരുക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പോലീസുകാരായ ജിനൂബിൻ്റെയും ജോജോയുടെയും സമയോചിതമായ പ്രവൃത്തിമൂലം ഒന്നരവയസുകാരനായ ഗോകുൽനാഥ് വലിയൊരാപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.
COMMENTS