🔵 ഹിത സൂസൻ റജി നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ.അയാൾ ക്ളോക്കിലേക് നോക്കി.അഞ്ചര! രാത്രി വൈകി കിടക്കുന്നതിനാൽ രാവിലെ എഴുന്നേൽക്കാൻ ഇപ...
🔵 ഹിത സൂസൻ റജി
നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ.അയാൾ ക്ളോക്കിലേക് നോക്കി.അഞ്ചര! രാത്രി വൈകി കിടക്കുന്നതിനാൽ രാവിലെ എഴുന്നേൽക്കാൻ ഇപ്പോൾ മടി തോന്നാറുണ്ട് .പ്രായവും ഏറി വരികയാണല്ലോ!ജീവിതത്തോട് ഉള്ള വിരക്തിയും.അയാൾ കിടക്കയിലേക്ക് നോക്കി. കിടക്ക ശൂന്യമായിരുന്നു.ഭാര്യ നേരത്തേ എഴുന്നേറ്റിരുന്നു.കുട്ടികളും എഴുന്നേറ്റ് കാണണം.അയാൾ തൻ്റെ വഴുതിപ്പോകുന്ന ചിന്തകളെ തന്നിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.ഇപ്പോൾ ആറുമണിയാകാറായി. എഴുന്നേറ്റ് കുളിക്കണം ഓഫീസിൽ അന്ന് 'സ്പെഷ്യൽ മീറ്റിങ് ഉള്ളതാണ്.അയാൾ പതുക്കെ തൻ്റെ കിടക്കയിൽ എഴുന്നേറ്റിരുന്നു.എത്ര തിരക്കിലായാലും അയാൾ തൻ്റെ പ്രാർത്ഥന മുടക്കാറില്ല.എഴുന്നേറ്റ് മുഖം കഴുകി ചെന്നപ്പോഴേക്കും ഭാര്യ തൻ്റെ പണികളെല്ലാം ഒരു മാതിരി ഒതുക്കിയിരുന്നു.തൻ്റെ ബെഡ്കോഫിക്കുശേഷം അയാൾ അടുക്കള വിട്ടു.കുട്ടികൾ അവരുടെ മുറിയിലിരുന്ന് പഠിക്കുന്നുണ്ടായിരുന്നു.
അയാൾ പത്രമെടുക്കാൻ പോകുന്നതിനിടയിൽ തൻ്റെ കുട്ടികാലമോർത്തു.അയൽപക്കത്തെ കുട്ടികളുമൊത്ത് മാവിൻ ചോട്ടിൽ ഒരു മാമ്പഴം വീഴുന്നതും കാത്ത് ................... ആ കാലമൊക്കെ എവിടെ പോയി? അയാൾ തൻ്റെ കുട്ടികളുടെ കാര്യമോർത്തു.ഇവർക്ക് പുറത്തുപോകുക എന്നാൽ ഷോപ്പിങ്ങിന് പോവുക അല്ലെങ്കിൽ പാർക്കിലോ ബീച്ചിലോ ....അവർക്ക് ഗ്രാമപ്രദേശങ്ങളൊക്കെത്തന്നെ അന്യവും അപരിചിതവുമാണ്.
അയാൾ തൻ്റെ ഓർമ്മകളെ മടക്കിക്കൊണ്ടുവന്നു.ഈയിടെയായി ഭാര്യയും മക്കളുമായി അധികം സംസാരിക്കാനോ ഒന്നു പുഞ്ചിരിക്കാനോ പോലും കഴിയുന്നില്ല .എല്ലാവര്ക്കും തിരക്കാണ്.പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ എപ്പോഴാണ് താനിങ്ങനായത്? കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെ അവഗണിച്ചു തുടങ്ങിയത്? ഇനി റിട്ടയർ ചെയ്താലും തനിക്കിതിൽ നിന്ന് മോചനം ലഭിക്കുമോ ?അയാൾ ആലോചിച്ചു!ഇല്ല! അങ്ങനെയൊന്നുണ്ടാവാൻ ഇടയില്ല!ആദ്യമൊക്കെ തോന്നിയിരുന്നു; നാട്ടിൽ പോകണം ,അവിടെ വീട് വെയ്ക്കണം എന്നൊക്കെ. അതിനൊന്നും അവൾ സമ്മതിച്ചില്ല.നഗരത്തിൽ ജനിച്ചു വളർന്ന അവൾക്ക് ഗ്രാമീണ ജീവിതം ആസ്വദിക്കാനായെന്ന് വരില്ല . മുംബൈയിൽ തന്നെ സെറ്റിൽ ചെയ്യണമെന്നത് അവളുടെ നിർബന്ധമായിരുന്നു..പതുക്കെപ്പതുക്കെ അവളുടെ രീതികളോട് പൊരുത്തപ്പെടുവാൻ അയാൾ ശ്രമിച്ചു.നട്ടെല്ലില്ലാഞ്ഞിട്ടല്ല!കുടുംബബന്ധങ്ങൾക്ക് അയാൾ അത്ര പ്രാധാന്യം നൽകിയിരുന്നു.
ഓഫീസിൽ ചെന്നാലോ! സഹപ്രവർത്തകരുടെ ഒരു വിളറിയ ചിരി മാത്രമാകും ലഭിക്കുക.ഉള്ള് തുറന്ന് ഒന്ന് പുഞ്ചിരിക്കുവാൻ ആരുമില്ല.എല്ലാവരും ഓട്ടത്തിലാണ്.എന്തിനോ വേണ്ടിയുള്ള നെട്ടോട്ടം!
അധിക വര്ഷം കഴിയുംമുമ്പേ അയാളും ഇങ്ങനെയൊരു മരവിച്ച മനസ്സുള്ള മനുഷ്യനാകും അല്ലെങ്കിൽ ബോംബെ അയാളെ അങ്ങനെയാക്കും. അയാളുടെ മനസ്സിന് സ്വസ്ഥത ലഭിക്കുമോ ? ഇനി പുഞ്ചിരിക്കാൻ മറന്ന് പോകുന്നവരുടെ കൂട്ടത്തിലേക്ക് അയാളുടെ പേരും .......
COMMENTS