🔵 രമ്യ അരസി സോമലത പുരാതന ഭാരതീയ ഋഷിവര്യന്മാരുടെ ഒരു ദിവ്യൗഷധിയായിരുന്നു . ഋഗ്വേദത്തിൽ 'സോമ'യെപ്പറ്റി പരാമർശിച്ചിരിക്കുന്നത്...
🔵 രമ്യ അരസി
സോമലത പുരാതന ഭാരതീയ ഋഷിവര്യന്മാരുടെ ഒരു ദിവ്യൗഷധിയായിരുന്നു . ഋഗ്വേദത്തിൽ 'സോമ'യെപ്പറ്റി പരാമർശിച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമാണ് . ശരീരത്തിന് പൂർണ ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യാൻ സോമരസത്തിനുള്ള കഴിവ് വളരെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട് . അതിലുമുപരി മരണത്തിന് ഭയമുള്ളത് 'സോമരസത്തെ ' മാത്രമാണ് എന്ന വിശ്വാസം പോലും നിലനിന്നിരുന്നു .സോമലതയുടെ ഗുണം അമൃതിന് തുല്യമാണെന്നാണ് പ്രകീർത്തിക്കപ്പെട്ടിരിക്കുന്നത് . വെള്ളത്തിലും കരയിലും വളരുന്ന ഇരുപത്തിനാല് തരം സോമലതകളെപ്പറ്റി സുശ്രൂതൻ വിവരിച്ചിട്ടുണ്ട് .ഉൽപ്പത്തിസ്ഥാനം ,നാമം, ആകൃതി ,വീര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇരുപത്തിനാല് തരമായി സുശ്രുതൻ വർഗീകരണം നടത്തിയിരിക്കുന്നത് .പുരാണങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള ഹിമാലയം ,സഹ്യൻ ,മഹേന്ദ്രം ,വിന്ധ്യൻ ,ദേവഗിരി ,മലയം ,ശ്രീപർവ്വതം എന്നീ പർവത സാനുക്കളിലും നദികളുടെയും ജലാശയങ്ങളുടെയും അടിത്തട്ടിലും സോമലതയക്ക് വളരാൻ കഴിവുണ്ടെന്ന് പറയുന്നു . ചരകസംഹിതയിൽ പറയുന്നു - എല്ലാ സോമലതകൾക്കും പതിനഞ്ച് ഇലകൾ വീതമേ കാണു . അവയുടെ കിഴങ്ങിലും വള്ളിയിലും പാലുണ്ടായിരിക്കും ,ഇലകൾ ചന്ദ്രനെപ്പോലെ ക്ഷയ - വൃദ്ധി സ്വഭാവമുള്ളതായിരിക്കും , അതായത് വെളുത്തപക്ഷത്തിലെ പ്രതിപദം മുതൽ ഓരോ ഇലയായി വർദ്ധിച്ച് പൗർണമിയാകുമ്പോഴേക്കും പതിനഞ്ച് ഇലകൾ ഉണ്ടാകും . കറുത്തപക്ഷത്തിലെ പ്രതിപദം മുതൽ ഓരോ ഇല കൊഴിഞ്ഞ് അമാവാസിയാകുമ്പോഴേക്കും ഇലകൾ പൂർണമായി അപ്രത്യേക്ഷമാകും . ഇത്തരമൊരു പ്രതിഭാസം സോമലതകളുടെ പ്രത്യേകതയായി വിവരിക്കപ്പെട്ടിരിക്കുന്നു .
അടുത്ത കാലത്തായി സോമലതയോട് സാദൃശ്യമുള്ള പല ചെടികളെയും യഥാർഥ സോമലതയായി സമർഥിക്കാൻ പല ഗവേഷകരും ശ്രമിച്ചിട്ടുണ്ട് . അതിൽ പ്രധാനപ്പെട്ട ഒരു സസ്യമാണ് അസ്ക്ലിപിയഡേസീ സസ്യകുടുംബത്തിലെ '' സാർക്കോ സ്റ്റെമ്മ ബ്രവിസ്റ്റഗ്മ '' .ഇത് സോമയായി കരുതുവാനുള്ള പ്രധാന കാരണം പതിനെഞ്ച് ഇലകളും ഇലകളുടെ വൃദ്ധി - ക്ഷയ സ്വഭാവവുമാണ് . സോമയാഗം നടത്തുമ്പോൾ 'സോമ'യായി യാഗത്തിന് എടുക്കുന്നതും ഈ ഔഷധിയാണ് .
COMMENTS