$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeകേരളം പ്രളയത്തെ അതിജീവിക്കുന്നു

പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തും: മന്ത്രി മാത്യു ടി തോമസ് വെള്ളപ്പൊക്ക കെടുതിക്കിരയായി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാ...


പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തും: മന്ത്രി മാത്യു ടി തോമസ്വെള്ളപ്പൊക്ക കെടുതിക്കിരയായി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണവുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള വിതരണം, വൈദ്യുത ബന്ധം പുനസ്ഥാപിക്കല്‍, ശുചീകരണം തുടങ്ങിയവ അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കണം. പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തല സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. ഇതിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിക്കണം. കുപ്പികള്‍ ഒഴിവാക്കി ടാങ്കര്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതോടനുബന്ധിച്ച് കിണറുകള്‍ ശുചിയാക്കുന്നതു വരെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പഞ്ചായത്തുകള്‍ വിതരണം ചെയ്യണം. കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം എന്നീ പ്രദേശങ്ങളിലെ വൈദ്യുത വിതരണം പുനസ്ഥാപിക്കുന്നതിന് ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ നടപടി സ്വീകരിക്കണം. ജലജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ ബോധവത്കരണം നടത്താന്‍ ആരോഗ്യവകുപ്പ് മുന്‍കൈയെടുക്കണം. സാനിട്ടറി നാപ്കിന്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ പൊതുജനാരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തുകളും വഴി വിതരണം ചെയ്യണം. എല്ലാ ക്യാമ്പുകളിലും ദിവസവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

60,593 വീടുകള്‍ വൃത്തിയാക്കിമഴക്കെടുതിയില്‍ നാശമായ 60,593 വീടുകള്‍ വൃത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. പ്രധാന വെല്ലുവിളി കന്നുകാലികളുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളുടെ സംസ്‌കരണമാണ്. അത് സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് ചെയ്തുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

21.61 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ചുവൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 പ്രവര്‍ത്തനം നിലച്ച 50 സബ്‌സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചു. 16,158 ട്രാന്‍സ്‌ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ് ചെയ്തു. 25.60 ലക്ഷം സര്‍വ്വീസ് കണക്ഷനുകളാണ് തകരാറിലായത്. അതില്‍ 21.61 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.

ക്യാമ്പിലുള്ളവരുടെ എണ്ണം കുറയുന്നു

* വ്യാഴാഴ്ച ക്യാമ്പുകളിലുണ്ടായിരുന്നത് 10,40,688 പേര്‍

ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകുന്നവരുടെ എണ്ണം കൂടിവരികയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച പ്രവര്‍ത്തിച്ചത് 2774 ദുരിതാശ്വാസക്യാമ്പുകളാണ്. ക്യാമ്പുകളില്‍ ആകെയുള്ള 2,78,781 കുടുംബങ്ങളില്‍നിന്നായി 10,40,688 പേരാണ്. കഴിഞ്ഞദിവസം (ബുധനാഴ്ച) 3314 ക്യാമ്പുകളിലായി 3,27,280 കുടുംബങ്ങളില്‍നിന്നായി 12,10,453 പേരാണ് ഉണ്ടായിരുന്നത്.

ചെങ്ങന്നൂര്‍, കോഴഞ്ചേരി, ആലപ്പുഴ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ വ്യാഴാഴ്ച സന്ദര്‍ശിച്ചപ്പോള്‍ അവിടങ്ങളിലെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്‌രാണെന്നാണ് മനസിലായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടത്തിപ്പ് സംബന്ധിച്ച് പരാതികളൊന്നും പൊതുവേ അവര്‍ക്കില്ല.

ദുരന്തം അനുഭവിച്ചതിന്റെ ദൈന്യവും തിരിച്ചുചെല്ലുമ്പോള്‍ വീടില്ലെന്നതിന്റെ ദുഃഖവുമാണ് പലരേയും അലട്ടുന്നത്. അതൊരു വൈകാരികമായ പ്രശ്‌നമായും അനുഭവപ്പെടുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടതിന്റെ ആശങ്കകളും പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് അവരെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വീടുകള്‍ വൃത്തിയാക്കുന്നതിന് സര്‍ക്കാരും സന്നദ്ധസംഘടനകളും ചേര്‍ന്ന് സംവിധാനം ഒരുക്കുമെന്ന് അവരെ അറിയിച്ചു. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് അഞ്ച് കിലോ അരിയുള്‍പ്പെടെയുള്ള കിറ്റും നല്‍കും.

അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല. വിശദമായ ഒരു പദ്ധതി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ -മുഖ്യമന്ത്രിതകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ പലിശരഹിതമായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് എത്തുന്നവര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കാന്‍ ഇത് സഹായമാകും. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുണ്ട്. കുടുംബനാഥയുടെ പേരിലാകും വായ്പ ലഭ്യമാക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നദീതടങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, മലയിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങിയവയുണ്ടാകുന്ന സ്ഥലങ്ങള്‍ തുടങ്ങി പ്രകൃതിക്ഷോഭത്തിന് സ്ഥിരമായി ഇരയാകുന്ന പ്രദേശങ്ങളിലെ ആള്‍ക്കാരെ പുനര്‍നിര്‍മാണത്തിന്റെ അവസരത്തില്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കേണ്ടിവരും. അല്ലെങ്കില്‍ ഇത്തരം ദുരിതങ്ങളില്‍ വീണ്ടും പെട്ടുപോകാനിടയുണ്ട്. അതനുസരിച്ച് പ്രാഥമികചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പുനരധിവാസത്തിന് ആവശ്യമായ ഭൂമി ലഭ്യമല്ലെന്നത് പ്രശ്‌നമാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലേ ഇത്തരം കാര്യങ്ങളില്‍ തീരുമാനത്തിലെത്താനാകുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളില്‍നിന്നും സഹായം ലഭ്യമാകുന്നുണ്ട്. ക്യാമ്പുകളില്‍ ഉല്‍പ്പന്നങ്ങളും മറ്റ് സാമഗ്രികളുമായി ജനങ്ങളും സന്നദ്ധസംഘടനകളും എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സഹായങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയമായ യോജിപ്പ് പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ തകര്‍ന്ന യാനങ്ങള്‍ക്കായി രണ്ടര കോടിയുടെ  പദ്ധതി -മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മവെളളപ്പൊക്കത്തില്‍ സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂര്‍ണമായി തകര്‍ന്നതും ഭാഗികമായി തകരാറിലായതുമായ യാനങ്ങള്‍ക്കായി രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

 ആഗസ്റ്റ് 15 മുതല്‍ 20 വരെയുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 669 വളളങ്ങളാണ് വകുപ്പ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുളള യാനങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഇതിനുപരിയായി പോലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍ മുഖേന 257 ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ജില്ലകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇത്തരം ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്.

വിവിധ ജില്ലകളില്‍ വെളളപ്പൊക്കത്തില്‍ അകപ്പെട്ട 65000 ലധികം ആളുകളെ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ലഭ്യമായ കണക്കുകള്‍പ്രകാരം 669 വളളങ്ങളില്‍ ഏഴെണ്ണം പൂര്‍ണമായി നശിച്ചിരുന്നു. 459 വളളങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ഇത്തരം വളളങ്ങള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാനാകില്ല.

 ഇക്കാര്യം കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ സാമ്പത്തികസഹായം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ മലപ്പുറം ജില്ലകളില്‍ നിന്ന് പോയ ഏഴുവളളങ്ങളാണ് പൂര്‍ണമായി തകര്‍ന്നത്. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും, കൊല്ലം ജില്ലയിലെ 148 വളളങ്ങളും, ആലപ്പുഴ ജില്ലയിലെ 100 വളളങ്ങളും, എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂര്‍ ജില്ലയിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും, കോഴിക്കോട് ജില്ലയിലെ നാലു കണ്ണൂര്‍ ജില്ലയിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകര്‍ന്നത്. കേടുപാടുകള്‍പറ്റിയ വളളങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നവീകരിച്ച്  മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനും പുതിയ വളളങ്ങള്‍ സമയബന്ധിതമായി വാങ്ങി ലഭ്യമാക്കുന്നതിനും സത്വര നടപടിള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളപ്പൊക്കത്തില്‍ പുസ്തകം നഷ്ടമായവര്‍ക്ക് പുതിയ പുസ്തകം നല്‍കുംസംസ്ഥാനത്ത് മഴയിലും വെള്ളപ്പൊക്കത്തിലും പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ ആഗസ്റ്റ് 31നകം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ അറിയിക്കണം. ഇപ്രകാരം ലഭ്യമായ വിശദാംശങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് മൂന്നിനകം ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക ഇന്റന്റിംഗ് പോര്‍ട്ടലായ www.dhseonline.in ലൂടെ സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ dhse പോര്‍ട്ടലില്‍ അഗസ്റ്റ് 23 ലെ സര്‍ക്കുലറില്‍ ലഭിക്കും.

കിണര്‍ജലം സൗജന്യമായി പരിശോധിച്ചു നല്‍കും


പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കിണറുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കിണര്‍ ജലം സൗജന്യമായി പരിശോധിച്ച് നല്‍കുന്നു. ഈ മാസം 28,30 തീയതികളില്‍ 10 മുതല്‍ നാല് വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ജലത്തിന്റെ സാമ്പിള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കാം. കൂടുതല്‍ കിണറുകള്‍ മലിനമായിട്ടു ള്ള പ്രദേശങ്ങളിലെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി മുഖേന അറിയിക്കുന്ന മുറയ്ക്ക് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കും. ഫോണ്‍: 0468 2223983, 8086391910.

അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍  മേധാപട്കര്‍ എത്തി

അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസിലാക്കാന്‍ എത്തിയ നര്‍മ്മദാ ബചാവോ ആന്തോളന്‍ നേതാവ് മേധാ പട്കര്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസുമായി നിരണം പഞ്ചായത്ത് മുക്കില്‍ കൂടിക്കാഴ്ച നടത്തി. വലിയ ഡാമുകളിലേക്ക് പോകുന്നതിന് ജലവിഭവ വകുപ്പിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഗോവയില്‍ നിര്‍മിച്ചിട്ടുള്ള രീതിയില്‍ നദിയുടെ തിട്ടയുടെ നിരപ്പില്‍ മാത്രം ജലം സംഭരിക്കുന്ന ബന്ദാരകള്‍ നിര്‍മിക്കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 175 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഏറ്റവും ഉചിതമായ മാര്‍ഗമാണെന്ന് മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. ഇത്തരം നടപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ മേധാപട്കര്‍ അഭിനന്ദിച്ചു. അപ്പര്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍ മേധാപട്കര്‍ സന്ദര്‍ശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന്  സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചു


പ്രളയക്കെടുതിയില്‍ ദുരിതാശ്യാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സഹായത്തിനായി ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സെക്ടറല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടറല്‍ ഓഫീസര്‍മാരെയും നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിവിധ വകുപ്പുകളിലെ സൂപ്പര്‍വൈസറി തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ പരിധിയിലുള്ള ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് ഇവരുടെ ചുമതല.

സെക്ടറല്‍ ഓഫീസര്‍മാര്‍ എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിക്കണം

സെക്ടറല്‍ ഓഫിസര്‍മാര്‍ എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് നിശ്ചിത ഫോറം പൂരിപ്പിച്ച് വൈകിട്ട് മൂന്നിന് മുമ്പ് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കും.

ക്യാമ്പ് മാനേജ്‌മെന്റിന് പ്രത്യേക കമ്മിറ്റി


എല്ലാ ക്യാമ്പുകളിലും വാര്‍ഡ് അംഗം, ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, വനിതാ പ്രതിനിധി, പുരുഷപ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന ക്യാമ്പ് പരിപാലന കമ്മിറ്റി രൂപീകരിക്കും. ക്യാമ്പിന് പുറത്തുള്ള ആരെയും ഈ കമ്മിറ്റിയില്‍ അംഗമാക്കില്ല. കമ്മിറ്റി എല്ലാ ദിവസവും രണ്ട് തവണ ചേര്‍ന്ന് ക്യാമ്പ് നടത്തിപ്പ് വിലയിരുത്തും.

ക്യാമ്പുകളിലെത്തിക്കുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം


ക്യാമ്പുകളിലെത്തിക്കുന്ന ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കൈവശം മാത്രം നല്‍കണം. ലഭിക്കുന്ന സാധനങ്ങളുടെ വിതരണം ക്യാമ്പ് പരിപാലന കമ്മിറ്റി മുഖേന മാത്രം നിര്‍വഹിക്കണം.സര്‍ക്കാര്‍ സംവിധാനത്തിലൂടെയല്ലാതെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് ക്യാമ്പില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും.

ക്യാമ്പുകളില്‍ ആരും നേരിട്ട് സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം


സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ സാധനങ്ങള്‍ നേരിട്ട് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നില്ല എന്ന് ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ രാഷ്ട്രീയ, ജാതി, മത പരിഗണനകള്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരത്തിലുള്ള എല്ലാ അടയാളങ്ങളും ഒഴിവാക്കിക്കൊണ്ട് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.

വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അച്ചടക്കനടപടി


ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ചവരുത്തുവാന്‍ പാടില്ല. ഇത്തരത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കും.
തറ വൃത്തിയാക്കാന്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കണം: ഡിഎംഒ


പ്രളയജലം ഇറങ്ങിയ വീടുകളില്‍ നിന്ന് ചെളിയും മണ്ണും നീക്കം ചെയ്ത ശേഷം തറ, ഭിത്തി, സീലിംഗ്, തടി, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി വൃത്തിയാക്കാവുന്നതാണെന്ന് ഡിഎംഒ അറിയിച്ചു.

10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂണ്‍ സോപ്പുപൊടി /അലക്കുകാരം ചേര്‍ത്ത് നന്നായി ഇളക്കണം. ഈ ലായനി 10 മിനിറ്റ് തെളിയാന്‍ വയ്ക്കുക. മുകളിലെ തെളിഞ്ഞ ലായനി വൃത്തിയാക്കേണ്ട സ്ഥലങ്ങളില്‍ ഒഴിച്ച് 30 മിനിറ്റിന് ശേഷം സൂപ്പര്‍ക്ലോറിനേഷന്‍ ചെയ്ത ജലം ഉപയോഗിച്ച് വൃത്തിയാക്കുക. ഈ ലായനി ഉപയോഗിച്ച് വൈദ്യുത ഉപകരണങ്ങളും ലോഹഉപകരണങ്ങളും വൃത്തിയാക്കരുത്.

സ്‌കൂളിന്റെ മച്ചില്‍ അഭയം; രക്ഷക്കെത്തി മത്സ്യത്തൊഴിലാളികള്‍:  ഭീതി വിട്ടൊഴിഞ്ഞ് ഉഷആദ്യമഴയില്‍ ക്യാമ്പാക്കിയ സ്‌കൂളിന്റെ മച്ചില്‍ അഭയം തേടിയ അനുഭവമാണ് മല്ലപ്പുഴശ്ശേരി കല്ലാശാരിപ്പറമ്പില്‍ ഉഷയ്ക്കും കുടുംബത്തിനും പറയാനുള്ളത്. ഒടുവില്‍ രക്ഷക്കെത്തിയ  മത്സ്യത്തൊഴിലാളികളോടും സൈനികരോടുമുള്ള നന്ദിയും. മഴവെള്ളമിറങ്ങുമ്പോള്‍ ക്യാമ്പ് വിടാനിരിക്കുകയായിരുന്നു . പെട്ടെന്ന് വന്നെത്തിയ വെള്ളത്തിലാണ് എം ടി എല്‍ പി സ്‌കൂളിലെ ക്യമ്പ് മുങ്ങിയത്.  മുറ്റത്തെ വെള്ളം  ഉയര്‍ന്നു വന്നു എല്ലാവരും ക്ലാസുകളിലെ ഡസ്‌കുകള്‍ കയറിയിരുന്നു. വെള്ളം താഴും എന്നുകരുതിയെങ്കിലും  മെല്ലെമെല്ലെ ഡസ്‌കിനും മുകളിലേക്ക് ഉയര്‍ന്നു. ക്യമ്പിലുള്ളവര്‍ ഭയപ്പാടോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. രക്ഷക്കായി ഫോണില്‍ പലരുമായും ബന്ധപ്പെട്ടു. എന്നാല്‍ ആര്‍ക്കും അവിടേക്ക് പെട്ടെന്ന്          എത്താന്‍ സാധിക്കുന്ന സ്ഥിതിയായിരുന്നില്ല. സ്‌കൂളിന്റെ ഓഡിറ്റോറിയത്തിന് മുകളില്‍ ഡെസ്‌ക് ഇട്ടിട്ടുപോലും അവിടെയും വെള്ളം എത്തി. അതോടെ മരണം മുന്നില്‍ കണ്ടു. ഇനി ആകെയുള്ളത് സ്‌കൂളിന്റെ മച്ച് മാത്രമാണ്. ഡസ്‌കും ബഞ്ചും പൊളിച്ച് ഓരോരുത്തരായി  മച്ചിന് മുകളിലേക്ക് കയറി. എഴുപതോളം പേര്‍. അവര്‍ താഴേക്ക് നോക്കുമ്പോള്‍ താഴെ  ഡെസ്‌ക് കാണാന്‍ സാധിക്കാത്ത ഉയരത്തില്‍ വെള്ളം. ഇനി രക്ഷയില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍. മകനെയെങ്കിലും രക്ഷിക്കണം എന്നുറച്ച് ഉഷയും ഭര്‍ത്താവ് ഗിരീഷും ചേര്‍ന്ന് സ്‌കൂളിന്റെ ഉത്തരത്തില്‍ വളരെ ഉയരത്തില്‍ തൊട്ടില്‍ കെട്ടി മകനെ അതില്‍ കിടത്തി.അപ്പോഴാണ് ഏവര്‍ക്കും ആശ്വാസം പകര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷക്കെത്തുന്നത്. പിന്നീട് സ്‌കൂളിന്റെ ഓട് തകര്‍ത്ത് ഓരോരുത്തരും ബോട്ടുകളിലേക്ക്. കരക്കെത്തിയെങ്കിലും തകരുന്ന  വീടിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്ക. എന്നാല്‍ വീട് വാസയോഗ്യമാക്കാമെന്നും നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ പാഠപുസ്തകവുമെല്ലാം സൗജന്യമായി ലഭ്യാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പ് കിട്ടത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് ഉഷ പറഞ്ഞു.     മുഖ്യമന്ത്രി നിലവിലെ ക്യാമ്പായ തെക്കേമല എം ജി എംല്‍ എത്തിയോടെ ഇവരുടെ പ്രതീക്ഷ ഇരട്ടിച്ചു.

വീടുകള്‍ ശരിയാക്കാന്‍ നൈപുണ്യസേന തയ്യാര്‍പ്രളയബാധിത പ്രദേശങ്ങള്‍ ശുചിയാക്കാന്‍ കൈകോര്‍ത്ത് ഹരിതകേരളം മിഷനും ശുചിത്വമിഷനും. ജില്ലയിലെ ഐടിഐകളുടെ സഹകരണത്തോടെയാണ് ഓരോ വീടിനും ആവശ്യമായ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത്. ജില്ലയിലെ ഐടിഐ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ചേര്‍ത്ത് രൂപീകരിച്ച നൈപുണ്യസേന എന്ന സംഘമാണ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നത്.  വീടുകളുടെ ക്ലീനിംഗ് മുതല്‍ വയറിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ വരെ ഇവര്‍ കൃത്യതയോടെ ചെയ്ത് കൊടുക്കും. കഴിഞ്ഞദിവസം ചെന്നീര്‍ക്കര ഐടിഐയില്‍ ജില്ലയിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് ഐടിഐകള്‍ ചേര്‍ന്നാണ് നൈപുണ്യസേനയ്ക്ക് രൂപം നല്‍കിയത്. ഹരിതകേരളം മിഷന്റെ കീഴിലാണ് നൈപുണ്യസേനയുടെ പ്രവര്‍ത്തനം. ജില്ലയില്‍ എല്ലായിടത്തും നൈപുണ്യസേനയെ വിന്യസിക്കുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ് ലക്ഷ്യം. ഹരിതകേരളം, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശുചിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 

മെഡിക്കല്‍ ക്യാമ്പുകള്‍ സജീവമാക്കി ആരോഗ്യവകുപ്പ്പ്രളയദുരന്തമൊഴിഞ്ഞു. ഇനി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി ഊര്‍ജ്ജിത ശ്രമങ്ങളാണ് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. തികച്ചും സൗജന്യസേവനം ഉറപ്പാക്കുക മാത്രമല്ല പ്രളയത്തേക്കാള്‍ ദുരന്തമായേക്കാവുന്ന മാരകരോഗങ്ങളെ ചെറുക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ജില്ലയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘങ്ങളെയാണ് ജില്ലയിലൂടനീളം വിന്യസിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണ് മെഡിക്കല്‍ സംഘങ്ങളുടെ ഏകോപനം നടത്തുന്നത്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സഹകരണവും പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പറഞ്ഞു. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങികൊണ്ടിരിക്കുകയാണെങ്കിലും മെഡിക്കല്‍ സംഘം നിലവിലുള്ള ക്യാമ്പുകളിലെത്തി സേവനം ഉറപ്പാക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള 34 മെഡിക്കല്‍ സംഘവും പുറമേ നിന്നുള്ള സംഘങ്ങളും ആരോഗ്യസംരക്ഷണത്തിനായി രംഗത്തുണ്ട്. പുറമേ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രവര്‍ത്തനാനുമതി നിര്‍ബന്ധമാണ്. മെഡിക്കല്‍ സംഘത്തിന് ആവശ്യമായുള്ള മരുന്നുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ലഭ്യമാണ്. പുറമേ നിന്നുള്ള സംഘം വിതരണം ചെയ്യാനുള്ള മരുന്നുകള്‍ കൊണ്ടുവരണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള പ്രതിരോധ ഗുളികകള്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്കുള്ള കട്ടികൂടിയ ഗ്ലൗസുകള്‍, ബൂട്ടുകള്‍ എന്നിവ പഞ്ചായത്തുകളില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. മരുന്നുകള്‍ക്ക് പുറമേ ക്യാമ്പുകളില്‍ നിന്ന് വീടുകളിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ബ്ലീച്ചിംഗ് പൗഡര്‍, ബ്ലീച്ചിംഗ് ലായനി, ക്ലോറിന്‍ ടാബ്്‌ലെറ്റ് എന്നിവ കമ്യൂണിറ്റി സെന്ററുകളിലൂടെ ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്നുണ്ട്. ഇവയുടെ ഉപയോഗക്രമവും ആളുകള്‍ക്ക് വിശദമാക്കുന്നുണ്ട്. 

കാലിത്തീറ്റ, കച്ചി വിതരണംമൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ എന്നിവിടങ്ങളിലായി 21 ക്യാമ്പുകള്‍ ഇന്ന് നടക്കും. മൃഗങ്ങള്‍ക്കായുള്ള ചികിത്സ, കാലിത്തീറ്റ, കച്ചി  വിതരണം എന്നിവയായിരുക്കും ക്യാമ്പില്‍ നടക്കുക. നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ് നല്‍കിയ 10500 കിലോ കാലിത്തീറ്റ, കെ.എല്‍.ഡി ബോര്‍ഡ് വിതരണം ചെയ്യുന്ന ഒരു ലോഡ് കച്ചി എന്നിവ ക്യാമ്പിലൂടെ വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ 40 മൃഗസംരക്ഷണക്യാമ്പുകള്‍ നടത്തും. മറവ് ചെയ്യാനുള്ള    മൃഗങ്ങളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയക്കണം.

മൃഗങ്ങളെ സംസ്‌കരിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുകപ്രളയക്കെടുതിയില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടേയും പക്ഷികളുടേയും ജഡം കണ്ടെത്തിയാലുടന്‍ സംസ്‌കരിക്കണം. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് ഒഴിക്കുന്നതിന് വേണ്ടിയാണ് ഇത്. മാത്രമല്ല ജഡം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ സുരക്ഷാമാര്‍ഗങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ജഡം കണ്ടെത്തിയാലുടന്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ജഡം സംസ്‌കരിക്കുന്നതിന് മുന്‍പ് അംഗീകൃത വെറ്റനിറിനറി ഡോക്ടറുടെ നേതൃത്വത്തില്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ ഇയര്‍ ടാഗ് സൂക്ഷിക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്.

ജഡം സംസ്‌കരിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവര്‍ കൈയ്യുറകള്‍, മുഖാവരണം, വെള്ളം കയറാത്ത ഗംബൂട്ടുകള്‍ എന്നിവ ധരിക്കണം. ജഡം മറവ് ചെയ്യാനായി വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാം. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികമായത് കുഴിച്ചുമൂടലാണ്. മാത്രമല്ല, വെള്ളപ്പൊക്ക കെടുതിയില്‍ മരണപ്പെട്ട പക്ഷിമൃഗാദികളുടെ ജഡം ആന്തരിക പരിശോധനയ്ക്കായി തുറക്കാതിരിക്കുന്നതാണ് ഉത്തമം. ഒരു പ്രദേശത്ത് ചത്ത മൃഗങ്ങളെയെല്ലാം കൂടി ഒരുമിച്ചുള്ള കൂട്ടസംസ്‌കാരരീതി അവലംബിക്കുന്നതായിരിക്കും ഉത്തമം. ജഡം സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുമ്പോള്‍ കിണര്‍ മറ്റ് കുടിവെള്ള സ്രോതസുകള്‍ എന്നിവയില്‍ നിന്ന് 50 മീറ്റര്‍ അകലം പാലിക്കണം. പ്രാദേശിക ജലപീഠത്തില്‍ നിന്നും കുറഞ്ഞത് നാലടിയെങ്കിലും ഉയരത്തിലായിരിക്കണം. പ്രദേശത്തിലെ മണ്ണിലെ നിലിവിലത്തെ ജലവിതാനത്തിന് അനുസരിച്ച് കുഴിയുടെ താഴ്ച ക്രമപ്പെടുത്തുന്നതാണ് ഉത്തമം. മണ്ണില്‍ വെള്ളം ഊറി വരുന്നുണ്ടെങ്കില്‍ അധികം താഴ്ചയിലേക്ക് കുഴിക്കുന്നത് പ്രായോഗികമല്ല. കുഴിയെടുത്ത ശേഷം അതിന്റെ താഴെ മണ്ണ് മറയത്തക്കവിധത്തില്‍ കുമ്മായം വിതറിയ ശേഷം ജഡം കുഴിയില്‍ വയ്ക്കുക. അഞ്ച് ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് / കാസ്റ്റിക് സോഡ ജലത്തില്‍ എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ ആവശ്യമാണെങ്കില്‍ തളിക്കുക. അതിന് മുകളിലും ധാരാളമായി കുമ്മായമിട്ട് അതിന് മുകളില്‍ മണ്ണിടുക. ഇത്തരത്തില്‍ രണ്ട് തട്ടില്‍ കുമ്മായവും മണ്ണും മേല്‍ക്കുമേല്‍ ഇട്ട ശേഷം കുഴി മൂടുക. ജഡം കിടന്നിടത്തുള്ള മണ്ണും അതിനൊടൊപ്പം കുഴിച്ച് മുടുക. കുഴിക്ക് മുകളിലേക്ക് നിരപ്പില്‍ നിന്ന് ഏതാണ്ട് രണ്ടടി ഉയരത്തില്‍ മണ്‍കൂന കൂട്ടി കുഴിമുടല്‍ പൂര്‍ത്തിയാക്കണം. മറവ് ചെയ്ത ശേഷം കൈകാലുകള്‍ സോപ്പും അണുനാശിനിയും ചെറുചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.

മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍  രണ്ടു ദിവസത്തെ ശമ്പളം നല്‍കും

    മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ഒരു മാസത്തെ ഓണറേറിയവും ബോര്‍ഡ് ജീവനക്കാരുടെയും ബോര്‍ഡിന് കീഴിലെ എല്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും സ്പെഷ്യല്‍, എ, ബി ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെയും രണ്ട് ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ബോര്‍ഡിന് കീഴിലെ എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ നിന്നും പരമാവധി തുക സ്വരൂപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 22 ക്ഷേത്രങ്ങളില്‍ നിന്നായി അഞ്ചു ലക്ഷം രൂപ വീതവും രണ്ടു ക്ഷേത്രങ്ങളില്‍ നിന്ന് രണ്ടര ലക്ഷം രൂപ വീതവും 33 ക്ഷേത്രങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപ വീതവും മറ്റ് ക്ഷേത്രങ്ങള്‍ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് മുഖേന സംഭാവന നല്‍കും. എല്ലാ ക്ഷേത്രഭരണാധികാരികളും ജീവനക്കാരും തീരുമാനവുമായി സഹകരിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. ബോര്‍ഡ് സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റായ www.malabardevaswom. kerala.gov.in ല്‍ ലഭ്യമാണ്.

ഹോമിയോ പ്രതിരോധ മരുന്നുകളും ചികിത്സയും ലഭിക്കും

വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ മരുന്നുകളും ചികിത്സയും ജില്ലാ ഹോമിയോ സാംക്രമിക പ്രതിരോധ സെല്ലില്‍ ലഭിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.  ഈ അവസരത്തില്‍ മലിനജലം ധാരാളമായി ഉണ്ടാകാനിടയുള്ളതിനാല്‍ ജലജന്യരോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.  ഇതിനെ പ്രതിരോധിക്കുന്നതിനായി ബോധവല്‍ക്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളും  വകുപ്പു മുഖേന ലഭിക്കും.  സേവനം ആവശ്യമുള്ള ദുരന്തമേഖലയിലെ പഞ്ചായത്തുകള്‍ക്ക്  ജില്ലാ ഹോമിയോ  ഓഫീസറുമായി ബന്ധപ്പെടാം.  ഫോണ്‍: 9447688860, 9072615313.

മഴക്കെടുതി: തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാരം സപ്തംബര്‍ ആദ്യവാരത്തോടെ വിതരണം ചെയ്യും

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം സെപ്റ്റംബര്‍ ആദ്യ വാരത്തോടെ വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമി പൂര്‍ണമായും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. ഓരോ ആള്‍ക്കും എത്ര സെന്റ് സ്ഥലമാണ് നഷ്ടമായതെന്നതിനെ കുറിച്ചുള്ള കണക്കെടുപ്പ് വില്ലേജ് ഓഫീസര്‍മാര്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി.
മഴക്കെടുതിക്കിരയായവരെ പുനരധിവസിപ്പിക്കുന്നതില്‍ പ്രാദേശിക തലത്തില്‍ വിഭവസമാഹരണം നടത്തണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം കൊണ്ടുമാത്രം നികത്താന്‍ സാധിക്കാത്തത്ര ഭീമമായ നാശനഷ്ടങ്ങളാണ് ജില്ലയിലെ മലയോര മേഖലയില്‍ ഉണ്ടായിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നാം കാണിച്ച ഐക്യവും ഉല്‍സാഹവും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന 'കേരളത്തിനായി ഒരു മാസം' കാംപയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കേടുവന്ന കിണറുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി വരികയാണ്. ആവശ്യമായ ഇടങ്ങളില്‍ സൗജന്യമായി ജലപരിശോധന നടത്തുന്നതിനുള്ള സംവിധാനമൊരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. കെട്ടിടങ്ങളിലും റോഡുകളിലും വിള്ളല്‍ അനുഭവപ്പെട്ട നെല്ലിയോടി, ശാന്തിഗിരി പ്രദേശങ്ങളിലെ ആളുകളെ താല്‍ക്കാലികമായി ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ കുറച്ചുകാലത്തേക്ക് വാടകവീടുകളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും കലക്ടര്‍ പറഞ്ഞു. ഭൂമിയിലെ വിള്ളലിനെ കുറിച്ച് ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസമാവാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിനെ സമീപിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ റോഡുകള്‍ക്ക് 183.79 കോടിയുടെ നഷ്ടവും 20 പാലങ്ങള്‍ തകര്‍ന്ന വകയില്‍ 40.89 കോടിയുടെ നഷ്ടവുമുണ്ടായി. 26 കോടിയുടെ കൃഷി നാശമാണ് ജില്ലയില്‍ പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ഇതിനകം 113 വീടുകള്‍ പൂര്‍ണമായും 2625 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഈ കാലവര്‍ഷത്തില്‍ ആകെ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 20 പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. വീടുകള്‍ക്കും മറ്റുമുണ്ടായ നാശ നഷ്ടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി 1.85 കോടി രൂപ താലൂക്കുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1.3 കോടി രൂപ ഇതിനകം വിതരണം ചെയ്തതായും കലക്ടര്‍ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ക്രിസ്ത്യൻ കോളജിലെ ലക്ചറർ മുറിയിൽ സർവസജ്ജമായ ആരോഗ്യ പരിചരണം

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജിലെ ലക്ചറർ മുറിയിൽ ഇപ്പോൾ ഒരുക്കിയിട്ടുള്ളത് ഒരു ചെറിയ ആശുപത്രിയാണ്. നാട്ടിലെ ചെറിയ നഴ്‌സിങ് ഹോമിലുള്ള എല്ലസൗകര്യങ്ങളും അവിടെ ലഭ്യമാണ്. മൂന്നു ഡോക്ടർമാരുടെയും രണ്ടു നഴ്‌സുമാരുടെയും രണ്ടു  ഫാർമസിസ്റ്റുകളുടെയും സേവനം 24 മണിക്കൂർ ഇവിടെ ലഭ്യമാണ്.

ചെങ്ങന്നൂർ ഗവ. ആശുപത്രിയിലെ ഡോ.ഷിനുവിനാണ് ഇവിടുത്തെ ചുമതല. ഇഞ്ചക്ഷൻ സൗകര്യം ഉൾപ്പെടെയുള്ളവ ഇവിടെ ലഭ്യമാണ്. മിക്കവാറും രോഗങ്ങൾക്കുള്ള മരുന്നുകളും ആവശ്യത്തിനു കരുതലായുണ്ട്. രണ്ടു നിലകളിലായുള്ള ക്യാമ്പായതിനാൽ ധാരാളം രോഗികളാണ് ഇവിടെ ചികത്സ തേടിയെത്തുന്നത്.

പരിമിതമായ സ്ഥലം മാത്രമുള്ള ഹോമിയോ ക്ലിനിക്കും മികച്ച സേവനമാണ് നൽകി വരുന്നത്. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ പരിചരണം നൽകുന്നതിനൊപ്പം മണ്ഡലത്തിലെ  12 പഞ്ചായത്തുകളിലും ഹോമിയോ വകുപ്പിന്റെ സേവനമെത്തിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളിലായി പ്രതിദിനം 50ലേറെ ഹോമിയോ മെഡിക്കൽ ക്യാമ്പുകളാണ് നടത്തിവരുന്നതെന്ന് ക്യാമ്പിന്റെ ചുമതലക്കാരി ഡോ. പ്രീത നായർ പറഞ്ഞു. ക്യാമ്പിലും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന  രോഗികളുടെ എണ്ണവും കൂടുതലാണിവിടെ. ആവശ്യത്തിനുള്ള മരുന്നുകൾ കരുതലായി സൂക്ഷിച്ചിട്ടുണ്ട്.


സങ്കടക്കെട്ടഴിച്ച് മോളിയും കാർത്ത്യായനിയും

ചെങ്ങന്നൂർ:  കേവലം 10 മിനിട്ടിൽ താഴെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്കൊപ്പം ചെലവിട്ടുള്ളുവെങ്കിലും ഈ ജന്മത്തിലെ മുഴുവൻ സങ്കടങ്ങളും ആ ചെറിയ സംഭാഷണത്തിനുള്ളിൽ മോളി ചെല്ലപ്പനും കാർത്യായനിയും പങ്കു വച്ചു. തങ്ങളുടെ എല്ലാം വെള്ളമെടുത്ത പോയത് പറയുമ്പോൾ മോളിയും കാർത്യായനിയും കരച്ചിലടക്കാൻ പാടുപ്പെട്ടു.

കഴുത്തറ്റം വെള്ളം വന്നു. ജീവിതത്തിനും മരണത്തിനുമിടയിലായ തങ്ങളെ ആ കയത്തിൽ നിന്ന് രക്ഷിച്ച മത്സ്യതൊഴിലാളികളോടുള്ള കടപ്പാടും അവർ മറച്ചുവച്ചില്ല. ക്യാമ്പിൽ തങ്ങളുടെ ജീവിതം അല്ലലൊന്നുമില്ലാത്തതാണെന്ന് ഇരുവരും പറഞ്ഞു. എന്നാൽ തിരിച്ചു ചെല്ലുമ്പോൾ വീടിന്റെ അവസ്ഥയെന്തെന്നോർത്താണ് ദുഖം.

മഹാപ്രളയത്തെ അതിജീവിച്ച ഓരോരുത്തർക്കും പുതിയ ജീവിതം കരുപിടിപ്പാക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും നഷ്ടപ്പെട്ട വീട് വീണ്ടെടുത്തുനൽകുമെന്നും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.

മോളിക്കും കാർത്യായനിക്കുമൊപ്പം ക്രിസ്ത്യൻ കോളജിലെ വലിയ ഹാളിൽ കഴിയുന്ന ഓരോരുത്തരും ഈ വാക്കുകളിൽ പ്രചോദിതരായെന്ന് അവരുടെ വിടർന്ന മുഖങ്ങൾ സാക്ഷി. ക്യാമ്പങ്ങളുമായി ഇരുന്ന് സംസാരിക്കാൻ മുഖ്യമന്ത്രിക്ക് കസേരയും മൈക്കും തയ്യാറാക്കിയിരുന്നെങ്കിലും അനിയന്ത്രിതമായ തിരക്ക്മൂലം അതിന് സാധ്യമായില്ല.

കടലിന്റെ മക്കളാണ് ഞങ്ങളുടെ രക്ഷകരെന്ന് ക്യാമ്പാംഗങ്ങൾ

ചെങ്ങന്നൂർ: കൊല്ലത്തുനിന്നും വന്ന മത്സ്യതൊഴിലാളികളാണ് ഞങ്ങളെ ഇന്ന് ഇവിടെയത്തിച്ചത്. ശരിക്കും ദൈവത്തിന്റെ പ്രതിപുരുഷന്മാർ. ട്രോളിങ് പോലുള്ള ക്ഷാമകാലത്ത് ഇനി അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ  ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ശ്രീലേഖയും രമ്യയും സുജയും ഇതു പറയുമ്പോൾ കുടെയുള്ളവർ ഇത് അടിവരയിടുന്നു. തങ്ങളെ സന്ദർശിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട്  സങ്കടങ്ങൾ എണ്ണിയെണ്ണി പറയുമ്പോഴും കടലിന്റെ മക്കളുടെ മഹാത്മ്യം വിശദീകരിക്കാൻ അവർ മറന്നില്ല.

വെള്ളം പൊങ്ങി  പൊങ്ങി വരവെ ആദ്യം കട്ടിലിന്റെ മുകളിലും പിന്നെ അതിനു മുകളിലായിട്ട് മേശയിലുമായി നിർത്തിയാണ് വീട്ടിലെ പുരുഷന്മാർ തങ്ങളെ കാത്തത്. ഒടുവിൽ വെള്ളം വന്നു കഴുത്തറ്റം  നിൽക്കുന്ന വേളയിലാണ് രക്ഷകരെത്തിയത്. ഒരു ദിവസം കൂടി ആ നില്പ് തുടർന്നിരുന്നെങ്കിൽ  തങ്ങളാരും ഈ ഭൂമിയിൽ  അവശേഷിക്കുകയില്ലായിരുന്നെന്ന് ശ്രീലേഖ സാക്ഷ്യപ്പെടുത്തുന്നു.

വെള്ളമുയർന്ന്  ഒരു ഗതിയുമില്ലാതെ നിൽക്കുമ്പോഴാണ് പുരുഷന്മാർ ടെറസിന് മുകളിലേക്ക് മാറ്റിയത്. മൂന്നു ദിവസം നരകയാതനയായിരുന്നു. ഒടുവിൽ നേവിയെത്തും മുന്നെ തങ്ങളെ ആശ്വാസ തീരത്ത് എത്തിച്ചത് മത്സ്യതൊഴിലാളികളായിരുന്നുവെന്ന്  മുണ്ടകൻ കാവ് സ്വദേശി സുജ പറയുന്നു.  45 പേരാണ് സുജയുടെ വീടിന് മുകളിൽ  ഇത്തരത്തിൽ നൂൽപാലത്തിൽ മൂന്നുദിവസം കഴിച്ചുകൂട്ടിയത്.

രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളുടെ സേവനം ഓർമിക്കുമ്പോൾ കൈ കൂപ്പിയാണ് ഓരോരുത്തരും നന്ദി അറിയിക്കുന്നത്. ഊരും പേരും അറിയാത്ത ഞങ്ങളെ രക്ഷിക്കാനെത്തിയ ദൈവദൂതരായി ചിലരവരെ വിശേഷിപ്പിച്ചു. ഒടുവിൽ സ്‌നേഹസമ്മാനവുമായി നൽകിയ പണവും ദുരിതബാധിതർക്കായി ചെലവഴിക്കാൻ പറഞ്ഞ  മത്സ്യത്തൊഴിലാളികളുടെ വിശാലമനസ്‌കത വിശദീകരിക്കുമ്പോൾ ദുരിതബാധിതർക്ക് നൂറുനാവായിരുന്നു. തങ്ങളിന്നു ജീവിക്കുന്നുവെങ്കിൽ അതിനു കാരണം  ആ മത്സ്യതൊഴിലാളികളാണ്. ഇനി അവരുടെ ദുരിതാകാലങ്ങളിൽ തങ്ങളും അവർക്കൊപ്പമുണ്ടാകുമെന്ന് ദൃഡനിശ്ചയം ചെയ്തു. വീടും സർവ്വവും നഷ്ടപ്പെട്ടെങ്കിലും ക്യാമ്പിൽ പരമസുഖമാണെന്ന് അവർ പറയുന്നു.

സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.ഞങ്ങൾക്കാ ഉറപ്പിൽ വിശ്വാസമുണ്ട്. രണ്ടു നിലകളിലായി ആയിരത്തോളം പേരുണ്ടിവിടെ. പുറത്തു നിന്ന് വരുന്ന സഹായങ്ങൾ പലപ്പോഴും മുകളിലെ നിലയിലുള്ളവർക്ക് കിട്ടാതെ പോകുന്നതിൽ ഇവർക്ക് ദുഖമുണ്ട്.

പ്രളയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുംകൊച്ചി: മഴ കെടുതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതിന് സജ്ജീകരണമായി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി.വൈ ജില്ലാ കിയോസ്‌ക് വഴി സ്മാര്‍ട്ട് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക് കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാവുന്നതാണ്. ഇതിനായി റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതിന്റെ ഒരു കോപ്പിയുമായി  നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ അംഗമായിട്ടുള്ള ഒരാള്‍ നേരിട്ട് എത്തിയാല്‍ മതിയാകും.

ആര്‍.എസ്.ബി.വൈ കാര്‍ഡ് നഷ്ടപ്പെട്ട്  ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഇല്ലാതെയും ചികിത്സ  ലഭ്യമാക്കുന്നതിന് ചിയാക്കില്‍ നിന്നും ആശുപത്രികള്‍ക്കും  ഇന്‍ഷുറന്‍സ് കമ്പനിക്കും വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)  അറിയിക്കുന്നു. ടോള്‍ ഫ്രീ നമ്പര്‍:  1800 200 2530, ജില്ലാ കിയോസ്‌ക്: 9037362588.

കുട്ടനാടിലെ കാലികൾക്ക്  തീറ്റയും ചികിൽസയുമൊരുക്കി മൃഗസംരക്ഷണ വകുപ്പ്

പമ്പിങ് സബ്‌സിഡി: വിതരണം;

കരാറുകാർ രേഖകൾ ഹാജരാക്കണം


ആലപ്പുഴ: പുഞ്ച സ്‌പെഷൽ ഓഫീസിൽ പമ്പിങ് സ്ബസിഡി  വിതരണം ചെയ്യുന്നതിനായി പാടശേഖര പമ്പിങ് കരാറുകാർ  രേഖകൾ ഹാജരാക്കണം. കഴിഞ്ഞ മാർച്ച്  വരെ ബി ഫാറം സമർപ്പിച്ചിട്ടുള്ള കരാറുകർ, കരാർ, പാൻകാർഡ് ,  ബാങ്ക് പാസ് ബുക്ക് എന്നിവ ഓഗസ്റ്റ് 31ന് മുമ്പ് ഹാജരാക്കി പണം കൈപ്പറ്റണമെന്ന്  പുഞ്ച സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു


ആലപ്പുഴ: കുട്ടനാടിന്റെ അടുത്ത ദൗത്യം എന്ന നിലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ. ഉടമകൾ വീട് വീട്ടപ്പോൾ അനാഥരായ കാലികൾക്കും മൃഗങ്ങൾക്കും ഭക്ഷണവും സംരക്ഷണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സംഘങ്ങൾ കർമനിരതരാണ്. കുട്ടനാട് താലൂക്കിലെ വൈശ്യംഭാഗം ചതുർഥ്യാകരി, ചെമ്പുപുറം, കൈനകരി, ചേറ്റുപുറം, പുളിങ്കുന്ന്, മങ്കൊമ്പ്, തകഴി, ചെക്കിടിനാട് എന്നിവിടങ്ങളിലുള്ള 556 കന്നുകാലികൾക്ക് ആവശ്യമായ തീറ്റയും 52 കന്നുകാലികൾക്ക് ചികിത്സയും നൽകി.

 മഴക്കെടുതിക്ക് ശേഷം വളർത്തുമൃഗങ്ങളെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങൾക്കെതിരെ വകുപ്പ് ചികിൽസയും ഒരുക്കിയിട്ടുണ്ട്. അകിടുവീക്കം, കുളമ്പുരോഗം, കുരലടപ്പൻ, ടെറ്റനസ്, ആട് വസന്ത, എന്ററോടോക്‌സിമിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയക്ക് സാധ്യതയുണ്ട്.  അകിടുവീക്കം മാരകമായ രോഗമാണ്. രോഗത്തിന്റെ ലക്ഷണങ്ങൾ അകിടിനും പാലിനും വരുന്ന മാറ്റം, അകിടിൽ തടിപ്പ്, കല്ലിപ്പ്, ചുടും നിറമാറ്റവും, ഉൽപാദനത്തിൽ പെട്ടെന്നുള്ള  കുറവ്, പാലിന്റെ നിറത്തിലും കട്ടിയിലും ഉള്ള മാറ്റം, തിളപ്പിക്കുമ്പോൾ പിരിഞ്ഞുപോകൽ എന്നിവയാണ്. ലക്ഷണം പ്രകടിപ്പിച്ചാൽ ഒട്ടും താമസിയാതെ ഡോക്ടറുടെ സേവനം തേടണമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ ലക്ഷണം ഇല്ലെങ്കിലും എല്ലാ പശുക്കളുടെയും പാൽ സി.എം.ടി ടെസ്റ്റിന് വിധേയമാക്കണം. കുളമ്പുരോഗങ്ങൾ ഉൾപ്പെടെ മറ്റു രോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ് നൽകുകയും മൃഗങ്ങളെ ഈർപ്പം ഇല്ലാത്തിടത്തു നിർത്തി തോർത്തികൊടുക്കയും ചെയ്യണം. തൊഴുത്തിലേക്ക് മഴചാറ്റ് അടിക്കാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം.

 കുളമ്പുരോഗങ്ങൾക്ക് ഉരുക്കളുടെ കാലുകൾ ആഴ്ചയിൽ രണ്ടു തവണയെങ്കിലും അഞ്ചു ശതമാനം തുരിശ് ലായനിയിൽ 20 മിനിറ്റ് മുക്കിവയ്ക്കണം. മുറിവുകളിൽ ഈച്ച വന്നിരുന്ന് അണുബാധ ഉണ്ടാകുന്നത് ഒഴിവാക്കാൻ  കാലുകളിൽ, കുളമ്പുകളോടു ചേർന്ന് വേപ്പെണ്ണയോ, ഈച്ചയെ അകറ്റി നിർത്താനുള്ള ലേപനങ്ങളോ പുരട്ടണം. കൂടാതെ കന്നുകാലികൾക്ക് ശുദ്ധജലം നൽകണം. കന്നുകാലികൾക്ക് പുല്ലോ, വയ്ക്കലോ ഒന്നു രണ്ട്  ദിവസം നൽകിയതിന് ശേഷം മാത്രമേ കാലിത്തീറ്റ പോലുള്ള ആഹാരങ്ങൾ നൽകാവുവെന്ന് വകുപ്പ് പറയുന്നു.

സാന്ദ്ര ആഹാരങ്ങൾ നൽകി തുടങ്ങുമ്പോൾ ദിവസം രണ്ട് സ്പുൺ വീതം അപ്പക്കാരം തീറ്റയിൽ ചേർത്ത് നൽകുന്നത് അഭികാമ്യമാണ്. ധാതുലവണ മിശ്രിതം നൽകിയാൽ രോഗ പ്രതിരോധ ശക്തിയും ഉൽപാദന ക്ഷമതയും ഉണ്ടാകുമെന്ന് വെറ്ററിനറി സൂപ്രണ്ട് അറിയിച്ചു. വെറ്റിനറി സീനിയർ സൂപ്രണ്ട് ഡോ. ബീന ദിവാകറിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരായ ഡോ. വിവേക്, ഡോ. അനീഷ് ബഷീർ, ഡോ. സംഗീത് നാരായണൻ  ഡോ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

ചെറുപയറിനും വെളിച്ചെണ്ണയ്ക്കും റവയ്ക്കും ക്യാമ്പുകളിൽ ആവശ്യം ഏറെ

ആലപ്പുഴ: ജില്ലയിൽ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങളുടെ പട്ടികയിൽ കൂടുതൽ ആവശ്യം ചെറുപയറും വെളിച്ചെണ്ണയും റവയും. രാവിലെ ഉപ്പുമാവും ചെറുപയർകറിയുമാണ് പ്രധാന വിഭവം. ഇടയ്ക്ക് പഴവുമുണ്ടാകും. ഉച്ചയ്ക്കു ചോറും സാമ്പാറും കറികളും.രാത്രി ചെറുപയറും കഞ്ഞിയും ഉൾപ്പടെ ആരോഗ്യസമ്പുഷ്ടമാണ് ക്യാമ്പിലെ വിഭവങ്ങൾ.

സാധനങ്ങളൊന്നും പുറത്തു നിന്നു വാങ്ങേണ്ടതില്ലെന്നതാണ് പ്രധാനം. വിവിധയിടങ്ങളിൽ നിന്ന് സഹായമായി ലഭിക്കുന്നവയാണിതൊക്കെ. ജില്ലയിലെ അഞ്ചു പ്രധാന സംഭരണശാലകളിൽ എത്തുന്ന സാധനങ്ങൾ ഓരോ ക്യാമ്പിലേയും ആവശ്യമനുസരിച്ച് വിതരണം ചെയ്യുകയാണ്. ഉടനെ തന്നെ മൊബൈൽ ആപ് വഴി ആവശ്യമുള്ള സാധനങ്ങളുടെ വിവരമറിയിച്ചാൽ സാധനങ്ങൾ ക്യാമ്പിലെത്തിക്കാൻ നടപടി ആയിവരികയാണ്. ഇതോടെ സാധനങ്ങൾ അന്വേഷിച്ചു ഓടിനടക്കേണ്ട അവസ്ഥയുമില്ലാതാകും.

കുട്ടനാട് ഒഴികെയുള്ള ചേർത്തല, അമ്പലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപള്ളി  താലൂക്കുകളിലാണ് ക്യാമ്പുകൾ. ഇതിൽ മാവേലിക്കര, കാർത്തികപള്ളി താലൂക്കുകളിൽ സാധനങ്ങളൊന്നും വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്യാമ്പുുകൾ ഒരാഴ്ചയ്ക്കുള്ള വിഭവങ്ങളുടെ പട്ടികയാണ് ഇപ്പോൾ കളക്ട്രേറ്റിൽ അറിയിച്ചിട്ടുള്ളത്.

ചേർത്തല ക്യാമ്പിലേക്ക് വേണ്ട സാധനങ്ങൾ: ചെറുപയർ 100 കിലോ, മുളക് പൊടി 100 കിലോ, മല്ലിപ്പൊടി 100 കിലോ, ഉപ്പ് 200 കിലോ, വെളിച്ചെണ്ണ 2000 കിലോ, കായം 200 പാക്കറ്റ്, സാമ്പാർ പൊടി 1000 പാക്കറ്റ്, മസാലപ്പൊടി  300 പാക്കറ്റ്, റവ 7500 കിലോ , പഞ്ചസാര 1000 കിലോ, കടല 300 കിലോ, പരിപ്പ് 300 കിലോ, പച്ചക്കറി ഒരു ലോഡ്, വൻപയർ 300 കിലോ, തെയില  100 കിലോ,  പുളി 250 കിലോ.

കുട്ടനാട് വാസികൾ ഉൾപ്പെടെ കഴിയുന്ന അമ്പലപ്പുഴ താലൂക്കിൽ വേണ്ടത്:  അരി 1000 കിലോ, ചെറുപയർ 1000 കിലോ, മുളക് പൊടി 100 കിലോ, മഞ്ഞൾപ്പൊടി 100 കിലോ,വെളിച്ചെണ്ണ 1000 കിലോ, കടുക്  250 പാക്കറ്റ്, ചുവന്നുള്ളി 200 കിലോ, സാമ്പാർ പൊടി, മസാലപ്പൊടി, രസപ്പൊടി 500 പാക്കറ്റ് വ്ീതം, റവ 7500 കിലോ, പഞ്ചസാര 1500 കിലോ, ഉലുവ 100 കിലോ, ഉരുളക്കിഴങ്ങ് 200 കിലോ ,സവാള 200 കിലോ, വൻപയർ 300 കിലോ, തെയില 500 കിലോ,  വെള്ളം 1000 ലിറ്റർ, പരിപ്പ് 1000 കിലോ, ശർക്കര 500 കിലോ,തുണി നനയ്ക്കുന്ന സോപ്പ് , കുളിക്കുന്ന സോപ്പ്, ബ്രഷ് എന്നിവ 2000 എണ്ണം വീതം, പേപ്പർ ഗ്ലാസ്, പ്ലേറ്റ് 5000 എ്ണ്ണം, ബ്ലീച്ചിങ് പൗഡർ 1000 കിലോ, ലോഷൻ 1000 ലിറ്റർ, കൊതുക് തിരി 500 എണ്ണം.

അമ്പലപ്പുഴ ക്യാമ്പിൽ നൈറ്റി, ലുങ്കി,  സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അടിവസ്ത്രങ്ങൾ ,ബെഡ്ഷീറ്റ്,ഷർട്ട് എന്നിവ 2000 വീതവും ആവശ്യമുണ്ട്. ചെങ്ങന്നൂരിൽ: ചെറുപയർ 1000 കിലോ, മുളക് പൊടി 100 കിലോ, മഞ്ഞൾപ്പൊടി 25 കിലോ, വെളിച്ചെണ്ണ 2000 കിലോ, മല്ലിപ്പൊടി 100 കിലോ,ഉപ്പ് 500 കിലോ, വെളിച്ചെണ്ണ 2000 കിലോ, കടുക് 10 കിലോ,കായം 5 കിലോ, സേമിയ 500 പാക്കറ്റ്, വെളുത്തുള്ളി 100 കിലോ, ചുവന്നുള്ളി 300 കിലോ, സാമ്പാർ പൊടി 2000 പാക്കറ്റ്, മസാലപ്പൊടി 1000 പാക്കറ്റ്, രസ്പ്പൊടി 500 പാക്കറ്റ്, പഞ്ചസാര 500 കിലോ,റവ 5000 കിലോ, ഉലുവ 10 കിലോ എന്നിങ്ങനെയാണ് ആവശ്യങ്ങളുടെ പട്ടിക.

ക്യാമ്പ് വിടുന്നവർക്ക് ഓണക്കിറ്റ് സമ്മാനമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന എസ്.ഡി.കോളജ് സംഭരണകേന്ദ്രത്തിലെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരുമായി ധനമന്ത്രി ടി.എം.തോമസ് ഐസക് ബുധനാഴ്ച സംവദിച്ചു. സംഭരണ കേന്ദ്രത്തിലെത്തിയ മന്ത്രി ക്യാമ്പങ്ങളുടെ യോഗം ചേരുകയും പ്രവർത്തിക്കേണ്ട രീതി സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു. വരുന്ന സാധനങ്ങൾ എത്രയും പെട്ടെന്ന് വേർതിരിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കണം. എന്നിട്ട് മാത്രമേ വിതരണം നടക്കൂ. കൂടാതെ ക്യാമ്പുകളിലെ ആവശ്യത്തിനുസരിച്ച് കാലതാമസം വരാതെ സാധനങ്ങൾ യഥാസമയം വിതരണം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിലുള്ളവർ വിട്ടുപോകാൻ തുടങ്ങുമ്പോൾ അവർക്ക് ഒരു ഓണക്കിറ്റ് തയ്യാറാക്കി നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രഥമഘട്ടത്തിൽ 25000 കിറ്റുകൾ തയ്യാറാക്കണം. ഇത് വോളണ്ടിയർമാരുടെ വലിയ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. അത് ചിലപ്പോൾ 50000 വരെ വേണ്ടിവരും. ക്യാമ്പ് വിട്ടുപോകുമ്പോൾ ബ്ലീച്ചിങ് പൗഡർ, നീറ്റുകക്ക, ഗ്ലൗസ്, ക്ലോറിൻ ടാബ് ലറ്റ് എന്നിവ ആവശ്യത്തിന് എത്തിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് അദ്ദേഹം ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ഐഡന്റിററി കാർഡ് നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. സംഭരണകേന്ദ്രത്തിലേക്കുള്ള പ്രവേശനം കാർഡ് മുഖാന്തിരം ആകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലയിൽ 699 ക്യാമ്പുകളിൽ 83593 കുടുംബങ്ങളിലെ 308628 പേർ
ആലപ്പുഴ: ജില്ലയിൽ ആകെ 699 ക്യാമ്പുകളിലായി 83593 കുടുംബങ്ങളിലെ 308628 പേർ. രാത്രി ഏഴിനുള്ള കണക്കു പ്രകാരമാണിത്. ആകെ 57 ഭക്ഷണകേന്ദ്രങ്ങളിലായി 3103 കുടുംബങ്ങളിലെ 11704 പേരുമുണ്ട്.

അമ്പലപ്പുഴയിൽ 103 ക്യാമ്പുകളിലായി 14519 കുടുംബങ്ങളിലെ 58678 പേരാണുള്ളത്. ചേർത്തലയിൽ 97 ക്യാമ്പുകളിൽ  24892 കുടുംബങ്ങളിലെ 84435 പേരും മാവേലിക്കരയിൽ 83 ക്യാമ്പുകളിലായി 6121 കുടുംബങ്ങളിലെ 22464 പേരും കുട്ടനാട് താലൂക്കിനായുള്ള അമ്പലപ്പുഴയിലെ  54 ക്യാമ്പുകളിലായി 6477 കുടുംബങ്ങളിലെ 26054 അംഗങ്ങളമുണ്ട്.

ചെങ്ങന്നൂരിൽ 213 ക്യാമ്പുകളിലായി 15557 കുടുംബങ്ങളിലെ 54502 പേരാണുള്ളത്. കാർത്തികപ്പള്ളി താലൂക്കിൽ 149 ക്യാമ്പുകളിലെ 16027 കുടുംബങ്ങളിലുള്ള 62495 പേരുണ്ട്. മാവേലിക്കര താലൂക്കിൽ പ്രവർത്തിക്കുന്ന 25 ഭക്ഷണ വിതരണ കേന്ദ്രങ്ങളെ 1103 കുടുംബങ്ങളിലെ 4492 പേരും കാർത്തികപള്ളിയിൽ 32 ഭക്ഷണ കേന്ദ്രങ്ങളിലായി  2000 കുടുംബങ്ങളിലെ  7212 പേരും ആശ്രയിക്കുന്നു.

വീടുകൾ വൃത്തിയാക്കുന്നതിന് പ്രഥമ പരിഗണന-മന്ത്രി തോമസ് ഐസക്ധനമന്ത്രി ടി.എം.തോമസ് ഐസക് ആലപ്പുഴ എസ്.ഡി.കോളജിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സംഭരണ- വിതരണ കേന്ദ്രം ബുധനാഴ്ച രാവിലെ  സന്ദർശിച്ചു.

വലിയതോതിലുളള വിഭവസമാഹരണത്തിന് സംസ്ഥാനം ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.വസ്തുവകകൾക്കൊപ്പം ടുറിസം, കൃഷി മേഖലയിലെ

 വരുമാനനഷ്ടം എന്നിവ കൂടി പരിഗണിക്കുമ്പോൾ ഇതുവരെയുള്ള നാശനഷ്ടങ്ങളുടെ കണക്ക് ഉയരും. സംസ്ഥാനം ജി.എസ്.ടി. കൗൺസിലിന്റെ സഹായവും തേടും. കേരളം മുമ്പൊന്നും കാണാത്തവിധത്തിലുള്ള ഐക്യമാണ് ഇപ്പോൾ ലോകത്തിന് മുമ്പിൽ കാണിച്ചത്. ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം ധാരാളമായി വരുന്നുണ്ട്. യു.എ.ഇ 700 കോടി രൂപ വാഗ്ദാനം ചെയ്തു. കൂടാതെ മറ്റ് സംസ്ഥാനങ്ങളുടെ സഹായമായി 163 കോടി രൂപ ഇപ്പോൾ ലഭിച്ചു. അധിക സഹായത്തിന് പലരും തയ്യാറായി മുന്നോട്ടു വരുന്നതായും അദ്ദേഹം പറഞ്ഞു.  ആലപ്പുഴ എസ്.ഡി.കോളജിലെ പ്രധാന സംഭരണ വിതരണകേന്ദ്രം സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വെള്ളമിറങ്ങുന്നതോടെ ജലഗതാഗതം പുന:സ്ഥാപിക്കും

ആലപ്പുഴ: വെള്ളമിറങ്ങുന്നതോടെ ജല ഗതാഗതം പുനസ്ഥാപിക്കുമെന്ന് ജലഗാതഗത വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ബോട്ട് ജെട്ടികളെല്ലാം മുങ്ങിപ്പോയതോടെ ബോട്ടുകളൊന്നും ഓടാത്ത സ്ഥിതിയാണുള്ളത്. വെള്ളമുയർന്നതിനാലും  ശക്തമായ അടിയൊഴുക്ക് ഉള്ളതിനാലും ബോട്ടുകൾ ഓടിക്കാനാവില്ലെന്നും വകുപ്പ് വ്യക്തമാക്കി.ഏറെയാത്രക്കാരുണ്ടായിരുന്ന കുട്ടനാട് ഇപ്പോൾ യാത്രക്കാരുടെ എണ്ണവും ശുഷ്‌കമാണ്.

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: കേരളം പ്രളയത്തെ അതിജീവിക്കുന്നു
കേരളം പ്രളയത്തെ അതിജീവിക്കുന്നു
https://2.bp.blogspot.com/-0o9K82lm2DI/W3-kGfNdvQI/AAAAAAAAGPs/ZzjvrEeRYc4BCMHNj3xPb8EgX_gDK6e5wCLcBGAs/s640/38845791_2101391803513763_7190963245753040896_n.jpg
https://2.bp.blogspot.com/-0o9K82lm2DI/W3-kGfNdvQI/AAAAAAAAGPs/ZzjvrEeRYc4BCMHNj3xPb8EgX_gDK6e5wCLcBGAs/s72-c/38845791_2101391803513763_7190963245753040896_n.jpg
Kayamkulam Online
https://www.kayamkulamonline.com/2018/08/kerala-survives-worst-floods-and-coming.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/08/kerala-survives-worst-floods-and-coming.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy