ഏതു നന്മയെയും എവിടെനിന്നും സ്വീകരിക്കാനും ആരെയും ഒഴിവാക്കാതെ ചേര്‍ത്തു നിര്‍ത്താനുമുളള ഭാരതത്തിന്റെ സഹജാവബോധത്തെ മൂന്നു മിനിറ്റ്കൊണ്...
ഏതു നന്മയെയും എവിടെനിന്നും സ്വീകരിക്കാനും ആരെയും ഒഴിവാക്കാതെ ചേര്‍ത്തു നിര്‍ത്താനുമുളള ഭാരതത്തിന്റെ സഹജാവബോധത്തെ മൂന്നു മിനിറ്റ്കൊണ്ടു ലോകത്തെ ബോദ്ധ്യപ്പെടുത്തിയ വൈജ്ഞാനിക പ്രതിഭാസമായിരുന്നു സ്വാമി വിവേകാനന്ദനെന്ന് ചരിത്രകാരനും ഏജീസ് ഓഫീസ് മുന്‍ ഓഡിറ്ററുമായ ഡോ. കെ. ബാലകൃഷ്ണപിളള അഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണത്തിന്റെ 125-ാം വാര്‍ഷികവും അനുസ്മരണവും അനുബന്ധിച്ച് 'സ്വാമി വിവേകാനന്ദന്: സമന്വയത്തിന്റെ ദര്‍ശനം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടിഞ്ഞാറിനും കിഴക്കിനുമിടയില്‍ ആശയ സമന്വയത്തിന്റെയും ആദാനപ്രദാനങ്ങളുടെയും രാജപാതയൊരുക്കുന്നതില് വിവേകാനന്ദന് വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ചിക്കാഗോ പ്രസംഗം അതിന്റെ മാനിഫെസ്റ്റോയാണ്. കേരള നവോത്ഥാനത്തിന്റെ ദീപം പകര്‍ന്നതും വിവേകാനന്ദനാണ്. നവോത്ഥാന നായകനായി ശ്രീനാരായണ ഗുരുവിനെപ്പോലെ ഒരു ആത്മീയാചാര്യനെ കണ്ടെത്താന്‍ ഡോ. പല്പുവിനെ ഉപദേശിച്ചത് വിവേകാനന്ദനാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
മാന്നാര്‍ നായര്‍ സമാജം ടി. ടി. ഐയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സ്മിത എസ്സ്. പിളള ആദ്ധ്യക്ഷം വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. രാധാകൃഷ്ണന് ദീപപ്രോജ്വാലനം നിര്‍വ്വഹിച്ചു.
വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഹരികുമാര്‍ ഇളയിടത്ത് ആമുഖ പ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക പുരസ്കാരം ജേതാവും എഴുത്തുകാരനുമായ മാങ്കുളം ജി. കെ. നമ്പൂതിരി വിഷയാവതാരണം നടത്തി.
പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച സ്വാമി 'വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണങ്ങള്‍' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് ഡോ. ഓ. ജയലക്ഷ്മി, ഡോ. കെ. ബാലകൃഷ്ണപിളള എന്നിവര്‍ ചേര്‍ന്ന് ശ്യാമ ജി കൃഷ്ണന്, അശ്വതി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കു നല്കി പ്രകാശനം ചെയ്തു. പ്രൊഫ. എം. എന്‍. ശ്രീകണ്ഠന് പുസ്തക പരിചയം നിര്‍വ്വഹിച്ചു.
ശ്യാമ ജി കൃഷ്ണന്, ഫാത്തിമ റഷീദ്, രശ്മി ആര്, ഷെമ മോള്, കാതറിന് പീറ്റര്‍, ഗണേശ് നമ്പൂതിരി, പിഎസ്സ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
COMMENTS