http://rebuild.kerala.gov.in ല്‍ നാടിനായി കൈകോര്‍ക്കാം പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ...
http://rebuild.kerala.gov.in ല്‍ നാടിനായി കൈകോര്‍ക്കാം
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഇതോടെ ലോകത്തെവിടെ നിന്നും rebuild.kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റായ കെ. പി. എം. ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. പോര്‍ട്ടല്‍ തയ്യാറാക്കിയ കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബില്യണ്‍ ലൈവ്സാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മുഖേന നടപ്പാക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികള്‍, വ്യവസായ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് താല്പര്യമുള്ള പദ്ധതികള്‍ തിരഞ്ഞെടുത്ത് സംഭാവന നല്‍കാനും സ്പോണ്സര് ചെയ്യാനും സാധിക്കും. കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസപോണ്‍സിബിലിറ്റി (സി. എസ്. ആര്) സ്കീമില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
പദ്ധതികളുടെ വിശദാംശങ്ങള്‍ ഫോട്ടോ സഹിതം പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വര്‍ച്വല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പോര്‍ട്ടലില്‍ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താനാവും. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഇത് സുതാര്യത ഉറപ്പാക്കും. ഫണ്ട് ചെയ്യപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തും. ഭാവിയില്‍ പദ്ധതിയുടെ നടത്തിപ്പ് ബ്ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സോഷ്യല്‍ മോണിറ്ററിംഗിന് വിധേയമാക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്നോളജി പ്രൊമോഷന് സെല്‍ അംഗീകരിച്ച വിശ്വാസ്യതയുള്ള ഏജന്സികളെയാവും വിവിധ പുനര്‍നിര്‍മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുക.
കേരളം ഏറെ പ്രാധാന്യം നല്കുന്ന തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബി. എം. ടി. പി. സി അംഗീകരിച്ച സ്ഥാപനങ്ങളെയാവും ചുമതലപ്പെടുത്തുക. ഇവരുടെ നിര്‍മാണ രീതിയുടെ വിശ്വാസ്യത സര്‍ക്കാര്‍ ഉറപ്പാക്കും. ശബരിമലയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ പ്രോജക്റ്റ്സിനൊപ്പം വിശ്വാസ്യതയുള്ള മറ്റു സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികളാവും അവലംബിക്കുക.
ആദ്യ ഘട്ടത്തില്‍ വീടുകള്‍, ശബരിമല, സ്കൂളുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. പിന്നീട് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തും. റീബില്‍ഡ് കേരള സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറായി ബ്രോഷര്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോര്‍ട്ടല്‍ സംബന്ധിച്ച് പി. ആര്. ഡി തയ്യാറാക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മെഹ്ത്ത, പി. എച്ച്. കുര്യന്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. വി. വേണു, മനോജ് ജോഷി, പി. ആര്. ഡി സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
COMMENTS